ഖത്വര്‍ മരുഭൂമിയില്‍ സോളാര്‍ പാടമൊരുങ്ങുന്നു

Posted on: September 18, 2017 9:15 pm | Last updated: September 18, 2017 at 9:15 pm

ദോഹ: രാജ്യത്തെ ഏറ്റവും വലിയ സോളാര്‍ പാടം തുടങ്ങാന്‍ സര്‍ക്കാറിന്റെ പദ്ധതി. 2020ല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന സൗരോര്‍ജ പാടത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. ഇത് 500 മെഗാവാട്ടായി വര്‍ധിപ്പിക്കാനുള്ള പദ്ധതിയുമുണ്ട്. മരൂഭൂമിയിലെ സോളാര്‍പാടത്തിനായി അധികൃതര്‍ ഭൂമി അനുവദിച്ചിട്ടുണ്ട്. ഹരിത സമ്പദ്‌വ്യവസ്ഥ, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ച് യു കെയിലെ മുന്‍നിര വെബ്‌സൈറ്റായ ബിസിനസ്ഗ്രീന്‍.കോം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഖീരി ആക്ടിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മര്‍വാന്‍ ഖരൈശിഹുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട്.

പദ്ധതി നടപ്പാക്കി ഒരു വര്‍ഷത്തിനകം ഖത്വര്‍ മരുഭൂമിയിലെ ഒരു ചതുരശ്ര കിലോമീറ്ററില്‍ നിന്ന് 15 ലക്ഷം ബാരല്‍ എണ്ണക്ക് തുല്യമായ സൗരോര്‍ജം ലഭിക്കുമെന്നാണ് ഖീരിയുടെ കണക്കുകൂട്ടല്‍. മരുഭൂമിയിലെ പൊടിപടലവും കൊടുംചൂടുമാണ് സൗരോര്‍ജത്തിന്റെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ തടസ്സമാകുന്ന പ്രധാന രണ്ട് വെല്ലുവിളികള്‍. വേനല്‍ക്കാലങ്ങളില്‍ സോളാര്‍ പാനലുകളുടെ അടിയിലെ ചൂട് 75 ഡിഗ്രി വരെയെത്തും. ഇത് പാനലുകളുടെ ഊര്‍ജ കാര്യക്ഷമതയെ ബാധിക്കുന്നതാണ്. വിപുലമായ രീതിയില്‍ പാനലുകള്‍ സ്ഥാപിക്കാനുള്ള രീതികളാണ് തങ്ങള്‍ വികസിപ്പിക്കുന്നതെന്ന് ഖരൈശിഹ് പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരുഭൂമിയില്‍ സോളാര്‍പാടങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അമേരിക്കയുടെ തെക്കന്‍ ഭാഗങ്ങളിലും മിഡില്‍ ഈസ്റ്റ്, വടക്കന്‍ ആഫ്രിക്ക മേഖലകളിലും സോളാര്‍ പാടങ്ങള്‍ മരുഭൂമിയില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഇവയുടെ ശേഷി ഏതാനും മെഗാവാട്ടില്‍ ഒതുങ്ങിയിരിക്കുകയാണ്.

പാനലുകളിലെ പൊടിപടലങ്ങള്‍ വൃത്തിയാക്കാന്‍ വലിയ അളവില്‍ വെള്ളവും ആവശ്യമാണ്. പാനലുകള്‍ പരമാവധി തണുപ്പിച്ച് നിര്‍ത്തിനുള്ള സംവിധാനവും ഒരുക്കും. പൊടി, ചൂട്, വെള്ളം തുടങ്ങിയ വെല്ലുവിളികള്‍ മറികടക്കുന്നതിന് ഖീരിയിലെ നൂറിലേറെ ഖത്വരി, വിദേശ ജീവനക്കാര്‍ ശ്രമിക്കുകയാണ്. 35000 ചതുരശ്ര മീറ്ററില്‍ സോളാര്‍ പരീക്ഷണ സൗകര്യവും ഖീരി ഏര്‍പ്പെടുത്തിയിട്ടുണ്ട്. 27 കമ്പനികളില്‍ നിന്നുള്ള പാനലുകളാണ് പരിശോധിക്കുന്നത്. 50 പാനലുകളില്‍ നിന്ന് 200 കിലോവാട്ട് ഉത്പാദിപ്പിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യകളും പരിശോധിക്കുന്നു. പൊടിയില്‍ നിന്ന് പാനലുകളെ സംരക്ഷിക്കുന്ന പതിനാറ് തരം കോട്ടിംഗും ഗ്ലാസും പരീക്ഷിക്കുന്നുണ്ട്. അതേസമയം ഇതുവരെ ഒരു സാങ്കേതികവിദ്യയും പൂര്‍ണമായി യാഥാര്‍ഥ്യമായില്ല. ഖത്വര്‍ ഫൗണ്ടേഷന്റെ നിക്ഷേപം വലിയയളവില്‍ സഹായിച്ചിട്ടുണ്ടെന്ന് ഖീരി അധികൃതര്‍ പറയുന്നു.

അന്താരാഷ്ട്ര സൗരോര്‍ജ പരീക്ഷണ കണ്‍സോര്‍ഷ്യം ആരംഭിക്കാനും ഖീരി പദ്ധതിയിട്ടിട്ടുണ്ട്. സ്വിറ്റ്‌സര്‍ലാന്‍ഡ്, ജര്‍മനി കമ്പനികളുമായും പങ്കാളിത്തമുണ്ട്.