ഭീഷണി പ്രസംഗം: ശശികലക്കെതിരെ കൊച്ചിയിലും കോഴിക്കോട്ടും കേസെടുത്തു

Posted on: September 11, 2017 11:17 am | Last updated: September 11, 2017 at 4:41 pm

കൊച്ചി: മതേതര എഴുത്തുകാരെ ഭീഷണിപ്പെടുത്തി പ്രസംഗിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികലക്കെതിരെ പോലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153ാം വകുപ്പ് പ്രകാരമാണ് കേസ്. ജാമ്യമില്ലാ വകുപ്പാണിത്. മതവിദ്വേഷം വളര്‍ത്തിയതിനും മതവികാരം വ്രണപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. ശശികലക്കെതിരെ വിഡി സതീശനും ഡിവൈഎഫ്‌ഐയുമാണ് പരാതി നല്‍കിയത്.

എഴുത്തുകാര്‍ ക്ഷേത്രത്തില്‍ പോയി ആയുസ്സിന് വേണ്ടി മൃത്യുഞ്ജയ ഹോമം കഴിപ്പിക്കണമെന്നും ഇല്ലെങ്കില്‍ ഗൗരി ലങ്കേഷിന്റെ ഗതി നിങ്ങള്‍ക്കും വരുമെന്നായിരുന്നു ശശികലയുടെ വിദ്വേഷ പ്രസംഗം.

പറവൂരില്‍ ഹിന്ദു ഐക്യവേദി വെള്ളിയാഴ്ച സംഘടിപ്പിച്ച പൊതുയോഗത്തിലാണ് ശശികല എഴുത്തുകാരെ ഭീഷണിപ്പെടുത്തിയത്. ‘ഇവിടത്തെ മതേതരവാദികളായ എഴുത്തുകാരോട് പറയാനുള്ളത് ഇതാണ്. മക്കളേ, നിങ്ങള്‍ക്ക് ആയുസ്സ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തിക്കോളിന്‍. എപ്പഴാ എന്താ വരികയെന്ന് പറയാന്‍ ഒരു പിടിത്തം ഉണ്ടാകില്ല. ഇത് ഓര്‍ത്തുവെക്കണമെന്ന് പറയുകയാണ്. മൃത്യുഞ്ജയ ഹോമം അടുത്തുള്ള ഏതെങ്കിലും ശിവ ക്ഷേത്രത്തില്‍ പോയി ചെയ്‌തോളൂ. അല്ലെങ്കില്‍ ഗൗരിമാരേ, നിങ്ങളും ഇരകളാക്കപ്പെടാം’ ശശികല പറയുന്നു.
പ്രസംഗം വിവാദമായതോടെ, താന്‍ എഴുത്തുകാരെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന വാദവുമായി ശശികല പിന്നീട് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസാണ് എഴുത്തുകാരെ കൊല്ലുന്നത്. കോണ്‍ഗ്രസിനെ കരുതിയിരിക്കണമെന്നാണ് താന്‍ പറഞ്ഞത്. ആര്‍ എസ് എസിനെതിരായി എഴുതുന്നവരെ കൊല്ലണമെങ്കില്‍ അതിന് മാത്രമേ സമയം ഉണ്ടാകൂ എന്നും ശശികല പറഞ്ഞു.
മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ ശശികലക്കെതിരെ കോഴിക്കോട് കസബ പോലീസ് കേസെടുത്തിട്ടുണ്ട്. 2006ല്‍ കോഴിക്കോട് മുതലക്കുളത്ത് വെച്ചുനടത്തിയ പ്രസംഗത്തിനെതിരെയാണ് നടപടി. മാറാട് കലാപവുമായി ബന്ധപ്പെട്ട് മതസൗഹാര്‍ദം തകര്‍ക്കുന്ന രീതിയില്‍ പ്രസംഗിച്ചുവെന്ന പരാതിയിലാണ് കേസ്.