രാത്രിയാത്രാ നിരോധം: നിലപാടില്‍ അയവ് വരുത്താതെ കര്‍ണാടക വനം വകുപ്പ്

Posted on: September 18, 2017 6:53 am | Last updated: September 17, 2017 at 11:54 pm

ബെംഗളൂരു: ബന്ദിപ്പൂര്‍ വഴിയുള്ള ദേശീയപാതയിലെ രാത്രിയാത്രാ നിരോധം നീക്കുന്നതിനെതിരെ നിലപാട് കര്‍ക്കശമാക്കി കര്‍ണാടക വനം വകുപ്പ്. കൂടുതല്‍ വനമേഖലകള്‍ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇളവ് നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് കര്‍ണാടക വനം വകുപ്പിന്റെ നിലപാട്. നിരോധം നീക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാറുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നുവെങ്കിലും തുടര്‍നടപടിയുണ്ടായില്ല. ഇതേ ആവശ്യമുന്നയിച്ച് 2010ലും 2015ലും കര്‍ണാടക സര്‍ക്കാറുമായി കേരള പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും അനുകൂല നടപടി സ്വീകരിക്കാന്‍ കര്‍ണാടക തയ്യാറായിട്ടില്ല.

വനം വകുപ്പിന്റെ ശക്തമായ എതിര്‍പ്പാണ് കാരണം. രാത്രിയാത്രാ നിരോധം സംബന്ധിച്ച് മൂന്ന് നിര്‍ദേശങ്ങളാണ് അന്ന് കേരളം മുന്നോട്ടുവെച്ചിരുന്നത്. രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെയുള്ള യാത്രാ നിരോധം രാത്രി പത്ത് മുതല്‍ രാവിലെ അഞ്ച് വരെയാക്കി കുറക്കുക, കോണ്‍വോയ് അടിസ്ഥാനത്തില്‍ ആറ് ഗ്രൂപ്പുകളായി വാഹനങ്ങളെ കടത്തിവിടുക, രാത്രി സര്‍വീസ് നടത്തുന്ന ബസുകളുടെ എണ്ണം വര്‍ധിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് കേരളം മുന്നോട്ടുവെച്ചത്. ഈ നിര്‍ദേശങ്ങള്‍ തന്നെ വീണ്ടും ഉന്നയിക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം. കോണ്‍വോയ് അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ കടത്തിവിടുന്നതിന് ജീവനക്കാരില്ലെന്നാണ് സര്‍ക്കാറിനെ വനം വകുപ്പ് അറിയിച്ചത്. 2015ല്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയില്‍ ബദല്‍പാതയെന്ന നിര്‍ദേശം അംഗീകരിച്ച സാഹചര്യത്തില്‍ നിരോധം നീക്കണമെന്ന ആവശ്യത്തിന് പ്രസക്തിയില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രശ്‌നത്തില്‍ ഇരു സംസ്ഥാനങ്ങളും ചര്‍ച്ച നടത്തി പ്രായോഗിക പരിഹാരം കാണണമെന്നും ഇക്കാര്യം അറിയിക്കണമെന്നും സുപ്രീം കോടതി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, ഇതിനായി വിദഗ്ധ സമിതി രൂപവത്കരിച്ചുവെന്നല്ലാതെ ചര്‍ച്ചകളൊന്നും നടന്നില്ല. 2009ല്‍ രാത്രിയാത്ര നിരോധിച്ചത് മുതല്‍ ഇളവിനായി കേരള സര്‍ക്കാര്‍ പലതവണ കര്‍ണാടക സര്‍ക്കാറിനെ സമീപിച്ചിരുന്നു. നിരോധത്തെ തുടര്‍ന്ന് ബദല്‍പാതയായ കുട്ട- ഗോണികുപ്പ- മാനന്തവാടി റോഡ് നവീകരിച്ചിട്ടുണ്ടെന്ന വാദവും കര്‍ണാടകം ഉന്നയിക്കുന്നു.
എന്നാല്‍, ബന്ദിപ്പൂര്‍ വഴിയുള്ള ദേശീയപാത ഒഴിവാക്കിയുള്ള യാത്രക്ക് രണ്ട് മണിക്കൂര്‍ അധികം വേണം. വന്യമൃഗങ്ങളുടെ സഞ്ചാരത്തിന് കോട്ടം വരാത്ത തരത്തില്‍ ഗതാഗതത്തിനുള്ള അവസരമുണ്ടാക്കണമെന്നാണ് ആവശ്യം. നിരോധനം ഒഴിവാക്കുന്നത് സംബന്ധിച്ച ചര്‍ച്ചക്ക് ഗതാഗത മന്ത്രി തോമസ് ചാണ്ടിയെയാണ് ചുമതലപ്പെടുത്തിയത്. കര്‍ണാടകവുമായി ധാരണയിലെത്താതെ സുപ്രീം കോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന് നിയമ വിദഗ്ധര്‍ പറയുന്നു.