കടലില്‍നിന്നും കരയെ ഉയര്‍ത്തിയ പരശുരാമന്‍ മികച്ച എഞ്ചിനിയറാണെന്ന് ഗോവ മുഖ്യമന്ത്രി

Posted on: September 15, 2017 8:44 pm | Last updated: September 15, 2017 at 8:44 pm

പനജി : മിത്തുകളെ ശാസ്ത്രവല്‍ക്കരിക്കുന്ന പുതിയ പ്രസ്താവനയുമായി ഗോവ മുഖ്യമന്ത്രി. കടലില്‍നിന്ന് കര ഉയര്‍ത്തിയെടുത്തുവെന്നു വിശ്വസിക്കപ്പെടുന്ന പരശുരാമന്‍ മികച്ച എന്‍ജിനീയറാണ് എന്നാണ് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞത് . പനജിയില്‍ ‘എന്‍ജിനീയേഴ്‌സ് ഡേ’യോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. കേരളത്തോടൊപ്പം ഗോവയും സൃഷ്ടിച്ചത് പരശുരാമനാണെന്നാണു വിശ്വാസം. പരശുരാമന്‍ മഴുവെറിഞ്ഞ് സൃഷ്ടിച്ചതാണ് കേരളമെന്ന വിശ്വാസത്തിന് നൂറ്റാണ്ടുകളുടെ പഴക്കവുമുണ്ട്. എന്‍ജിനീയര്‍മാരുടെ മികവിനെ രാജ്യം അംഗീകരിക്കുന്ന ദിവസമാണെന്ന് ഓര്‍മിപ്പിച്ചു കൊണ്ടായിരുന്നു പരീക്കറിന്റെ പരാമര്‍ശം

കടലില്‍നിന്ന് കര സൃഷ്ടിച്ചെടുക്കുന്ന എന്‍ജിനീയര്‍മാരുടെ വിഭാഗത്തിലാണ് പരശുരാമന്റെയും സ്ഥാനം. ഹസ്തിനപുരവും പാണ്ഡവന്മാരുടെ കൊട്ടാരവും പോലുള്ള ഒട്ടേറെ മാതൃകകള്‍ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പേ നമുക്കു പരിചിതമാണ്. എല്ലാത്തരം സാങ്കേതികതയും ഉപയോഗിച്ച് തയാറാക്കിയതായിരുന്നു അവയെല്ലാം. ഇന്ത്യയെ സംബന്ധിച്ച് എന്‍ജിനീയറിങ് ഏറെ പഴക്കമുള്ള കലയും വൈദഗ്ധ്യവുമാണ്. ആധുനികകാലത്ത് അത് അംഗീകരിക്കപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മിത്തുകളെയും പുരാണങ്ങളെയും ചരിത്രവല്‍ക്കരിക്കുകയും അതിനെ ശാസ്ത്രവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നതിനെതിരെ ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ പ്രതിഷേധ കൂട്ടായ്മകള്‍ ഉള്‍പ്പെടെ അടുത്തിടെ സംഘടിപ്പിച്ചിരുന്നു ഇതിന് പിന്നാലെയാണ് പരീക്കറിന്റെ പുതിയ വാദം.