റോഹിംഗ്യകള്‍ക്ക് അടിയന്തര സഹായം അനിവാര്യമെന്ന് യു എന്‍

Posted on: September 15, 2017 12:21 am | Last updated: September 15, 2017 at 12:21 am

ധാക്ക: മ്യാന്മര്‍ സൈന്യത്തിന്റെ വംശഹത്യാ ആക്രമണത്തിനിരയായ റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ എണ്ണം നാല് ലക്ഷത്തിലേക്കടുക്കുമ്പോള്‍ അടിയന്തര സഹായം ആവശ്യപ്പെട്ട് യു എന്‍. ബംഗ്ലാദേശിലെത്തുന്ന റോഹിംഗ്യകള്‍ക്ക് അത്യാവശ്യമായ സഹായങ്ങള്‍ എത്തിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം ഉണ്ടാകണമെന്നാണ് യു എന്‍ ആവശ്യപ്പെട്ടത്. റോഹിംഗ്യന്‍ വിഷയത്തില്‍ അടുത്തിടെ ഇത് രണ്ടാം തവണയാണ് ഐക്യരാഷ്ട്രസഭ സഹായപ്രഖ്യാപനം നടത്തുന്നത്. അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് വലിയ തോതിലുള്ള പ്രതികരണമുണ്ടാകണമെന്നും സന്നദ്ധ, സഹായ പ്രവര്‍ത്തനങ്ങള്‍ക്കായി ലോകത്തെ മനുഷ്യാവകാശ സംഘടനകള്‍ ഒറ്റക്കെട്ടാകണമെന്നും യു എന്‍ കുടിയേറ്റ, അഭയാര്‍ഥി സമിതി മേധാവി മുഹമ്മദ് അബ്ദിക്കര്‍ ധാക്കയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
റോഹിംഗ്യന്‍ വിഷയത്തില്‍ പൊതുസഭ വിളിച്ചു ചേര്‍ക്കാനിരിക്കെയാണ് യു എന്നിന്റെ അഭ്യര്‍ഥന.

മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കായി ലോകത്തെ മുഴുവന്‍ സംഘടനകളും ഒന്നിക്കണമെന്ന് അബ്ദികര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബുദ്ധ തീവ്രവാദികള്‍ക്ക് മേല്‍ക്കൈയുള്ള റാഖിനെ മേഖലയില്‍ മ്യാന്മര്‍ സൈന്യം ക്രൂരമായ ആക്രമണങ്ങളാണ് റോഹിംഗ്യകള്‍ക്ക് നേരെ അഴിച്ചുവിടുന്നത്. അതിനിടെ, തങ്ങളുടെ വീടുകള്‍ അഗ്നിക്കിരയാക്കിയത് സൈന്യം തന്നെയാണെന്ന വെളിപ്പെടുത്തലുമായി അഭയാര്‍ഥികള്‍ രംഗത്തെത്തി. റോഹിംഗ്യന്‍ ഗ്രാമങ്ങള്‍ ചുട്ടരിച്ച സൈന്യം ഇത് റോഹിംഗ്യകള്‍ സ്വയം ചെയ്തതാണെന്ന് ആരോപിച്ചിരുന്നു.