ജലപാത വികസനം: സര്‍ക്കാറും സിയാലും കൈ കോര്‍ക്കുന്നു

Posted on: September 19, 2017 6:29 am | Last updated: September 18, 2017 at 11:36 pm
SHARE

തിരുവനന്തപുരം: കോവളം മുതല്‍ കാസര്‍കോട് വരെ ഉള്‍നാടന്‍ ജലപാത വികസിപ്പിക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാറും കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും ചേര്‍ന്ന് പ്രത്യേക ഉദ്ദേശ്യ കമ്പനി രൂപവത്കരിക്കും. കമ്പനിയുടെ 49 ശതമാനം വീതം ഓഹരികള്‍ സംസ്ഥാന സര്‍ക്കാറും സിയാലും വഹിക്കും. ബാക്കി രണ്ട് ശതമാനം ചെറുകിട നിക്ഷേപകര്‍ക്ക് അനുവദിക്കും.

ഉള്‍നാടന്‍ ജലപാതയിലൂടെ യാത്രക്കാരുടെയും വലിയ തോതിലുള്ള ചരക്കുകളുടെയും നീക്കം സുഗമമാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി പ്രധാന ടൂറിസം, വാണിജ്യ കേന്ദ്രങ്ങളില്‍ ബോട്ട് ജെട്ടികള്‍, ഹോട്ടലുകള്‍, ഷോപ്പിംഗ് കേന്ദ്രങ്ങള്‍ തുടങ്ങിയവ നിര്‍മിക്കും. ടൂറിസം പാക്കേജുകള്‍ ഏറ്റെടുത്ത് നടത്താനും ഉദ്ദേശ്യമുണ്ട്.

സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് ഈ പദ്ധതി ഉപകരിക്കും. 2020ല്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
അഭിമാനാര്‍ഹമായ നേട്ടമാണ് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ സിയാല്‍ കൈവരിച്ചത്. സിയാലും ഉപകമ്പനിയായ കൊച്ചിന്‍ ഡ്യൂട്ടി ഫ്രീ ആന്‍ഡ് റീട്ടെയില്‍ സര്‍വീസ് ലിമിറ്റഡും ചേര്‍ന്ന് 669.09 കോടി രൂപ മൊത്തവരുമാനം നേടി. 179.45 കോടി രൂപയാണ് സിയാലിന്റെ ലാഭം. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൊച്ചി വിമാനത്താവളത്തിലൂടെ കടന്നുപോയ യാത്രക്കാരുടെ എണ്ണം 89.4 ലക്ഷമാണ്. മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ 15.06 ശതമാനവും ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ 25.99 ശതമാനവുമാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വളര്‍ച്ച.
2003- 04 സാമ്പത്തികവര്‍ഷം മുതല്‍ കമ്പനി മുടങ്ങാതെ ലാഭവിഹിതം നല്‍കിവരുന്നു. ഇത്തവണ കൂടിയാകുമ്പോള്‍ മൊത്തം 203 ശതമാനം ലാഭവിഹിതം ഓഹരിയുടമകള്‍ക്ക് ലഭിക്കും. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പുതിയ രാജ്യാന്തര ടെര്‍മിനല്‍ പ്രവര്‍ത്തനം തുടങ്ങാനായി. ദേശീയ പാതയില്‍ നിന്നുള്ള 4.3 കി. മി റോഡ് നാല് വരിയായി വികസിപ്പിച്ചു. ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായി മാറിയ സിയാലിന്റെ സൗരോര്‍ജ സ്ഥാപിത ശേഷി 23.2 മെഗാവാട്ടായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. വിമാനത്താവളത്തിന്റെ തെക്ക് ഭാഗത്തുകൂടിയുള്ള കനാലിന്റെ മുകളില്‍ 5.9 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയായി വരുന്നു. സൗരോര്‍ജ പ്ലാന്റിന്റെ മൊത്തം ശേഷി 40 മെഗാവാട്ടായി ഉയര്‍ത്താനാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.

കൊച്ചി വിമാനത്താവളം കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. 7500 പേര്‍ നിലവില്‍ വിമാനത്താവളത്തില്‍ ജോലി ചെയ്യുന്നു. അനുബന്ധ മേഖലകളിലായി 10,000 ത്തിലധികം പേര്‍ ജോലിചെയ്യുന്നു. ഇതുവഴി സിയാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളില്‍ ഒന്നായി മാറിയിട്ടുണ്ട്.
സിയാല്‍ ഓഹരിയുടമകള്‍ക്ക് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 25 ശതമാനം ലാഭവിഹിതം നല്‍കാനുള്ള ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശക്ക് യോഗം അംഗീകാരം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here