ബീഫിനെക്കുറിച്ച് പറഞ്ഞത് തമാശയെന്ന് കണ്ണന്താനം

Posted on: September 14, 2017 3:17 pm | Last updated: September 15, 2017 at 9:06 am

കൊച്ചി: ബീഫിനെക്കുറിച്ച് ഒഡീഷയില്‍ വെച്ചു പറഞ്ഞത് തമാശയായി എടുക്കാതിരുന്നതാണ് വിവാദമാകാന്‍ കാരണമെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വിദേശങ്ങളില്‍ നല്ല ബീഫ് കിട്ടും. അവിടെനിന്ന് ഇവിടെ വന്ന് മെലിഞ്ഞ കാലികളുടെ മാംസം കഴിക്കേണ്ട കാര്യമുണ്ടോ എന്നാണ് തമാശയായി ചോദിച്ചത്. അത് റെക്കോര്‍ഡ് ചെയ്യാന്‍ വേണ്ടി പറഞ്ഞതായിരുന്നില്ല, ഒരു തമാശയായിരുന്നു. ഒരു പ്രദേശത്തെ ജനങ്ങള്‍ എന്താണോ കഴിക്കാന്‍ ആഗ്രഹിക്കുന്നത് അതിനാണ് പ്രാധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

രാഷ്ട്രീയക്കാര്‍ക്ക് തമാശ പറയാന്‍ അറിയില്ലെന്നും ആസ്വദിക്കാനാകില്ലെന്നും കരുതരുത്. ഞാനൊരു ഫണ്‍ പേഴ്‌സണ്‍ ആണ്. ജീവിതം സന്തോഷിക്കാനുള്ളതാണ്. മറ്റുള്ളവരെ സന്തോഷിപ്പിക്കാനുള്ളതാണ്. ഞാന്‍ ജീവിതത്തിലെ ലക്ഷ്യമായി കാണുന്നത് ഇതാണ്. എന്റെ ഭാര്യയുടെ വീഡിയോ തമാശരൂപത്തില്‍ പ്രചരിക്കുന്നുണ്ട്. അതൊക്കെ കണ്ട് ഞങ്ങള്‍ ചിരിക്കുകയാണ്. കേരളത്തില്‍ തമാശ ആസ്വദിക്കാന്‍ ആളില്ലെന്നും അദ്ദേഹം പറഞ്ഞു.