പുരുഷന്‍മാര്‍ക്കും വേണം ‘പ്രസവാവധി’

Posted on: September 18, 2017 12:10 am | Last updated: September 17, 2017 at 11:50 pm

ന്യൂഡല്‍ഹി: ശിശു പരിചരണത്തില്‍ പിതാക്കളുടെ പങ്കിന് ഔദ്യോഗിക അംഗീകാരം ഉറപ്പാക്കണമെന്ന ലക്ഷ്യവുമായി സ്വകാര്യ ബില്‍ വരുന്നു. സ്വകാര്യ, സംഘടിത, അസംഘടിത മേഖലകളിലടക്കം എല്ലാ വിഭാഗങ്ങളിലും ജോലി ചെയ്യുന്ന മുഴുവന്‍ പുരുഷന്‍മാക്കും ശിശു പരിചരണത്തിന് അവധി ഉറപ്പാക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന ബില്ലാണ് അടുത്ത പാര്‍ലിമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുന്നത്. മാതാവിനും പിതാവിനും കുഞ്ഞിന്റെ പരിചരണത്തില്‍ തുല്യ പങ്കാളിത്തമാണുള്ളതെന്നും വനിതകള്‍ക്ക് പ്രസവാവധി നല്‍കുന്നതുപോലെ പെറ്റേണിറ്റി അവധിയും നല്‍കണമെന്നും ബില്ലില്‍ പറയുന്നു. കോണ്‍ഗ്രസ് അംഗം രാജീവ് സതാവ് ആണ് സ്വകാര്യ ബില്ലുമായി എത്തുന്നത്. ശിശുവിന്റെ പരിചരണത്തില്‍ പിതാവ് ഏറെ സമയം ചെലവിടുകയും മാനസിക സമ്മര്‍ദം അനുഭവിക്കുകയും ചെയ്യുന്നുണ്ടെന്ന് രാജീവ് ചൂണ്ടിക്കാട്ടുന്നു.

ബില്‍ അംഗീകരിക്കപ്പെടുകയാണെങ്കില്‍ സ്വകാര്യ, അസംഘടിത മേഖലയിലെ 32 കോടി പുരുഷന്‍മാര്‍ക്ക് അതിന്റെ ഗുണം ലഭിക്കും. അഖിലേന്ത്യാ, സെന്‍ട്രല്‍ സിവില്‍ സര്‍വീസ് ചട്ടമനുസരിച്ച് കേന്ദ്ര ജീവനക്കാര്‍ക്ക് ഇപ്പോള്‍ 15 ദിവസത്തെ പെറ്റേണിറ്റി അവധിയുണ്ട്. രണ്ട് കുട്ടികള്‍ വരെ സംസ്ഥാന ജീവനക്കാര്‍ക്ക് പത്ത് ദിവസം ദിവസം പെറ്റേണിറ്റി അവധി നല്‍കി വരുന്നുണ്ട്. ചില കോര്‍പറേറ്റ് സ്ഥാപനങ്ങളും ഇത്തരത്തില്‍ അവധി നല്‍കുന്നുണ്ട്. മുഴുവന്‍ മേഖലയിലെയും തൊഴിലാളികള്‍ക്ക് മതിയായ അവധി ഉറപ്പ് വരുത്തുകയാണ് ബില്ലിന്റെ ലക്ഷ്യം. ആദ്യത്തേയും രണ്ടാമത്തേയും കുഞ്ഞിന്റെ കാര്യത്തില്‍ പിതാവിന് 15 ദിവസത്തിനും മൂന്ന് മാസത്തിനും ഇടയില്‍ ദിവസങ്ങള്‍ പെറ്റേണല്‍ അവധിക്ക് അര്‍ഹതയുണ്ടെന്നാണ് ബില്ലിലെ താത്പര്യം. ഇതില്‍ ഏഴ് ദിവസം പ്രതീക്ഷിത പ്രസവ ദിവസത്തിന് മുമ്പായിരിക്കണം. വാടക ഗര്‍ഭപാത്രം വഴി അച്ഛനാകുന്നവര്‍ക്കും കുഞ്ഞിനെ ദത്തെടുക്കുന്നവര്‍ക്കും ഇത് ബാധകമാക്കണം. പിതാവിനുള്ള ആനുകൂല്യങ്ങള്‍ക്കായി പെറ്റേണിറ്റി ബെനിഫിറ്റ് സ്‌കീം തുടങ്ങണമെന്നും ബില്ലില്‍ നിഷ്‌കര്‍ഷയുണ്ട്.
കുഞ്ഞിന്റെ ജനനത്തിന് പിറകേ ഓരോ പിതാവും രണ്ടോ അതിലധികമോ ആഴ്ച അവധിയെടുക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് രാജീവ് സതാവ് പറയുന്നു. സ്ത്രീ- പുരുഷ ബന്ധത്തില്‍ ഗുണപരമായ മാറ്റമുണ്ടാക്കാന്‍ ഈ നിര്‍ദേശത്തിന് സാധിക്കുമെന്നും അദ്ദേഹം പറയുന്നു. ഈ വര്‍ഷം ആദ്യം മെറ്റേണിറ്റി ബെനിഫിറ്റ് ബില്‍ (ഭേദഗതി) 2016 ലോക്‌സഭയില്‍ പാസ്സാക്കിയിരുന്നു. ഇതുപ്രകാരം ആദ്യത്തെ രണ്ട് കുട്ടികളുടെ കാര്യത്തില്‍ പ്രസവാവധി 12 ആഴ്ചയില്‍ നിന്ന് 26 ആഴ്ചയായി വര്‍ധിച്ചു. ഈ ബില്ലിന്റെ ചര്‍ച്ചാ വേളയില്‍ പിതാവിന്റെ അവകാശങ്ങള്‍ നിരവധി അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രി മേനകാ ഗാന്ധിയും ഇത്തരമൊരു നിയമനിര്‍മാണത്തെ അനുകൂലിച്ചിരുന്നു.