‘ഖത്വര്‍ ജീവിതം’ ആമസോണ്‍ ബെസ്റ്റ് സെല്ലര്‍

Posted on: September 11, 2017 10:10 pm | Last updated: September 11, 2017 at 10:10 pm

ദോഹ: ഖത്വര്‍ ജീവിതത്തെ അനാവരണം ചെയ്യുന്ന പ്രവാസിയുടെ പുസ്തകം ആമസോണ്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ആസ്‌ത്രേലിയക്കാരനായ ഖത്വറിലെ പ്രവാസി മികോളയ് നാപിറല്‍സ്‌കി രചിച്ച ‘ഗോഡ് വില്ലിംഗ്; ഹൗ ടു സര്‍വൈവ്് എക്‌സ്പാറ്റ് ലൈഫ് ഇന്‍ ഖത്വര്‍’ എന്ന പുസ്തകമാണ് ബെസ്റ്റ് സെല്ലറില്‍ ഒന്നാം നിരയിലെത്തിയത്.

ഖത്വറിന്റെ കാണാക്കാഴ്ചകളിലേക്ക് വായനക്കാരനെ കൊണ്ടുപോകുന്നതാണ് പുസ്തകം. ചെറുകഥകളും നാടന്‍ ഫലിതങ്ങളും ചില ഉപകാരപ്രദമായ നിര്‍ദേശങ്ങളും ഉള്‍ക്കൊള്ളിച്ചാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഖത്വറിലെത്തുന്ന ഏതൊരാള്‍ക്കും വളരെ പ്രയോജനകരമായിരിക്കും ഈ പുസ്തകമെന്നും ചിലപ്പോള്‍ പ്രതീക്ഷകള്‍ക്കും മുകളിലുമാകാമെന്നും ഗ്രന്ഥകര്‍ത്താവായ മികോളയ് പറയുന്നു.

ഖത്വറിന്റെ അപൂര്‍വ നിമിഷങ്ങള്‍ ഒപ്പിയെടുത്ത പുസ്തകമാണിത്. കിഴക്കും പടിഞ്ഞാറും ഒത്തുചേര്‍ന്നതിന്റെയും ലോകത്തിന്റെ വിശാലതയിലേക്ക് വാതിലുകള്‍ മലക്കെ തുറന്നിട്ട ഒരു രാജ്യത്തിന്റെയും പ്രത്യേകമായ കഥയാണ് താന്‍ പറയാന്‍ ശ്രമിച്ചതെന്നും മികോളയ് പറഞ്ഞു. രാജ്യത്തെ ഹോട്ടലുകളില്‍ നിന്നും ഷോപ്പിംഗ് മാളുകളില്‍ നിന്നും എക്‌സിബിഷന്‍ സെന്ററുകളിലേക്കും വിദ്യാഭ്യാസ അടിസ്ഥാനസൗക്യങ്ങളിലേക്കും ഒരു പ്രാവാസിയുടെ കണ്ണുകള്‍ പതിയുകയാണ്. ഇനി അമ്പത് വര്‍ഷം വരെയെങ്കിലും ഖത്വറിലെ പ്രവാസ ജീവിതത്തിന്റെ യാഥാര്‍ഥ ചിത്രം ഈ പുസ്തകം വായനക്കാരിലെത്തിക്കുമെന്നാണ് തന്റെ പത്രീക്ഷയെന്നും അദ്ദേഹം പറഞ്ഞു.