Connect with us

Kerala

നിരപരാധിത്വം തെളിയിക്കാനുള്ള കാര്യങ്ങള്‍ പോലീസിനോട് അറിയിച്ചിട്ടുണ്ടെന്ന് നാദിര്‍ഷാ

Published

|

Last Updated

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ ഷായുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. താനും ദിലീപും കേസില്‍ നിരപരാധികളാണെന്ന് ആലുവ പോലീസ് ക്ലബില്‍ നിന്ന് പുറത്തുവന്ന നാദിര്‍ ഷാ പറഞ്ഞു. നിരപരാധിത്വം തെളിയിക്കാനുള്ള കാര്യങ്ങള്‍ പോലീസിനു മുമ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിനെതിരെ മൊഴി നല്‍കാന്‍ തനിക്ക് പോലീസിന്റെ ഭാഗത്തുനിന്ന് സമ്മര്‍ദ്ദമുണ്ടായിട്ടില്ല.

ചോദ്യം ചെയ്യല്‍ സൗഹാര്‍ദ്ദപരമായിരുന്നുവെന്നും ഇക്കാര്യങ്ങളെല്ലാം കോടതിയെ അറിയിക്കുമെന്നും നാദിര്‍ ഷാ പറഞ്ഞു.പള്‍സര്‍ സുനിക്ക് പണം നല്‍കിയെന്ന ആരോപണത്തില്‍, കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് വ്യക്തത വരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. താന്‍ പള്‍സറിനെ വിളിച്ചിട്ടില്ല. അയാളുമായി നേരിട്ട് ബന്ധമില്ല. പള്‍സറുമായി ബന്ധമില്ലെന്നു പോലീസിനു മുന്നില്‍ വ്യക്തമാക്കി. ഇനി തീരുമാനിക്കേണ്ടത് പോലീസും കോടതിയുമാണ്. ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങിയ നാദിര്‍ ഷാ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ നിന്ന് തനിക്ക് വന്ന ഫോണുകള്‍ പള്‍സര്‍ സുനിയുടെതാണെന്ന് തനിക്ക് അറിയാമായിരുന്നില്ല. പിന്നീട് സുനില്‍ ആണെന്ന് പേര് പറഞ്ഞപ്പോഴാണ് ആളെ മനസ്സിലായത്. ഇക്കാര്യം ദിലീപിനെ അറിയിച്ചിരുന്നു. സുനില്‍ വിളിച്ചത്ം താന്‍ ദിലീപിന്റെ നിര്‍ദേശപ്രകാരം പിന്നീട് റെക്കോര്‍ഡ് ചെയ്യുകയായിരുന്നുവെന്നും നാദിര്‍ ഷാ പറഞ്ഞു.

രാവിലെ 10.10 ഓടെ ചോദ്യം ചെയ്യലിന് ഹാജരായ നാദിര്‍ഷായെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം 10.45 ഓടെയാണ് ചോദ്യം ചെയ്യലിന് വിധേയമാക്കിയത്. ഉച്ചയ്ക്ക് അരമണിക്കൂറോളം ഇടവേള നല്‍കി. നാലര മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യല്‍ ഉച്ചകഴിഞ്ഞ് 2.45 ഓടെ അവസാനിക്കുകയും ചെയ്തു.

കേസുമായി ബന്ധപ്പെട്ട് മുന്‍പ് ദിലീപിനൊപ്പം നാദിര്‍ഷായെയും 13 മണിക്കൂര്‍ പോലീസ് ചോദ്യം ചെയ്തിരുന്നു. അന്ന് നാദിര്‍ ഷാ നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് സംശയം തോന്നിയതിനെ തുടര്‍ന്നാണ് പോലീസ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ദിലീപിനെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ഉണ്ടായതോടെയാണ് നാദിര്‍ ഷാ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

 

 

Latest