ഹിന്ദു വിവാഹ മോചനത്തിനായി ആറ് മാസം കാത്തിരിക്കേണ്ടെന്ന് സുപ്രീം കോടതി

Posted on: September 12, 2017 9:49 pm | Last updated: September 13, 2017 at 9:00 am

ന്യൂഡല്‍ഹി: ഉഭയകക്ഷി സമ്മതപ്രകാരമുള്ള വിവാഹ മോചനത്തിനായി ഹിന്ദു ദമ്പതികൾ ആറ് മാസം കാത്തിരിക്കേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതി. ദമ്പതികൾ ആറ് മാസം കാത്തിരിക്കണോ എന്ന കാര്യത്തില്‍ ഹർജി പരിഗണിക്കുന്ന ജഡ്ജിക്ക് തീരുമാനമെടുക്കാമെന്നും സുപ്രിം കോടതി വ്യക്തമാക്കി. ഇരുവരും പരസ്പരം പൊരുത്തപ്പെട്ട് പോകില്ലെന്ന് ഉറപ്പായാല്‍ ഉടൻ വിവാഹ മോചനം അനുവദിക്കാമെന്നാണ് പരമോന്നത നീതിപീഠം വ്യക്തമാക്കിയത്.

ഹിന്ദു വിവാഹ മോചന നിയമം അനുസരിച്ച് വിവാഹ മോചനം ലഭിക്കുന്നതിന്, ഒരു കൊല്ലത്തിലധികമായി തങ്ങള്‍ വേര്‍പിരിഞ്ഞു താമസിക്കുകയാണെന്നും ദാമ്പത്യ ജീവിതം യാതൊരു തരത്തിലും മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കില്ല എന്നും തങ്ങള്‍ പരസ്പ്പരം വിവാഹ മോചനത്തിനു സമ്മതിച്ചിട്ടുണ്ടെന്നും കാണിച്ച് ഇരു കക്ഷികളും ഒരുമിച്ച് കോടതിയില്‍ ഹരജി ഫയല്‍ ചെയ്യുകയാണ് വേണ്ടത്. ഇത്തരത്തിലുള്ള ഹരജി സമര്‍പ്പിച്ച് 6 മാസത്തിനു ശേഷം മാത്രമേ കോടതി നടപടികള്‍ സ്വീകരിക്കൂ. ഇരു കൂട്ടര്‍ക്കും പൊരുത്തപ്പെട്ട് പോകാന്‍ വേണ്ടിയാണ് ഈ സമയപരിധി വെച്ചിട്ടുള്ളത്. ഈ സമയപരിധി വേണമെങ്കില്‍ ഒഴിവാക്കാനോ കുറക്കാനോ ജഡ്ജിക്ക് അനുമതി നല്‍കുന്നതാണ് സുപ്രീം കോടതിയുടെ പുതിയ റൂളിംഗ്.

വിവാഹബന്ധം തകരാതിരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് വ്യക്തമാക്കിയ കോടതി, പരസ്പരം പൊരുത്തപ്പെട്ട് പോകാന്‍ ഒരു വഴിയും ഇല്ലെന്ന് ഉറപ്പാകുന്ന ഘട്ടത്തില്‍ ഇരുവര്‍ക്കും മറ്റു വഴി തേടാന്‍ അവസരം നല്‍കുകയാണ് വേണ്ടതെന്നും നിരീക്ഷിച്ചു.

ഡല്‍ഹിയിലെ ദമ്പതികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്. എട്ട് വര്‍ഷമായി തങ്ങള്‍ പിരിഞ്ഞ് ജീവിക്കുകയാണെന്നും അതിനാല്‍ ആറ് മാസത്തിന് കാത്ത് നില്‍ക്കാതെ ഉടന്‍ വിവാഹമോചനം നല്‍കണമെന്നും കാണിച്ചാണ് ദമ്പതികള്‍ കോടതിയെ സമീപിച്ചത്.