മ്യാന്‍മറില്‍ യു എന്‍ സേനയെ വിന്യസിക്കണം: മുസ്‌ലിം ജമാഅത്ത്‌

Posted on: September 17, 2017 11:56 pm | Last updated: September 17, 2017 at 11:56 pm
കേരള മുസ്‌ലിം ജമാഅത്ത് കോഴിക്കോട് സംഘടിപ്പിച്ച ‘സമാഗമം 17’ല്‍ സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സംസാരിക്കുന്നു

കോഴിക്കോട്: ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയവും വംശീയവുമായ ധ്രൂവീകരണം സൃഷ്ടിച്ച് രാജ്യത്തെ ശിഥിലമാക്കാന്‍ നടക്കുന്ന നീക്കങ്ങളെ പ്രതിരോധിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഐക്യപ്പെടണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് കോഴിക്കോട് സംഘടിപ്പിച്ച ‘സമാഗമം 17’ ആവശ്യപ്പെട്ടു. അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവാദങ്ങളെ വിവേകപൂര്‍വം വിലയിരുത്തി നിലപാടുകള്‍ രൂപപ്പെടുത്തുന്നതിനു പകരം വൈകാരികമായ പ്രതികരണങ്ങളിലൂടെ ശത്രുക്കള്‍ക്ക് ആയുധം നല്‍കുന്ന സമീപനം പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂ. മ്യാന്‍മറിലെ റോഹിംഗ്യയില്‍ വംശീയ ഉന്മൂലനം തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ റോഹിംഗ്യന്‍ ജനതയുടെ രക്ഷക്കു വേണ്ടി യു എന്‍ സേനയെ വിന്യസിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ‘സമാഗമം 17’ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഖലീലുല്‍ ബുഖാരി, സെക്രട്ടറിമാരായ സി മുഹമ്മദ് ഫൈസി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി വിഷയാവതരണം നടത്തി.
സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, തെന്നല അബൂ ഹനീഫല്‍ ഫൈസി, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, എ പി അബ്ദുല്‍ കരീം ഹാജി ചാലിയം, എന്‍ അലി അബ്ദുല്ല, അബ്ദുറശീദ് നരിക്കോട് പ്രസംഗിച്ചു. പ്രൊഫ. കെ എം എ റഹീം സ്വാഗതവും അഡ്വ. എ കെ ഇസ്മാഈല്‍ വഫ നന്ദിയും പറഞ്ഞു.