എസ്.ബി.ടിയുടെ പഴയ ഉപഭോക്താക്കള്‍ പുതിയ ചെക്കുകള്‍ വാങ്ങണമെന്ന് എസ്ബിഐ

Posted on: September 16, 2017 8:26 pm | Last updated: September 16, 2017 at 8:26 pm

തിരുവനന്തപുരം: എസ്.ബി.ഐയില്‍ ലയിക്കുന്നതിന് മുമ്പുള്ള എസ്.ബി.ടി ഉപഭോക്താക്കള്‍ക്ക് നല്‍കിയ ചെക്കുകള്‍ ഈ മാസം 30 വരെ മാത്രമേ പണമിടപാട് നടത്താന്‍ സാധിക്കൂ. അടുത്ത മാസം മുതല്‍ സ്‌റ്റേറ്റ് ബാങ്കിന്റെ അസോസിയേറ്റ് ബാങ്കുകളുടെ ചെക്കുകളൊന്നും ബാങ്കുകള്‍ സ്വീകരിക്കില്ല. അടുത്ത മാസം ഒന്നിന് ശേഷമുള്ള തീയതികളിലെ പണമിടപാടുകള്‍ക്കായി മാറാനുള്ള എസ്.ബി.ടിയുടെ ചെക്കുകള്‍ കൈപ്പറ്റിയവര്‍ക്ക് അത് മാറാനും സാധിക്കില്ല. ഇവര്‍ പുതിയ ചെക്കുകള്‍ വാങ്ങണമെന്നു എസ്ബിഐ വ്യക്തമാക്കി.

എസ്ബിഐ ഇതിനകം തന്നെ എസ്.ബി.ടിയുടെ ചെക്ക് ബുക്കുകള്‍ ഉപയോഗിച്ചിരുന്നവര്‍ക്കെല്ലാം പുതിയ ചെക്ക് ബുക്കുകള്‍ അയച്ചുകൊടുത്തിട്ടുണ്ട്.
ഇത് കിട്ടാത്തവര്‍ ബാങ്കിനെ സമീപിക്കണം. എസ്ബിഐയുടെ പുതിയ ചെക്ക് വാങ്ങണം. എ.ടി.എം കൗണ്ടറുകള്‍ വഴിയും ഇന്റര്‍നെറ്റ് ബാങ്കിങ് വെബ്‌സൈറ്റ് വഴിയും ചെക്ക് ബുക്കിന് റിക്വസ്റ്റ് നല്‍കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. എസ്.ബി.ടി നല്‍കിയ പാസ്ബുക്ക്, എ.ടി.എം/ഡെബിറ്റ് കാര്‍ഡ് എന്നിവ തുടര്‍ന്നും ഉപയോഗിക്കാം.ലയനത്തിന് പിന്നാലെ എസ്.ബി.ടി ശാഖകളുടെ ഐ.എഫ്.എസ്. കോഡ് മാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പഴയ ഐ.എഫ്.എസ് കോഡും സ്വീകരിക്കുന്നുണ്ട്. ഒക്ടോബര്‍ ഒന്നുമുതല്‍ പുതിയ കോഡ് മാത്രമേ ഉപയോഗിക്കാനാവൂ എന്നും എസ്.ബി.ഐ അറിയിച്ചിട്ടുണ്ട്‌