Connect with us

Kerala

12 തദ്ദേശ വാര്‍ഡുകളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്

Published

|

Last Updated

തിരുവനന്തപുരം: ഏഴ് ജില്ലകളിലെ 12 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഒമ്പത് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും മലപ്പുറം, വയനാട് ജില്ലകളിലെ രണ്ട് നഗരസഭാ വാര്‍ഡുകളിലും ആലപ്പുഴയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലുമാണ് ഉപതിരഞ്ഞെടുപ്പ്. വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് വൈകിട്ട് അഞ്ചിന് അവസാനിക്കും. സെപ്തംബര്‍ 15 രാവിലെ 10 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.

വോട്ട് ചെയ്യുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചിട്ടുള്ള എസ് എസ് എല്‍ സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബേങ്കില്‍ നിന്ന് തിരഞ്ഞെടുപ്പിനും ആറ് മാസത്തിന് മുമ്പു നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം.

ഉപതിരഞ്ഞെടുപ്പു നടക്കുന്ന ജില്ല, ഗ്രാമപഞ്ചായത്ത്, വാര്‍ഡ് എന്ന ക്രമത്തില്‍. കൊല്ലം ആദിച്ചനല്ലൂര്‍ തഴുത്തല തെക്ക്, തേവലക്കര കോയിവിള പടിഞ്ഞാറ്, ആലപ്പുഴ ചേര്‍ത്തല തെക്ക് കളരിക്കല്‍, കണ്ടല്ലൂര്‍ കൊപ്പാറേത്ത് എച്ച് എസ്, കോട്ടയംപാമ്പാടി കാരിയ്ക്കാമറ്റം, കാഞ്ഞിരപ്പള്ളി മാനിടുംകുഴി, മലപ്പുറം പെരുവള്ളൂര്‍ കൊല്ലംചിന, കോഴിക്കോട് തിക്കോടി പുറക്കാട്, കണ്ണൂര്‍ രാമന്തളി രാമന്തളി സെന്‍ട്രല്‍. ആലപ്പുഴ ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വെണ്മണി വെസ്റ്റ്, മലപ്പുറം തിരൂര്‍ നഗരസഭയിലെ തുമരക്കാവ്, വയനാട് കല്‍പ്പറ്റ നഗരസഭയിലെ മുണ്ടേരി.