സിപിഎമ്മിന് കണ്ണൂരില്‍ ആയോധന പരിശീലന കേന്ദ്രങ്ങളുണ്ടെന്ന വെളിപ്പെടുത്തല്‍ ഗൗരവമായി കാണുന്നു: കുമ്മനം

Posted on: September 15, 2017 9:41 pm | Last updated: September 15, 2017 at 9:41 pm

തിരുവനന്തപുരം: സി പി എമ്മിന് കണ്ണൂരില്‍ സ്വന്തമായി ആയോധന പരിശീലന കേന്ദ്രങ്ങളുണ്ടെന്ന രാജ്യസഭാ എം പി ഋതബ്രത ബാനര്‍ജിയുടെ വെളിപ്പെടുത്തല്‍ അതീവ ഗൌരവകരമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കണ്ണൂരിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നത് ആരാണെന്ന് ഇതോടെ വ്യക്തമായി.

ഫേസ്ബുക് പോസ്റ്റിലൂടെയാണ് കുമ്മനം ഇങ്ങനെ പറയുന്നത്. എസ് എഫ് ഐയുടെ മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാണ് ഋതബ്രത ബാനര്‍ജിയെന്ന് കുമ്മനം ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ മാത്രമല്ല ദേശീയ തലത്തില്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് കണ്ണൂര്‍ ലോബിയാണെന്ന് ഋതബ്രത പറയുന്നു. കണ്ണൂരിലെ കൊലപാതകങ്ങളില്‍ നിന്ന് പിണറായി വിജയന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ഋതബ്രത പറയുന്നുണ്ട്. ഇങ്ങനെ തുറന്ന് പറഞ്ഞതിന്റെ പേരില്‍ തന്റെ ജീവന് ഭീഷണിയുണ്ടായേക്കാമെന്നും എം പി പറയുന്‌പോള്‍ സി പി എം എത്രമാത്രം ക്രിമിനല്‍വത്കരിക്കപ്പെട്ടു എന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമില്ല.

സി പി എം ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള സമ്മേളനങ്ങള്‍ക്കായി പാര്‍ട്ടി പുറത്തിറക്കിയ കത്ത് ഇതിനോട് കൂട്ടി വായിക്കണമെന്ന് കുമ്മനം പറയുന്നു. കത്തിലെ മുപ്പത്തിമൂന്നാം ചോദ്യം ഏരിയ തലങ്ങളില്‍ പാര്‍ട്ടിക്ക് സ്വയം പ്രതിരോധ സംവിധാനം ഉണ്ടോ എന്നാണ്. ഇത് എതിരാളികളെ കൊന്നുതള്ളാന്‍ സി പി എമ്മിന് സ്വന്തമായുള്ള ക്രിമിനല്‍ സംഘമാണ്.

ജനകീയ ജനാധിപത്യം പ്രവര്‍ത്തന ശൈലിയായി സ്വീകരിച്ചു എന്നവകാശപ്പെടുന്ന സി പി എം എന്തിനാണ് സായുധസേനയെ കൂടെ കൊണ്ടു നടക്കുന്നതെന്ന് പാര്‍ട്ടി വ്യക്തമാക്കണം.

സി പി എം ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തയാറല്ലെന്നാണ് തെളിയുന്നത്. അല്ലെങ്കില്‍ സായുധസേന പിരിച്ചു വിടാന്‍ പാര്‍ട്ടി തയാറാകണം. അങ്ങനെ ഉണ്ടായാല്‍ സംസ്ഥാനത്ത് സമാധാനം ഉണ്ടാകുമെന്ന് കുമ്മനം പറഞ്ഞു.