ജപ്പാന് മുകളിലൂടെ ഉത്തര കൊറിയന്‍ മിസൈല്‍

Posted on: September 16, 2017 9:24 am | Last updated: September 16, 2017 at 9:24 am
ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണത്തിന്റെ രേഖാചിത്രം

ടോക്യോ: അന്താരാഷ്ട്ര സമ്മര്‍ദം വകവെക്കാതെ ജപ്പാന് മുകളിലൂടെ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തര കൊറിയ. ജപ്പാനെ മുക്കിക്കളയുമെന്ന ഭീഷണിക്ക് പിന്നാലെയാണ് ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ജപ്പാന് മുകളിലൂടെ ഉത്തര കൊറിയയുടെ പരീക്ഷണം നടത്തുന്നത്. ഉത്തര കൊറിയയെ സാമ്പത്തികമായി തകര്‍ക്കുന്നതിനായി അമേരിക്കയുടെ പ്രമേയത്തില്‍ ഐക്യരാഷട്ര സഭ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതിനുള്ള പ്രതികാരമെന്നോണമാണ് ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം.

ഉത്തര കൊറിയന്‍ തലസ്ഥാനമായ പിയോംഗ്യാംഗിലെ സുനാനില്‍വെച്ചാണ് പരീക്ഷണം നടന്നത്. കഴിഞ്ഞ മാസം നടത്തിയതിന് സമാനമായ മിസൈല്‍ 3,700 കിലോമീറ്റര്‍ പറന്നിട്ടുണ്ടെന്നാണ് ദക്ഷിണ കൊറിയന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ജപ്പാന് മുകളിലൂടെ പറന്ന് ശാന്തസമുദ്രത്തില്‍ വീഴുന്നതിന് മുമ്പായി മിസൈല്‍ 770 കിലോമീറ്റര്‍ ഉയരത്തില്‍ പറന്നിട്ടുണ്ടെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കിയത്. വടക്കന്‍ ജപ്പാനിലെ ദ്വീപായ ഹൊക്കൈഡോ തീരത്താണ് മിസൈല്‍ പതിച്ചത്. അമേരിക്കയുടെ ഭരണപ്രദേശമായ ഗുവാം ഉത്തര കൊറിയയില്‍ നിന്ന് കേവലം 3,380 കിലോമീറ്റര്‍ അകലെയാണുള്ളത്. പുതിയ ബാലിസ്റ്റിക് പരീക്ഷണം അമേരിക്കക്കുള്ള ഭീഷണിയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഉത്തര കൊറിയയുടെ പരീക്ഷണത്തിന് പിന്നാലെ ദക്ഷിണ കൊറിയ സൈന്യത്തിന് ജാഗ്രതാ നിര്‍ദേശം നല്‍കി. ഉത്തര കൊറിയന്‍ പ്രകോപനത്തില്‍ ജപ്പാനും അക്ഷരാര്‍ഥത്തില്‍ ഞെട്ടിയിരിക്കുകയാണ്. അമേരിക്കയുമായി ചേര്‍ന്ന് ശക്തമായ പ്രതിരോധ നടപടികള്‍ ആസൂത്രണം ചെയ്യാനാണ് ജപ്പാന്‍ ഭരണകൂടം തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തിയ ശേഷം ജപ്പാന്‍ പ്രധാനമന്ത്രി ഉത്തര കൊറിയക്കെതിരെ ശക്തമായ ഭാഷയില്‍ രംഗത്തെത്തിയിരുന്നു.
ഉത്തര കൊറിയയുടെ ആറാമത്തെ ആണവപരീക്ഷണം നടത്തയതിന് ശേഷം ഇതാദ്യമായാണ് ഒരു ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കുന്നത്. യു എന്നിനെയും അമേരിക്കന്‍ സഖ്യത്തെയും വെല്ലുവിളിച്ചാണ് ഉത്തര കൊറിയ ഇപ്പോള്‍ പ്രകോപനവുമായി മുന്നോട്ടുപോകുന്നത്. തങ്ങള്‍ക്ക് മേല്‍ ചുമത്തിയ സമ്മര്‍ദങ്ങളെയും ഉപരോധങ്ങളെയും വിലകല്‍പ്പിക്കുന്നില്ലെന്ന് ഉത്തര കൊറിയന്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. അമേരിക്കയെ ചാരമാക്കുമെന്നതടക്കമുള്ള ഭീഷണികള്‍ കഴിഞ്ഞ ദിവസം ഉത്തര കൊറിയ നടത്തിയിരുന്നു.
ഉത്തര കൊറിയക്കെതിരായ യു എന്‍ പ്രമേയത്തെ ജപ്പാന്‍ പിന്തുണച്ചതാണ് പുതിയ പ്രകോപനത്തിന് കാരണം. ഉത്തര കൊറിയയുടെ പ്രധാന കയറ്റുമതി ഉത്പന്നമായ തുണിത്തരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചൈനയില്‍ നിന്നടക്കമുള്ള ക്രൂഡ് ഓയില്‍ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയെന്നിങ്ങനെയുള്ള ഉപരോധങ്ങളാണ് യു എന്‍ ഏര്‍പ്പെടുത്തിയിരുന്നത്.

ഉത്തര കൊറിയയെ വെല്ലുവിളിച്ച് ദക്ഷിണ കൊറിയ മിസൈല്‍ വിക്ഷേപിക്കുന്നു

ഉരുളക്കുപ്പേരിയുമായി
ദക്ഷിണ കൊറിയന്‍ പരീക്ഷണം
സിയൂള്‍: ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ വെല്ലുവിളിച്ച് ദക്ഷിണ കൊറിയയും മിസൈല്‍ പരീക്ഷിച്ചു. ഉത്തര കൊറിയന്‍ തലസ്ഥാനമായ പിയോംഗ്യാംഗിലെ സുനാന്‍ വിമാനത്താവളം തകര്‍ക്കാന്‍ ശക്തിയുള്ള മിസൈല്‍ പരീക്ഷിച്ചതായും ഇതിന്റെ തത്സമയ ദൃശ്യങ്ങള്‍ പുറത്തുവിട്ടതായും ദക്ഷിണ കൊറിയന്‍ വക്താവ് അറിയിച്ചു.
ദക്ഷിണ കൊറിയയുടെ കിഴക്കന്‍ തീരത്ത് നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. ആദ്യ പരീക്ഷണത്തിന് പിന്നാലെ നടത്തിയ രണ്ടാമത്തെ പരീക്ഷണം വിജയകരമായിരുന്നില്ലെന്ന് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. ഉത്തര കൊറിയന്‍ പ്രകോപനങ്ങളെ നേരിടാന്‍ തങ്ങള്‍ തയ്യാറായിട്ടുണ്ടെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേയുടെ വക്താവ് അറിയിച്ചു.
അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് കടുത്ത സമ്മര്‍ദങ്ങളും ഇപ്പോഴുള്ളതിനേക്കാള്‍ ശക്തമായ ഉപരോധങ്ങളും ഏര്‍പ്പെടുത്തണമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ ഉത്തര കൊറിയയുമായി സമാധാന ചര്‍ച്ചക്കുള്ള സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തര കൊറിയന്‍ പരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ തായ്‌വാന്‍ ദേശീയ സുരക്ഷാ യോഗം അടിയന്തരമായി വിളിച്ചുചേര്‍ത്തു. ഉത്തര കൊറിയന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ യു എന്‍ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഉത്തര കൊറിയയെ എന്തുവിലകൊടുത്തും പ്രതിരോധിക്കാനാണ് തായ്‌വാന്റെ തീരുമാനം.
ഉത്തര കൊറിയക്കെതിരെ അയല്‍ രാജ്യങ്ങള്‍ ഒറ്റക്കെട്ടാവാനുള്ള തയ്യാറെടുപ്പാണ് നടത്തുന്നത്. അമേരിക്കയുടെ സഹായത്തോടെ ദക്ഷിണ കൊറിയയും ജപ്പാനും മിസൈല്‍, സൈനിക പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. ഉത്തര കൊറിയയെ നേരത്തെ ചൊടിപ്പിച്ച ഈ നടപടി തുടര്‍ ദിവസങ്ങളില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്.