കെജ്‌രിവാള്‍ ഡല്‍ഹിയില്‍ തന്നെയുണ്ട്

  കെജ്‌രിവാള്‍ എവിടെപ്പോയി എന്നാണു കുറച്ചു നാളായി ചിലര്‍ ചോദിക്കുന്നത് ? അതിനും കുറച്ചു കാലം മുമ്പാണെങ്കില്‍ ഇയാള്‍ക്കെന്താ മോദിയെ കുറ്റം പറയാതെ ഉറങ്ങാന്‍ കഴിയില്ലെന്നുണ്ടോ എന്നായിരുന്നു ചോദ്യം. മറ്റുള്ളവരെ ദ്രോഹിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന മാനസികരോഗിയാണോ മോദി എന്ന് തുറന്നു ചോദിക്കാന്‍ ധൈര്യം കാട്ടിയ ഏക നേതാവ് കെജ്‌രിവാള്‍ ആയിരുന്നു എന്ന് ഓര്‍ക്കുക. അപ്പോള്‍ സംഘ്പരിവാര്‍ കൂട്ടം എല്ലാ അര്‍ഥത്തിലും കെജ്‌രിവാളിനെ അപഹസിച്ചപ്പോള്‍ അതില്‍ ആനന്ദം കൊണ്ടവരാണ് ഇപ്പോള്‍ ഈ ചോദ്യം ചോദിക്കുന്നത്. ചരിത്രം വളരെ പെട്ടെന്ന് മറക്കുക എന്ന സൗകര്യമുള്ളവരാണല്ലോ രാഷ്ട്രീയ നേതാക്കള്‍.
Posted on: September 12, 2017 6:49 am | Last updated: September 11, 2017 at 11:58 pm

അരവിന്ദ് കെജ്‌രിവാള്‍ എവിടെപ്പോയി എന്നാണു കുറച്ചു നാളായി ചിലര്‍ ചോദിക്കുന്നത് ? അതിനും കുറച്ചു കാലം മുമ്പാണെങ്കില്‍ ഇയാള്‍ക്കെന്താ മോദിയെ കുറ്റം പറയാതെ ഉറങ്ങാന്‍ കഴിയില്ലെന്നുണ്ടോ എന്നായിരുന്നു ചോദ്യം. മറ്റുള്ളവരെ ദ്രോഹിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന മാനസികരോഗിയാണോ മോദി എന്ന് തുറന്നു ചോദിക്കാന്‍ ധൈര്യം കാട്ടിയ ഏക നേതാവ് കെജ്‌രിവാള്‍ ആയിരുന്നു എന്ന് ഓര്‍ക്കുക. അപ്പോള്‍ സംഘ്പരിവാര്‍ കൂട്ടം എല്ലാ അര്‍ഥത്തിലും കെജ്‌രിവാളിനെ അപഹസിച്ചപ്പോള്‍ അതില്‍ ആനന്ദം കൊണ്ടവരാണ് ഇപ്പോള്‍ ഈ ചോദ്യം ചോദിക്കുന്നത്. ചരിത്രം വളരെ പെട്ടെന്ന് മറക്കുക എന്ന സൗകര്യമുള്ളവരാണല്ലോ രാഷ്ട്രീയ നേതാക്കള്‍. 2013 നവംബറില്‍ ഒരത്ഭുതം പോലെ ഡല്‍ഹിയില്‍ ആം ആദ്മി 70 ല്‍ 28 സീറ്റ് പിടിച്ചപ്പോള്‍ അതൊരു ചക്കയിട്ടപ്പോള്‍ മുയല്‍ ചത്തത് പോലെ ഒന്നെന്ന രീതിയിലാണ് ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയക്കാര്‍ കണ്ടത്. അഴിമതി തടയാനുള്ള സമഗ്ര സംവിധാനമായ ജന്‍ ലോക്പാല്‍ നിയമം പാസാക്കാന്‍ കോണ്‍ഗ്രസ് തയാറല്ലെന്ന് വന്നപ്പോഴാണ് അവരുടെ പിന്തുണ ഉപേക്ഷിച്ചു ന്യുനപക്ഷമായ കെജ്‌രിവാള്‍ രാജിവെച്ചത്. അതിന് അദ്ദേഹം ഏല്‍ക്കാത്ത പരിഹാസമില്ല. ഭരിക്കാന്‍ അറിയാത്തവന്‍, അരാജകവാദി, നക്‌സല്‍ അനുഭാവി തുടങ്ങിയ പദങ്ങളാണ് എതിരാളികള്‍ പ്രയോഗിച്ചത്. ഇനി ആ പ്രതിഭാസം ഉണ്ടാകില്ല എന്ന് കോണ്‍ഗ്രസും ബി ജെ പിയും ഉറപ്പിച്ചു പറഞ്ഞു. 2014 മെയ് മാസത്തില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിയും കൂട്ടരും ഇന്ത്യ ആകെ കീഴടക്കി മുന്നേറിയപ്പോള്‍, കോണ്‍ഗ്രസ് തോറ്റമ്പിയതിലുള്ള ദുഃഖത്തേക്കാള്‍ ഡല്‍ഹിയില്‍ ആം ആദ്മിക്ക് ഒരൊറ്റ സീറ്റ് പോലും കിട്ടിയില്ലെന്നതില്‍ സന്തോഷിച്ച കോണ്‍ഗ്രസ് ‘മതേതരര്‍’ ഉണ്ടായിരുന്നു.

ആ വര്‍ഷം നടന്ന നാല് നിയമസഭാ തിരഞ്ഞെടുപ്പിലൊന്നും ആം ആദ്മി പാര്‍ട്ടി മത്സരിച്ചതുമില്ല. കശ്മീരടക്കം അധികാരത്തിന്റെ പങ്കു പറ്റി സര്‍വാധിപത്യം തെളിയിക്കാന്‍ മോദിക്ക് കഴിഞ്ഞു. എതിരാളിയില്ലാത്ത ഇന്ത്യ ഉണ്ടായി എന്ന് അഹങ്കരിച്ചു. 2015 ഫെബ്രുവരിയില്‍ ഡല്‍ഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് സീറ്റ് കിട്ടിയാല്‍ ഭാഗ്യം എന്നാണു ഇവരൊക്കെ പറഞ്ഞത്. ദില്ലി എന്നാല്‍ മോദിയുടെ കേന്ദ്ര സര്‍ക്കാര്‍ നേരിട്ടാണ് ഭരിച്ചുപോന്നത്. മോദി ലോകം മുഴുവന്‍ സ്വീകാര്യമാണ് എന്നതിനാല്‍ അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ അടുത്തറിയുന്ന ഡല്‍ഹിക്കാര്‍ ആ മാന്ത്രികതയില്‍ മയങ്ങാതിരിക്കില്ലല്ലോ. എട്ടു മാസം മുമ്പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലവും ഇതിനു വിശ്വാസ്യത പകരുന്നു. ഭരണം ഇട്ടെറിഞ്ഞു പോയ കെജ്‌രിവാളിനെ ഇവര്‍ അരാജകവാദി എന്നും മറ്റും വിളിച്ചതില്‍ അത്ഭുതമില്ല. ഒരു മന്ത്രി സ്ഥാനത്തിനും രാജ്യസഭാ സീറ്റിനും വേണ്ടി എന്തും ചെയ്യാന്‍, എത്ര കോടിയും മുടക്കാന്‍ തയ്യാറാകുന്ന, ഏതു ജനപ്രതിനിധിയെയും ഇപ്പോഴും ചാക്കിട്ടു പിടിക്കാന്‍ നടക്കുന്ന ബി ജെ പി, കോണ്‍ഗ്രസ് പ്രഭൃതികള്‍ക്കു ഇത് മനസ്സിലാകില്ലല്ലോ. അന്നാ ഹസാരെക്കൊപ്പം നിന്ന കിരണ്‍ ബേദിയെ മുന്നില്‍ നിര്‍ത്തി, പ്രധാനമന്ത്രിയടക്കം ഒട്ടനവധി മന്ത്രിമാരും എം പി മാരും മുഖ്യമന്ത്രിമാരും വീട് കയറിപ്പോലും പ്രചാരണം നടത്തിയും തലസ്ഥാനഭരണം പിടിക്കാനുള്ള മോദിയുടെ ശ്രമം ഡല്‍ഹി ജനത അതിദയനീയമായി പരാജയപ്പെടുത്തി. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആര്‍ക്കും കിട്ടാത്ത വിജയം, എഴുപതില്‍ അറുപത്തേഴു സീറ്റ് നല്‍കി ആം ആദ്മിയെ അവര്‍ വിജയിപ്പിച്ചു. ഇതില്‍പരം വലിയ ഒരടി മോദി എന്ന പ്രധാനമന്ത്രിക്ക് കിട്ടാനില്ലല്ലോ.

ഈ അടി മറക്കാന്‍ മോദി ഒരിക്കലും തയ്യാറായിട്ടില്ല. ആ സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ ജനോപകാരപ്രവര്‍ത്തനങ്ങളും തകര്‍ക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറായ ഒരു കേന്ദ്ര സര്‍ക്കാറിനെയാണ് പിന്നെ നാം കാണുന്നത്. ഡല്‍ഹിയുടെ പ്രത്യേക പദവിയും ലെഫ്റ്റനന്റ് ഗവര്‍ണര്‍ എന്ന ഒരു ഏജന്റും കേന്ദ്ര സര്‍ക്കാറിന്റെ ആയുധങ്ങളായി. വ്യത്യസ്ത കക്ഷികള്‍ മുമ്പും കേന്ദ്രവും ഡല്‍ഹിയും ഭരിച്ചിട്ടുണ്ട്. പക്ഷേ, അന്നൊന്നും ഇത്തരത്തില്‍ തരം താണ ഇടപെടല്‍ കേന്ദ്രം നടത്തിയിട്ടില്ല. അഴിമതി അന്വേഷണ സംവിധാനം ഡല്‍ഹി സര്‍ക്കാറില്‍ നിന്നും കേന്ദ്രം ഏറ്റെടുത്തു കൊണ്ടായിരുന്നു തുടക്കം. മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം യാതൊരു മുന്നറിയിപ്പുമില്ലാതെയുള്ള സി ബി ഐ പരിശോധന, കള്ളക്കേസുകള്‍ ഉണ്ടാക്കി എം എല്‍ എമാരെ അറസ്റ്റു ചെയ്യല്‍ നാടകം, നിയമസഭ പാസാക്കിയ ജനപക്ഷ നിയമങ്ങള്‍ അംഗീകരിക്കാതെ തടഞ്ഞുവെക്കല്‍ (അതില്‍ ജന്‍ ലോക്പാലും സ്‌കൂളുകളിലെ ഫീസ് കൊള്ള തടയാനുള്ളതും കുറഞ്ഞ കൂലി ഉയര്‍ത്തി നിശ്ചയിക്കുന്നതും മൊഹല്ല ക്ലിനിക്കുകളും സര്‍ക്കാര്‍ വിദ്യാലയങ്ങളും സ്ഥാപിക്കലുമെല്ലാം ഉള്‍പ്പെട്ടിരുന്നു) അങ്ങനെ പോയി ദ്രോഹങ്ങള്‍. അഴിമതിക്കെതിരെ വലിയ വായില്‍ പ്രസംഗിച്ചു അധികാരമേറ്റ മോദി, 60 വര്‍ഷം കേന്ദ്രവും മിക്ക സംസ്ഥാനങ്ങളും ഭരിച്ച കോണ്‍ഗ്രസിന്റെ ഒരു പഞ്ചായത്തു അംഗത്തെപ്പോലും അറസ്റ്റ് ചെയ്യാന്‍ കഴിയാത്ത മോദി, ഡല്‍ഹിയിലെ ഒരു വര്‍ഷം പോലും പ്രായമില്ലാത്ത ആം ആദ്മി സര്‍ക്കാറിലെ 14 എം എല്‍ എ മാരെ അറസ്റ്റ് ചെയ്തതിലെ വൈരുധ്യം ആര്‍ക്കാണ് മനസ്സിലാകാതിരിക്കുക?

ഇത്രയധികം ദ്രോഹങ്ങള്‍ ഡല്‍ഹി സര്‍ക്കാറിനെതിരെ ഉണ്ടായിട്ടും ജനാധിപത്യമതേതരവാദികള്‍ എന്നവകാശപ്പെടുന്ന കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ ഒരക്ഷരം മിണ്ടിയില്ല. അല്‍പമെങ്കിലും ശബ്ദിച്ചത് ഇടതുപക്ഷമാണ്. ധീരമായി പറഞ്ഞത് മമത ബാനര്‍ജിയാണ്. ശുദ്ധജലം സൗജന്യമായി നല്‍കല്‍, വൈദ്യുതിവില വളരെ കുറഞ്ഞനിരക്കിലാക്കല്‍,അത്യാധുനിക സൗകര്യങ്ങളോടെയുള്ള നൂറുകണക്കിന് മൊഹല്ല ക്ലിനിക്കുകള്‍, എല്ലാവിധ ചികിത്സകളും പരിശോധനകളും മരുന്നുകളും രോഗിക്ക് സൗജന്യമായി ലഭ്യമാകുന്ന പോളി ക്ലിനിക്കുകള്‍, ബജറ്റിന്റെ 23 ശതമാനം വിദ്യാഭ്യാസത്തിനു നീക്കിവെക്കല്‍, സ്വിമ്മിംഗ് പൂളുകളോട് കൂടിയ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍, രണ്ട് വര്‍ഷം കൊണ്ട് 12000 പുതിയ ക്ലാസ് മുറികള്‍ നിര്‍മിക്കല്‍, സ്വകാര്യ വിദ്യാലയങ്ങളിലെ ഫീസ് നിയന്ത്രണം (അത് ചെയ്യാന്‍ തയ്യാറാകാത്ത സ്‌കൂളുകള്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം), സര്‍ക്കാര്‍ ജാമ്യത്തില്‍ 10 ലക്ഷം വരെ വിദ്യാഭ്യാസ വായ്പ, സ്‌പോര്‍ട്‌സ് സര്‍വകലാശാല, സിഖ് കലാപത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അഞ്ചു ലക്ഷം നഷ്ടപരിഹാരം, അഞ്ചു രൂപക്ക് ആം ആദ്മി ഉച്ചഭക്ഷണം, കര്‍ഷകര്‍ക്ക് ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാരം, ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വാറ്റ് , എന്നിട്ടും നികുതി വരുമാനത്തില്‍ വന്‍ വര്‍ധനവ്, അഴിമതി ഏറ്റവും കുറഞ്ഞ ഭരണ സംവിധാനമാക്കല്‍, 250 കോടിയുടെ മതിപ്പുചെലവുള്ള ഫ്‌ളൈ ഓവറുകള്‍ 100 കോടി കൊണ്ട് പൂര്‍ത്തിയാക്കല്‍, ഏറ്റവുമൊടുവില്‍ 1200 പൊതു ശുചിമുറികളുടെ നിര്‍മാണം ഇതെല്ലാം സാധ്യമാകുന്ന ഒരു ഭരണം.

മോദിയുടെ തെറ്റായ നയങ്ങളെ ഏറ്റവും ആദ്യം ശക്തമായി എതിര്‍ക്കാന്‍ കെജ്‌രിവാള്‍ ആണുണ്ടാകുക. നോട്ട് പിന്‍വലിക്കല്‍ നടത്തിയപ്പോള്‍ മറ്റുള്ളവര്‍ അതിനെ ഒരു വിഡ്ഢിത്തമായി, മുന്നൊരുക്കങ്ങള്‍ ഇല്ലാതെ ചെയ്ത നടപടിയായി കണ്ട് എതിര്‍ത്തപ്പോള്‍; അത് ഒരു കോര്‍പറേറ്റ് അജന്‍ഡയാണെന്നും എട്ട് ലക്ഷം കോടി രൂപ വന്‍ കിടക്കാരില്‍ നിന്നും പിരിഞ്ഞു കിട്ടാനുള്ള ബേങ്കുകളെ രക്ഷിക്കാനുള്ള നടപടിയാണെന്നും വളരെ ആലോചിച്ചു ചെയ്ത ജനദ്രോഹമാണെന്നും തുറന്നടിച്ചത് കെജ്‌രിവാളായിരുന്നു. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കുള്ള ഏറ്റവും പ്രധാന ആയുധം തിരഞ്ഞെടുപ്പാണ്. മോദി വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടത്തി എന്ന് ആദ്യമായി പറഞ്ഞത് കെജ്‌രിവാള്‍ ആയിരുന്നു. പിന്നീട് യു പി ഫലം വന്നപ്പോള്‍ മായാവതിയും ഇതേ ആരോപണം ഉന്നയിച്ചു. അന്നൊക്കെ മൗനം പാലിച്ച മുഖ്യധാരക്കാര്‍ക്കു തന്നെ ഒടുവില്‍ രാഷ്ട്രപതിയെ ഇക്കാര്യത്തില്‍ സമീപിക്കേണ്ടി വന്നു. ഡല്‍ഹി നിയമസഭയില്‍ തന്നെ ഇതിലെ തട്ടിപ്പു തുറന്നു കാട്ടിക്കൊണ്ടു സൗരഭ് ഭരദ്വാജ് വിശദീകരിച്ചപ്പോഴും മുഖ്യധാരാ മാധ്യമങ്ങള്‍ അതിനെ ഗൗരവമായി എടുത്തില്ല. ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഈ തട്ടിപ്പു വ്യാപകമായി നടത്തി എന്ന ആരോപണവും കോണ്‍ഗ്രസും മറ്റും പുച്ഛിച്ചു തള്ളി. പഞ്ചാബില്‍ ഈ തട്ടിപ്പിന്റെ ഗുണഭോക്താക്കള്‍ ഒരു പരിധി വരെ കോണ്‍ഗ്രസ് ആയിരുന്നു. പക്ഷേ, ആം ആദ്മി ആരോപണത്തില്‍ ഉറച്ചു നിന്നു. അതുകൊണ്ടാണ് പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ വി വി പാറ്റ് എന്ന സംവിധാനം കൊണ്ടുവന്നത്. ഒട്ടുമിക്ക വികസിതരാജ്യങ്ങളും ഇലക്ട്രോണിക് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നില്ല. അങ്ങനെ നടക്കുന്നിടങ്ങളില്‍ സമാന്തരമായി കടലാസ് വോട്ടും ഉണ്ട്. സംശയമുള്ള ബൂത്തുകളില്‍ കടലാസ് വോട്ടു കൂടി എണ്ണാന്‍ കഴിയുമെന്നതാണ് വി വി പാറ്റ് നല്‍കുന്ന അധിക സൗകര്യം. ആം ആദ്മി ഉന്നയിച്ച ആരോപണം ശരിയാണെന്നു ഡല്‍ഹി നിയമസഭയിലേക്ക് ബവാന മണ്ഡലത്തില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നു. ഒന്ന് രണ്ട് മാസങ്ങള്‍ക്കു മുമ്പ് ഡല്‍ഹിയിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒന്നായിരുന്നു ഈ ഫലം. ഈ മണ്ഡലം ഉള്‍ക്കൊള്ളുന്ന ആറു നഗരസഭാവാര്‍ഡുകളില്‍ അഞ്ചിലും വന്‍ ഭൂരിപക്ഷം നേടി ജയിച്ചത് ബി ജെ പിയായിരുന്നു. എന്നാല്‍ ഈ ഉപതിരഞ്ഞെടുപ്പില്‍ 24,500ല്‍ പരം വോട്ടിനാണ് അവിടെ ആം ആദ്മി ജയിച്ചത്. ഒന്ന് രണ്ട് മാസങ്ങള്‍ കൊണ്ട് ഇത്ര വലിയ ബി ജെ പിവിരുദ്ധ തരംഗം അവിടെ ഉണ്ടാകുമെന്നു കരുതാന്‍ കഴിയില്ല. ആം ആദ്മി എം എല്‍ എ യെ ചാക്കിട്ടു പിടിച്ചു സ്വന്തം സ്ഥാനാര്‍ഥി ആക്കിയിട്ടും ഇത്ര വലിയ തോല്‍വി ഉണ്ടായി എന്നത് ശ്രദ്ധേയമാണ്.

പഞ്ചാബ് നിയമസഭയില്‍ ആം ആദ്മി ഭൂരിപക്ഷം നേടാതിരിക്കാന്‍ കോണ്‍ഗ്രസും ബി ജെ പിയും ഒത്തുകളിച്ചു എന്ന ആരോപണം തള്ളിക്കളയാന്‍ കഴിയില്ലെന്ന് വോട്ട് നില പരിശോധിച്ച വിശകലന വിദഗ്ധര്‍ പറയുന്നു. കോണ്‍ഗ്രസ് തോല്‍ക്കുമെന്നുറപ്പുള്ളിടത്ത് അവരുടെ വോട്ട് ബി ജെപിക്കു നല്‍കി. അത് പോലെ മറിച്ചും ചെയ്തു. അതുകൊണ്ടാണ് തോറ്റമ്പും എന്ന് പ്രവചനമുണ്ടായിട്ടും ബി ജെ പി സഖ്യത്തിന് കൂടുതല്‍ സീറ്റും വോട്ടും കിട്ടിയത്. രണ്ട് പേരും എന്നല്ല ഒട്ടു മിക്ക കക്ഷികളും ആം ആദ്മി ജയം ഇഷ്ടപ്പെടാതിരിക്കുന്നതെന്തു കൊണ്ട്? കാരണം വ്യക്തം. അഴിമതി എന്നതിനെ മറ്റുള്ളവര്‍ കാണുന്ന രീതിയിലല്ല ആം ആദ്മി കാണുന്നത്. ഏറ്റവും വലിയ അഴിമതി പാര്‍ട്ടികള്‍ക്കു ലഭിക്കുന്ന സംഭാവനയാണ്. സ്വയം അഴിമതി നടത്താത്ത ഒട്ടനവധി നേതാക്കള്‍ ഉണ്ട്. പക്ഷേ പാര്‍ട്ടിക്ക് വേണ്ടി എന്നാകുമ്പോള്‍ അവര്‍ കണ്ണടക്കുന്നു. പാര്‍ട്ടിക്കുള്ള സംഭാവനയായി പിരിക്കുന്ന ഒരു രൂപ പോലും സുതാര്യമായിരിക്കണം എന്ന ആം ആദ്മി നിലപാട് ആര്‍ക്കും സ്വീകാര്യമല്ല. ചെക്ക് വഴി മാത്രം പണം പിരിക്കല്‍ മറ്റൊരു കക്ഷിക്കും അംഗീകരിക്കാന്‍ കഴിയില്ല. കാരണം ബേങ്ക് വഴി ആര്‍ക്കും അത് പരിശോധിക്കാം. അതും എല്ലാ സംസ്ഥാനങ്ങള്‍ക്കും ഉള്ള ഒരൊറ്റ അക്കൗണ്ട്. മറ്റു പാര്‍ട്ടികള്‍ അവരുടെ എണ്‍പതും തൊണ്ണൂറും ശതമാനം വരുമാനത്തിന്റെ സ്രോതസ്സ് കാണിക്കാതിരിക്കുമ്പോഴാണ് ആം ആദ്മി ഇങ്ങനെ ചെയ്യുന്നത്. എന്നിട്ടും ഇത്ര സുതാര്യമായി പണം പിരിക്കുന്ന ആം ആദ്മിയുടെ അക്കൗണ്ട് മാത്രമേ എന്നും ആദായനികുതി വകുപ്പ് സംശയത്തോടെ പരിശോധിക്കാറുള്ളൂ. മറ്റാരുടെയും കാര്യത്തില്‍ അവര്‍ക്കു സംശയമേയില്ല. രാഷ്ട്രീയ കക്ഷികള്‍ക്കു വിവരാവകാശനിയമം ബാധകമാക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശത്തെ പിന്താങ്ങാന്‍ ആം ആദ്മി മാത്രമേ ഉണ്ടായുള്ളൂ എന്നത് സത്യമാണ്.

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് കോണ്‍ഗ്രസും ബി ജെ പിയും നടത്തിയ ശക്തമായ ഒരു പ്രചാരണം ഹരിയാനക്കാരനായ കെജ്‌രിവാള്‍ പഞ്ചാബില്‍ ഭരിക്കാനൊരുങ്ങുന്നു എന്നതായിരുന്നു. പഞ്ചാബി പ്രാദേശികവികാരം എന്നും ഹരിയാനക്കെതിരായി ഉണ്ടായിരുന്നല്ലോ. ഡല്‍ഹി ഭരണത്തില്‍ കെജ്‌രിവാള്‍ ശ്രദ്ധിക്കുന്നില്ല എന്നും അവര്‍ പ്രചരിപ്പിച്ചു. നഗരസഭാതിരഞ്ഞെടുപ്പിലെ ആം ആദ്മിയുടെ തോല്‍വി അവര്‍ ഉയര്‍ത്തിക്കാട്ടി. പക്ഷേ അടുത്ത കാലത്ത് നടന്ന എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും എന്‍ ഡി എ ജയിച്ചപ്പോള്‍ ഡല്‍ഹിയില്‍ മാത്രമാണ് അവര്‍ തോറ്റത് എന്ന് ഓര്‍ക്കണം. എന്നിട്ടും സംയുക്ത പ്രതിപക്ഷ ചര്‍ച്ചകളില്‍ ആം ആദ്മി പാര്‍ട്ടിയെ പങ്കെടുപ്പിക്കരുതെന്നു കോണ്‍ഗ്രസും മറ്റും നിര്‍ബന്ധം പിടിക്കുന്നതെന്തു കൊണ്ട്? കാരണങ്ങള്‍ വ്യക്തം. അഴിമതിക്കെതിരെ സന്ധിയില്ലാത്ത നിലപാടെടുക്കുന്ന പാര്‍ട്ടി അവര്‍ക്കൊന്നും സ്വീകാര്യമല്ല. ഇവരെല്ലാം പരസ്പരസഹായ സംഘമായി നടത്തുന്ന അഴിമതികള്‍ തുറന്നുകാട്ടപ്പെടും. അതിനുമപ്പുറം മറ്റൊന്നുമുണ്ട് കോണ്‍ഗ്രസിന്. മോദിക്കെതിരെ അഖിലേന്ത്യാ തലത്തില്‍ നില്‍ക്കാന്‍ വ്യക്തിപ്രഭാവവും സ്വീകാര്യതയും മതേതരത്വനിലപാടും ഉള്ള മറ്റൊരു നേതാവ് ഇന്നില്ല. ആ സ്ഥാനം തങ്ങള്‍ക്കാണെന്നു, അത് രാഹുല്‍ ഗാന്ധിയാണെന്നു സ്ഥാപിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം . അതെത്ര വലിയ ദുരന്തമായിരിക്കുമെന്നു കാണാന്‍ ജ്യോതിഷിയുടെ സഹായമൊന്നും വേണ്ട. പക്ഷേ, ഇങ്ങനെ കോണ്‍ഗ്രസ് മാത്രം തീരുമാനിച്ചാല്‍ പോരാ. ഇന്ത്യന്‍ ജനത തീരുമാനിക്കണം. അത് ചരിത്രം നിശ്ചയിക്കട്ടെ. തങ്ങള്‍ക്കു കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിയില്ലെന്ന് ഉറപ്പുള്ള സംസ്ഥാനങ്ങളില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കാറില്ല. എന്നാല്‍ മോദിയുടെ സ്വന്തം ഗുജറാത്തില്‍ പോലും ഇപ്പോള്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന അവസ്ഥയിലേക്ക് തങ്ങള്‍ എത്തിയിരിക്കുന്നു എന്നാണു ആം ആദ്മി പാര്‍ട്ടി വിലയിരുത്തുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന് നഷ്ടപ്പെട്ടേക്കുമെന്നു കരുതിയ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ കഴിഞ്ഞേക്കും.