Connect with us

National

ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് ഹിന്ദുത്വ ഫാസ്റ്റിസ്റ്റ് ശക്തികള്‍: സിപിഐ (മാവോയിസ്റ്റ്)

Published

|

Last Updated

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ആക്റ്റിവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകം തങ്ങളുടെ പേരില്‍ കെട്ടിവെക്കുന്ന ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളുടെ പ്രചാരണം തരംതാണ നടപടിയാണെന്ന് സിപിഐ മാവോയിസ്റ്റ്. ജനകീയ പോരാട്ടങ്ങളുടെ വായ്മൂടി കെട്ടുന്നതിന് വേണ്ടി സംഘപരിവാര്‍ നടപ്പിലാക്കിയ കൊലപാതകമാണ ഗൗരി ലങ്കേഷിന്റെതെന്നും സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി വക്താവ് അഭയ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടിയും ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഹിന്ദുത്വ ശക്തികളുടെ അക്രമങ്ങള്‍ക്കെതിരെയും നിര്‍ഭയം പോരാടിയ വ്യക്തിയായിരുന്നു ഗൗരി ലങ്കേഷ്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ശക്തിയായി അപലപിക്കുന്നു. 2002 ലെ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള റാണ അയ്യൂബിന്റെ “ഗുജറാത്ത് ഫയല്‍സ്” കന്നടയിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിച്ചത് മുതലാണ് വലതുപക്ഷ സംഘടനകളുടെ കണ്ണിലെ കരടായി ഗൗരി ലങ്കേഷ് മാറിയത്.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നത് കൊലപാതകത്തില്‍ ഹിന്ദുത്വശക്തികള്‍ക്ക് പങ്കുള്ളതിന്റെ സൂചനയാണ്. ഭരണത്തിന്റെ ഭാഗമായവര്‍ക്ക് തന്നെ കൃത്യത്തില്‍ പങ്കുള്ളപ്പോള്‍ അന്വേഷണം എത് രീതിയില്‍ ആകുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ. എംഎം കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോല്‍ക്കര്‍ കേസുകളില്‍ അന്വേഷണം എങ്ങനെയായിരുന്നുവെന്നത് ഇതിന് ഉദാഹരണമാണ്. ഗൗരി ലങ്കേഷിന്റെ കൊലപ്പെടുത്തിയ ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ പോരാടുന്നതിനായി ജനം തെരുവില്‍ ഇറങ്ങണമെന്നും കുറിപ്പ് പറയുന്നു.

Latest