ദുബൈ കോഴിക്കോട് എയര്‍ ഇന്ത്യക്ക് 330 ദിര്‍ഹം മാത്രം നിരക്കിളവുകളുമായി വിമാന കമ്പനികള്‍

Posted on: September 14, 2017 7:19 pm | Last updated: September 14, 2017 at 8:25 pm

അബുദാബി : മാസങ്ങളുടെ ഇടവേളക്ക് ശേഷം വമ്പന്‍ ഓഫറുകളുമായി വിമാന കമ്പനികള്‍. വിമാനയാത്രയില്‍ ഇനിയുള്ള ഏതാനുംമാസം പ്രവാസികള്‍ക്ക് ആശ്വസിക്കാം. ആകാശകൊള്ള തത്കാലത്തേക്ക് ഉണ്ടാകില്ല. സീസണ്‍ അവസാനിച്ചു എന്നത് തന്നെ കാര്യം. ഡിസംബര്‍മാസം ഷോപ്പിങ് ഫെസ്റ്റിവല്‍ സമയം മാത്രമാണ് ഇനി തിരക്കേറിയ സമയം. ഇതൊഴിച്ചു നിര്‍ത്തിയാല്‍ ആകാശയാത്രയ്ക്ക് തിരക്ക് കുറയും. ഇത് മറികടക്കാനുള്ള ശ്രമത്തിലാണ് വിമാനക്കമ്പനികള്‍. സെപ്റ്റംബര്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മിക്ക സീറ്റുകളും കാലിയായിരിക്കും. കാലിയായി സര്‍വീസ് നടത്തുന്നതിനെക്കാള്‍ നല്ലത് മികച്ച ഓഫര്‍ നല്‍കി കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതാണെന്ന വിലയിരുത്തലിലാണ് കമ്പനികള്‍. ദുബൈ കൊച്ചി സെക്ടറില്‍ ഇന്‍ഡിഗോ വിമാനത്തിന് വെറും 285 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക് മുപ്പത് കി.ഗ്രാം. ബാഗേജ് നാല്‍പ്പത് കി.ഗ്രാമാക്കി കൂടിയിട്ടുമുണ്ട്. കോര്‍പ്പറേറ്റ് ആനുകൂല്യങ്ങളും ഇന്‍ഡിഗോ പ്രഖ്യാപിച്ചിട്ടുണ്ട്. കൂട്ടത്തോടെ ബുക്ക് ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് മികച്ച ഭക്ഷണം, മുന്‍നിര സീറ്റ് തുടങ്ങിയവ ഇന്‍ഡി ഗോ വാഗ്ദാനം ചെയ്യുന്നു.സ്‌പൈസ് ജെറ്റും സമാന ഓഫര്‍ അവതരിപ്പിക്കുന്നുണ്ട്. 270 ദിര്‍ഹം നല്‍കിയാല്‍ ദുബായിയില്‍നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യാം. യു എ ഇ യിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നും കേരളത്തിലെ വിവിധ സെക്ടറുകളിലേക്ക് 300 ദിര്‍ഹമാണ് എയര്‍ ഇന്ത്യയുടെ നിരക്ക്.

കൂടാതെ അമ്പത് കി.ഗ്രാം. ബാഗേജ് സൗജന്യമായി കൊണ്ടുപോകാം. സമീപകാല ചരിത്രത്തില്‍ എയര്‍ഇന്ത്യ ഇതാദ്യമായാണ് അമ്പത് കി.ഗ്രാം. ബാഗേജ് അനുവദിക്കുന്നത്. തിരക്കേറിയ സീസണില്‍ ബാഗേജ് പരിധി ഇരുപത് കി.ഗ്രാം. വരെ വെട്ടിക്കുറച്ചതിന് നേരത്തെ ഏറെ പഴികേട്ടതാണ് എയര്‍ ഇന്ത്യ. ദുബൈ മംഗലാപുരം സെക്ടറില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് 315 ദിര്‍ഹമും, സ്‌പേസ് ജെറ്റിന് 330 ദിര്‍ഹമാണ് നിരക്ക്.
മത്സരം ശക്തമായതോടെ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് പുറമേ വിദേശ വിമാന കമ്പനികളും വമ്പന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ എമിറേറ്റ്‌സ് എയര്‍ ലൈന്‍സില്‍ ദുബായിയില്‍നിന്ന് കൊച്ചിയിലേക്ക് യാത്രചെയ്യാന്‍ പരമാവധി 470 ദിര്‍ഹം നല്‍കിയാല്‍ മതിയാകും. എമിറേറ്റ്‌സും ബാഗേജ് പരിധി കൂട്ടിയിട്ടുണ്ട്. പത്ത് കി.ഗ്രാമാണ് അധികമായി അനുവദിച്ചിരിക്കുന്നത്. 470 ദിര്‍ഹം അടയ്ക്കുന്നവര്‍ക്ക് 40 കി.ഗ്രാം. ബാഗേജുമായി എമിറേറ്റ്‌സില്‍ ആഢംബര യാത്ര ചെയ്യാം എന്നത് സ്വപ്‌ന തുല്യമായ ഓഫര്‍ ആണ്. അടുത്തമാസം ഷാര്‍ജ കോഴിക്കോട് റൂട്ടില്‍ 325 ദിര്‍ഹമാണ് എയര്‍ അറേബ്യയിലെ ശരാശരി യാത്രാനിരക്ക്
നവംബര്‍ മൂന്നാംവാരം വരെ ഇതേനിരക്കില്‍ ടിക്കറ്റ് കിട്ടും. കൊച്ചി, തിരുവനന്തപുരം എന്നിവ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളില്‍ 50 ശതമാനം ഇളവുമായി ഫ്‌ലൈദുബായ്. ഇക്കോണമി, ബിസിനസ് ക്ലാസുകളില്‍ ഈ ഓഫര്‍ ലഭ്യമാണെന്ന് ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ ഫ്‌ലൈദുബായ് അറിയിച്ചു. ചെന്നൈ, ന്യൂഡല്‍ഹി, അഹമ്മദാബാദ്, ഹൈദരാബാദ്, ലക്‌നൗ, മുംബൈ, എന്നീ ഇന്ത്യന്‍ നഗരങ്ങളിലേക്കും ഓഫര്‍ ലഭ്യമാണ്. സെപ്റ്റംബര്‍ 15 മുതല്‍ 2018 ഒക്ടോബര്‍ 27 വരെയുള്ള യാത്രകള്‍ക്കാണ് ഈ ഓഫര്‍ ബാധകം. ഈ മാസം 26ന് അര്‍ധരാത്രിവരെയെ ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ബുക്കിങ്ങ് സാധിക്കുകയുള്ളു. ദുബായിലേക്കുള്ള വണ്‍വേ, റിട്ടേണ്‍ ടിക്കറ്റുകളില്‍ ഈ ഓഫര്‍ ലഭ്യമാണ്. വിമാനയാത്രയുടെ അടിസ്ഥാന നിരക്ക് നോക്കിയാണ് ഇളവ് അനുവദിക്കുക. ട്രാവല്‍ ഏജന്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കില്‍ സര്‍വീസ് ചാര്‍ജ് എടുക്കാന്‍ സാധ്യതയുണ്ടെന്നും ഫ്‌ലൈദുബായ് അധികൃതര്‍ അറിയിച്ചു.

ദുബായില്‍ നിന്ന് ഇന്ത്യ, തായ്!ലന്‍ഡ്, ജോര്‍ജിയ, റഷ്യ, മാലിദ്വീപ്, ഉെ്രെകയ്ന്‍, ബഹ്‌റൈന്‍, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, സൗദി അറേബ്യ, നേപ്പാള്‍, കുവൈത്ത്, ഒമാന്‍ തുടങ്ങി, ഫ്‌ലൈദുബായ് സര്‍വീസ് നടത്തുന്ന ഒട്ടുമിക്ക രാജ്യങ്ങളിലേക്കും ടിക്കറ്റ് നിരക്കില്‍ അന്‍പത് ശതമാനം കുറവുണ്ട്. ഏറെ തിരക്കുള്ള വേനലവധിക്ക്‌ശേഷമാണ് ഫ്‌ലൈദുബായ് ഓഫറുമായി രംഗത്തെത്തിയത്. സെപ്റ്റംബര്‍ മുതല്‍ നവംബര്‍ പകുതിവരെ പൊതുവെ തിരക്ക് കുറയുന്ന കാലമായാണ് കണക്കാക്കപ്പെടുന്നത്. ഈ സമയത്ത് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനാണ് വിമാനക്കമ്പനിയുടെ നീക്കമെന്നാണ് വിലയിരുത്തല്‍.