ഷെല്‍ പൊട്ടിത്തെറിച്ച് ഇന്ത്യ ഇറക്കുമതി ചെയ്ത പീരങ്കി തകര്‍ന്നു

Posted on: September 12, 2017 9:45 pm | Last updated: September 12, 2017 at 10:15 pm

ന്യൂഡല്‍ഹി: മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യ ആദ്യമായി ഇറക്കുമതി ചെയ്ത അത്യാധുനിക പീരങ്കി ഇന്ത്യന്‍ ഷെല്‍ പൊട്ടിത്തെറിച്ച് കേടായി. ആയുധ നിര്‍മാണ ശാലയായ ഓര്‍ഡനന്‌സ് ഫാക്ടറി നിര്‍മിച്ച ഷെല്‍ ഉപയോഗിക്കുന്നതിനിടെയാണ് പീരങ്കി തകര്‍ന്നത്. ഓര്‍ഡനന്‍സ് ഫാക്ടറി നിര്‍മിച്ച ഷെല്‍ പീരങ്കിക്കകത്തുവെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. അമേരിക്കന്‍ നിര്‍മിത എം777 ഹൊവിറ്റ് സര്‍ പീരങ്കിയാണ് കേടായത്. പീരങ്കിയുടെ കുഴലാണ് ഉപയോഗശൂന്യമായത്.

നാലുമാസമായി പീരങ്കി സേനയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി സൈന്യം പരീക്ഷണം നടത്തുകയാണ്. മുന്നുതവണയാണ് പരീക്ഷണം നടത്തിയിട്ടുള്ളത്.സെപ്റ്റംബര്‍ രണ്ടിന് രാജസ്ഥാനിലെ പൊഖ്‌റാനില്‍ നടത്തിയ പരീക്ഷണത്തിലാണ് അപകടം നടന്നത്. പരീക്ഷണത്തിനിടെ പീരങ്കിക്കുള്ളില്‍ വെച്ച്തന്നെ ഷെല്‍ പൊട്ടിത്തറിച്ച് പുറത്തേക്ക് തെറിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ല.