കോടതി പറയും മുമ്പേ വിധി വേണ്ട

Posted on: September 13, 2017 6:25 am | Last updated: September 12, 2017 at 11:29 pm

നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ അനുകൂലിച്ചു കൂടുതല്‍ പേര്‍ രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. കേസിന്റെ ആദ്യനാളുകളില്‍ ചുരുക്കം പേരേ ദിലീപിന് വേണ്ടി വാദിക്കാനുണ്ടായിരുന്നുള്ളൂവെങ്കില്‍, ഇപ്പോള്‍ പ്രമുഖ നടന്മാരും ജനപ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരുമെല്ലാം രംഗത്തുണ്ട്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ സമൂഹ മധ്യത്തില്‍ ദിലീപ് നിരപരാധിയാണെന്ന് സമര്‍ഥിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് പലരും.

നടനെ പൊലീസ് മനഃപൂര്‍വം വേട്ടയാടുകയാണെന്നും അയാള്‍ നിരപരാധിയാണെന്നതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നുമാണ് പി സി ജോര്‍ജ് പറയുന്നത്. ‘ദിലീപ് തെറ്റുകാരനാണെന്ന് വിശ്വസിക്കുന്നില്ല. ഇത്തരത്തിലൊരു മണ്ടത്തരം അയാള്‍ കാണിക്കുമെന്ന് കരുതുന്നില്ല. കാലം അയാളുടെ നിരപരാധിത്വം തെളിയിക്കു’മെന്നാണ്് നടന്‍ ശ്രീനിവാസന്റെ പക്ഷം. ദിലീപിനെതിരായ കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്ന് തറപ്പിച്ചു പറയുന്നു നടനും എം എല്‍ എയുമായ കെ ബി ഗണേഷ് കുമാര്‍. ദിലീപിന് സര്‍വ പിന്തുണയും നല്‍കുമെന്നും ഗണേഷ് പറയുന്നു, ദിലീപിനെതിരെ കര്‍ക്കശവും യുക്തവുമായ നടപടിയെടുക്കണമെന്ന് നേരത്തെ താരസംഘടനയായ ‘അമ്മ’യോട് ആവശ്യപ്പെട്ടതും ഇതേ ഗണേഷ്‌കുമാറായിരുന്നു.
ഏറ്റവുമൊടുവില്‍ അഭിഭാഷകനും മാധ്യമ പ്രവര്‍ത്തകനുമായ സെബാസ്റ്റ്യന്‍ പോളാണ് ദിലീപിന് വേണ്ടി വാദിക്കാനെത്തിയത്. മഅ്ദനിയെ പോലെ നീതിനിഷേധത്തിന്റെ ഇരയാണ് ദിലീപെന്നും പോലീസിനെ വിശ്വസിച്ചു അദ്ദേഹത്തെ നിഗ്രഹിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം എഴുതുന്നു. വീഴുന്നവനെ ചവിട്ടുന്ന സമൂഹവും നനഞ്ഞേടം കുഴിക്കുന്ന മാധ്യമങ്ങളും രചിക്കുന്നത് നീതിനിഷേധത്തിന്റെ മഹേതിഹാസമാണ്. നടിയെ ആക്രമിക്കുന്നതിനുള്ള ആസൂത്രണം ദിലീപായിരിക്കല്ല, മുഖ്യപ്രതി സുനി തന്നെ നേരിട്ട് നടത്തിയതാകണം. നല്ല എതിര്‍ വിസ്താരം നടത്തിയാല്‍ പൊളിയുന്നതാണ് ദിലീപിനെതിരായ കേസ്. കയറും കടിഞ്ഞാണുമില്ലാതെ മുന്നേറുന്ന പോലീസിനെ നിയന്ത്രിക്കുന്നതിന് സമൂഹം ദിലീപിനനുകൂലമായി സംസാരിക്കേണ്ടതുണ്ട്- എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വാദങ്ങള്‍.

അതേസമയം ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് പോലീസ് തറപ്പിച്ചു പറയുന്നത്. അതും മുഖവിലക്കെടുക്കേണ്ടത് തന്നെയല്ലേ? പ്രോസിക്യൂഷന്റെ വാദങ്ങളില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണല്ലോ കോടതി ദിലീപിന് ജാമ്യം നിഷേധിച്ചത.് ആരു പറയുന്നതാണ് ശരി? സത്യമെന്തെന്നറിയാന്‍ കോടതി തീര്‍പ്പ് വരെ കാത്തിരിക്കുകയാണ് നിയമ വ്യവസ്ഥയെ അംഗീകരിക്കുന്നവര്‍ ചെയ്യേണ്ടത്. പകരം സമൂഹത്തിന് മുമ്പില്‍ ദിലീപിന് വേണ്ടി വാദിക്കുന്നതും അയാള്‍ ശുദ്ധനും നിരപരാധിയുമാണെന്ന് സമര്‍ഥിക്കാനുള്ള ശ്രമങ്ങളും ന്യായീകരിക്കത്തക്കതല്ല. അഭിഭാഷകരും ജനപ്രതിനിധികളും പ്രശ്‌നത്തില്‍ ഇടപെട്ട് പരസ്യമായ അഭിപ്രായ പ്രകടനം നടത്തുന്നത് അനുചിതവും സാക്ഷികളെയും കോടതികളെ പോലും സ്വാധീനിക്കാന്‍ ഇടവരുത്തുന്നതുമാണ്. കെ ജി ഗണേഷ്‌കുമാറിന്റെ പ്രസ്താവന അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടികാട്ടി അന്വേഷണസംഘം കോടതിയെ സമീപിച്ചിട്ടുമുണ്ട്.

മുന്‍നിര താരമാണ് ദിലീപ്. അദ്ദേഹം ഇത്തരമൊരു കേസില്‍ ഉള്‍പ്പെട്ടതില്‍ പ്രയാസപ്പെടുന്നവരും അയാള്‍ നിരപരാധിയാണെന്ന് വിശ്വസിക്കുന്നവരും നിരവധിയുണ്ട്. എങ്കിലും നീതിക്ക് മുമ്പില്‍ സര്‍വരും തുല്യരാണ്. തെറ്റ് ചെയ്തവര്‍ സാധാരണക്കാരനായാലും പ്രമുഖനായാലും നിയമ വ്യവസ്ഥകളെ അഭിമുഖീകരിക്കണം. പുറംമോടി കണ്ട് ആരെയും അളക്കരുത്. പുറം ജീവിതത്തില്‍ മാന്യരും സംസ്‌കാര സമ്പന്നരുമായ പലരുടെയും സ്വകാര്യ ജീവിതം ജീര്‍ണിതവും അറപ്പുളവാക്കുന്നതുമായിരിക്കും. എത്രയെത്ര ഉദാഹരങ്ങള്‍. പ്രമുഖ ഭരണ കര്‍ത്താക്കളും രാഷ്ട്രീയ നേതാക്കളും കലാകായിക രംഗത്തെ പ്രമുഖരും സ്ത്രീപീഡനത്തിനും മറ്റു കുറ്റകൃത്യങ്ങള്‍ക്കും പ്രതിക്കൂട്ടില്‍ കയറേണ്ടി വന്നിട്ടുണ്ട്. നടന് വേണ്ടി രംഗത്ത് വരുന്നവര്‍ അക്രമത്തിനിരയായ നടിയനുഭവിക്കുന്ന പീഡനങ്ങളും മാനസിക പ്രയാസവും വിസ്മരിക്കരുത്. പ്രത്യേകിച്ചു അഭിഭാഷകരും ജനപ്രതിനിധികളും താരത്തിന്റെ ഫാന്‍സുകളുടെ തലത്തിലേക്ക് തരംതാഴരുത്.
ചെയ്ത ആളുടെ പ്രശസ്തിയും വലിപ്പവും പരിഗണിച്ചു കുറ്റകൃത്യത്തെ നിസ്സാരവത്കരിക്കുന്നതും ന്യായീകരിക്കുന്നതും നീതിവ്യവസ്ഥയോടുള്ള ജനവിശ്വാസം നഷ്ടപ്പെടുത്താനിടയാക്കും. അതേ സമയം ദിലീപ് നിരപരാധിയെങ്കില്‍ അയാള്‍ ഒരിക്കലും പീഡിപ്പിക്കപ്പെടരുത്. കോടതി വിധിക്ക് കാതോര്‍ക്കുക. കോടതി വിധിക്കു മുമ്പുള്ള വിധികര്‍ത്താക്കളാകാതിരിക്കുക.