Connect with us

Kerala

നാടകീയ നീക്കങ്ങള്‍; വേങ്ങരയില്‍ കെഎന്‍എ ഖാദര്‍ യുഡിഎഫ് സ്ഥാനാര്‍ഥി

Published

|

Last Updated

 

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ കെഎന്‍എ ഖാദര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് ഖാദറിന്റെ പേര് പ്രഖ്യാപിച്ചത്. പാണക്കാട്ട് ചേര്‍ന്ന ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തന് ശേഷം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് തീരുമാനം പ്രഖ്യാപിച്ചത്. നേരത്തെ, യുഎ ലത്വീഫ് സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍, യുഎ ലത്വീഫ് മലപ്പുറം ജില്ലാ സെക്രട്ടറി സ്ഥാനം നല്‍കാനാണ് തീരുമാനം. ഇന്ന് രാവിലെ കെഎന്‍എ ഖാദര്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

സ്ഥാനാര്‍ഥി പട്ടികയില്‍ മുന്‍പന്തിയിലുണ്ടായിരുന്ന മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദ് ഇന്നലെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ട് മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചിരുന്നു. പാര്‍ട്ടി അണികളുടെ കടുത്ത വിമര്‍ശനത്തെ തുടര്‍ന്നായിരുന്നു പിന്മാറ്റം. വേങ്ങര ഉള്‍ക്കൊള്ളുന്ന മഞ്ചേരി പാര്‍ലിമെന്റ് മണ്ഡലത്തിലും നിയമ സഭയിലേക്ക് ലീഗിന്റെ സ്വന്തം സീറ്റുകളില്‍ പോലും പരാജയം ഏറ്റു വാങ്ങുകയും ചെയ്ത, പൊതു സമൂഹത്തില്‍ സ്വീകാര്യതയില്ലാത്ത മജീദിനെ മത്സരിപ്പിക്കേണ്ടെന്ന അഭിപ്രായവുമായി നിരവധി പേരാണ് രംഗത്ത് വന്നത്. ഇതിന് പുറമെ ഭൂരിഭാഗം സുന്നികളുള്ള വേങ്ങര മണ്ഡലത്തില്‍ സലഫി ആശയക്കാരനായ മജീദിനെ മത്സരിപ്പിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്നും ആശങ്കയുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ തുറന്നടിച്ച യൂത്ത് ലീഗ് ദേശീയ നേതാവും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ അംഗവുമായ എന്‍ എ കരീമിനെതിരെ പാര്‍ട്ടി നടപടിയുമെടുത്തു. ഇതിന് തൊട്ടു പിറകെയാണ് കെപിഎ മജീദിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ശബ്ദം ശക്തമായത്.

 

 

Latest