കൊടുത്തേ പറ്റൂ; പെട്രോള്‍ വില വര്‍ധനവ് സര്‍ക്കാറിന്റെ മനഃപ്പൂര്‍വമുള്ള തീരുമാനമെന്ന് കണ്ണന്താനം

Posted on: September 16, 2017 3:02 pm | Last updated: September 16, 2017 at 9:27 pm

തിരുവനന്തപുരം: പെട്രോള്‍ വില വര്‍ധനവ് സര്‍ക്കാറിന്റെ മനഃപ്പൂര്‍വമുള്ള തീരുമാനമാണെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. രാജ്യത്ത് 67 ശതമാനം ആളുകള്‍ക്കും ശൗചാലയങ്ങള്‍ ഇല്ല. അവര്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മിച്ച് നല്‍കണമെങ്കില്‍, എല്ലാവര്‍ക്കും വീട് നിര്‍മിച്ചുനല്‍കണമെങ്കില്‍, ദേശീയ പാതകള്‍ നിര്‍മിക്കണമെങ്കില്‍, ഡിജിറ്റല്‍ യുഗം എല്ലാവരിലും എത്തിക്കണമെങ്കില്‍ കോടിക്കണക്കിന് രൂപ ആവശ്യമായി വരും. ഈ പണം സമാഹരിക്കാനാണ് പെട്രോളിനും ഡീസലിനുമൊക്കെ വില വര്‍ധിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വാഹനങ്ങള്‍ ഉള്ളവരാണ് ഡീസലും പെട്രോളുമൊക്കെ ഉപയോഗിക്കുന്നത്. വാഹനങ്ങള്‍ ഉള്ളവര്‍ പട്ടിണികിടക്കുന്നവരല്ല. ഇന്ത്യയില്‍ 30 ശതമാനം ആളുകളും പട്ടിണി കിടക്കുന്നവരാണ്. ഇവരുടെ ഉന്നമനമാണ് മോദിസര്‍ക്കാര്‍ ഊന്നല്‍ കൊടുക്കുന്നത്. പെട്രോള്‍ ഉപയോഗിക്കുന്നവര്‍ അതുകൊണ്ട് നികുതി കൊടുത്തേ പറ്റൂവെന്നും പെട്രോള്‍ വിലവര്‍ധനവിനെതിരെ ഉണ്ടാകുന്ന പ്രതിഷേധങ്ങള്‍ സര്‍ക്കാറിന് അറിയാകുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബിജെപി സംസ്ഥാന കാര്യാലയം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.