Connect with us

National

ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ടോം ഉഴുന്നാല്‍ മോചിതനായി

Published

|

Last Updated

ഒമാൻ മാധ്യമങ്ങൾ പുറത്തുവിട്ട ഉഴുന്നാലിൻെറ പുതിയ ചിത്രം

ന്യൂഡല്‍ഹി: ഒരു വര്‍ഷം മുമ്പ് യമനില്‍ നിന്ന് എെഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ടോം ഉഴുന്നാല്‍ മോചിതനായി. ഒമാൻ സര്‍ക്കാറിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഭീകരര്‍ ടോം ഉഴുന്നാലിനെ വിട്ടയച്ചത്. ഒമാൻ മാധ്യമങ്ങളാണ് അദ്ദേഹത്തിൻെറ പുതിയ ചിത്രം സഹിതം ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നാലെ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വാർത്ത സ്ഥിരീകരിച്ചു. സന്തോഷത്തോടെയാണ് ഇക്കാര്യം അറിയിക്കുന്നത് എന്ന് അവർ ട്വീറ്റ് ചെയ്തു. യമനിൽ നിന്ന് അദ്ദേഹത്തെ ഒമാൻ തലസ്ഥാനമായ മസ്കത്തിൽ എത്തിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ഉച്ചക്ക് ശേഷം ഒരു ചാർട്ടേഡ് വിമാനത്തിൽ അദ്ദേഹത്തെ കൊണ്ടുപോയിട്ടുണ്ട് എന്ന് വിവരമുണ്ട്. ഇത് വത്തിക്കാനിലേക്കാണോ അതോ ഡൽഹിയിലേക്ക് ആണോ എന്നത് വ്യക്തമല്ല.

ടോം ഉഴുന്നാൽ ജീവനോടെ ഉണ്ടെന്നും അദ്ദേഹത്തിൻെറ മോചനത്തിനായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും യമന്‍ ഉപപ്രധാനമന്ത്രി അബ്ദുല്‍ മാലിക് അബ്ദുല്‍ ജലീല്‍ അല്‍ മഖ്‌ലഫി, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ അറിയിച്ചിരുന്നു. അടുത്തിടെ ഡല്‍ഹി സന്ദര്‍ശിച്ചപ്പോള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചിരുന്നത്.

2016 മാര്‍ച്ച് നാലിന് മിഷനറീസ് ഓഫ് ചാരിറ്റി യെമനിലെ ഏഡനില്‍ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ചാണ് ഉഴുന്നാലിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.നാലു കന്യാസ്ത്രീകൾ, ആറ് ഇത്യോപ്യക്കാർ, ആറ് യെമൻകാർ എന്നിവരെ വധിച്ച ശേഷമാണ് ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. കോട്ടയം രാമപുരം സ്വദേശിയാണ് ടോമി ജോര്‍ജ് എന്ന് പേരുള്ള ഫാദര്‍ ടോം.

അദ്ദേഹം എവിടെയാണെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ അദ്ദേഹത്തെ തൂക്കിലേറ്റിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടെ അദ്ദേഹത്തിന്റെ ഒരു വീഡിയോ പുറത്തുവന്നത് ബന്ധുക്കള്‍ക്ക് ആശ്വാസം നല്‍കിയിരുന്നു. ഉഴുന്നാലിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഈ ദൃശ്യം പുറത്തുവന്നത്.

Latest