അനധികൃത വെബ്‌സൈറ്റുകള്‍ക്കെതിരെ നടപടി

Posted on: September 18, 2017 7:14 pm | Last updated: September 18, 2017 at 7:14 pm

ദുബൈ: അനധികൃത സ്‌പെഷലൈസ്ഡ് കോഴ്‌സുകള്‍ നടത്തിവന്ന വെബ്‌സൈറ്റ് ദുബൈ സാമ്പത്തിക വകുപ്പ് (സിസിസിപി)അടപ്പിച്ചു. വെബ്‌സൈറ്റ് ഉടമകള്‍ക്കും ഇവരുടെ പരിപാടിക്ക് വേദിയൊരുക്കിയ ഹോട്ടലിനെതിരെയും പിഴ അടക്കമുള്ള നടപടികള്‍ സ്വീകരിച്ചു.

മതിയായ അനുവാദം വാങ്ങാതെയാണ് ഈ വെബ്‌സൈറ്റ് പ്രവര്‍ത്തിച്ചിരുന്നത്. വിവിധ കോഴ്‌സുകള്‍ക്ക് ആളുകളെ ക്ഷണിക്കുകയും കോഴ്‌സു പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ടിഫിക്കറ്റുകള്‍ നല്‍കുമെന്നും അറിയിച്ചിരുന്നു. വെബ്‌സൈറ്റ് അനധികൃതമാണെന്നും കോഴ്‌സുകള്‍ക്കും നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് യാതൊരു യോഗ്യതയുമില്ലെന്നും കണ്ടെത്തി.

ഏതാണ്ട് 600 കോഴ്‌സുകളാണ് വെബ്‌സൈറ്റ് വാഗ്ദാനം ചെയ്തിരുന്നത്. ഇതിന് എല്ലാത്തിനും കൂടി 33 ദശലക്ഷം ഫീസ് ഈടാക്കിയിരുന്നു.
ഇകൊമേഴ്‌സ് വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സിസിസിപിയിലെ കോമേഴ്‌സ്യല്‍ കോംപ്ലയന്‍സ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് അനധികൃത കോഴ്‌സുകള്‍ നടത്തുന്ന വെബ്‌സൈറ്റ് കണ്ടെത്തിയത്. എത്രയും പെട്ടെന്ന് വെബ്‌സൈറ്റിന്റെ ഉള്ളടക്കം നീക്കം ചെയ്യാന്‍ അധികൃതര്‍ ഉത്തരവിട്ടു.
വെബ്‌സൈറ്റിനെക്കുറിച്ച് യാതൊരു അന്വേഷണവും നടത്താതെയാണ് ഹോട്ടല്‍ ഇവരുടെ പരിപാടി സംഘടിപ്പിച്ചതെന്നതിനാലാണ് അവര്‍ക്കെതിരെ നടപടിയുണ്ടായതെന്ന് ഇലക്ട്രോണിക് കോംപ്ലയന്‍സ് വിഭാഗം തലവന്‍ മഹിര്‍ അല്‍ മര്‍സൂഖി പറഞ്ഞു. തങ്ങളുടെ നടപടി മൂലം ഒട്ടേറെ പേരുടെ പണം നഷ്ടപ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.