നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

  • നടി കാവ്യാമാധവനെ നിലവില്‍ പ്രതിചേര്‍ത്തിട്ടില്ലെന്ന് പ്രോസിക്യൂഷന്‍.
Posted on: September 18, 2017 4:24 pm | Last updated: September 18, 2017 at 6:55 pm

കൊച്ചി: കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയുടെ മൊഴി വിശദമായി പരിശോധിക്കുമെന്ന് പൊലീസ്. ചോദ്യം ചെയ്യലില്‍ നാദിര്‍ഷ എല്ലാ വിവരങ്ങളും പറയുന്നില്ല. പല വിവരങ്ങളും നാദിര്‍ഷ ഒളിച്ചുവെക്കുകയാണെന്നും പൊലീസ് പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ചോദ്യം ചെയ്യാന്‍ പരിമിതികളുണ്ടെന്നും പൊലീസ് പറഞ്ഞു. പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് അടുത്ത തിങ്കളാഴ്ച്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.

അതേസമയം കേസില്‍ കാവ്യ മാധവനെ നിലവില്‍ പ്രതിചേര്‍ത്തിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസില്‍ സാക്ഷിയാണോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. കാവ്യ മാധവന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച്ച പരിഗണിക്കും. ജാമ്യാപേക്ഷയില്‍ ഹൈക്കോടതി പ്രോസിക്യൂഷന്റെ നിലപാട് തേടി. ഒരാഴ്ച്ചയ്ക്കകം പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.