Connect with us

National

കര്‍ണാടകയില്‍ ഉദ്യോഗസ്ഥരുടെ മക്കളെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിപ്പിക്കണം

Published

|

Last Updated

ബെംഗളൂരു: കര്‍ണാടകയില്‍ ജനപ്രതിനിധികളും മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളില്‍ തന്നെ പഠിപ്പിക്കണമെന്ന് കന്നഡ വികസന അതോറിറ്റി സര്‍ക്കാറിന് ശിപാര്‍ശ നല്‍കി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികള്‍ കുറഞ്ഞുവരുന്നത് ഇല്ലാതാക്കാനാണ് കെ ഡി എ ഇത് സംബന്ധിച്ച ശിപാര്‍ശ സമര്‍പ്പിച്ചത്. പൊതുവിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള 21 നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് പുറത്തിറക്കിയത്. മന്ത്രിമാരും ജനപ്രതിനിധികളുമെല്ലാം കുട്ടികളെ സ്വകാര്യ സ്‌കൂളിലാണ് ചേര്‍ക്കുന്നതെന്നും ഇതുമൂലം പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ജനപ്രതിനിധികള്‍ക്ക് താത്പര്യമില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്താന്‍ ഇവരുടെ കുട്ടികളെ ചേര്‍ക്കുന്നത് മികച്ച പരിഹാരമാര്‍ഗമാകുമെന്ന് കന്നഡ വികസന അതോറിറ്റി ചെയര്‍മാന്‍ എസ് ജി സിദ്ധരാമയ്യ പറഞ്ഞു. ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇംഗ്ലീഷ് പഠിക്കുന്നതിനായാണ് മാതാപിതാക്കള്‍ കുട്ടികളെ സ്വകാര്യ സ്‌കൂളുകളില്‍ ചേര്‍ക്കുന്നത്. ഇതിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നാം ക്ലാസ് മുതല്‍ ഇംഗ്ലീഷ് പഠനം ഉള്‍പ്പെടുത്തണമെന്ന് കെ ഡി എ നിര്‍ദേശിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ കുട്ടികളുടെ കുറവ് കാരണം സംസ്ഥാനത്ത് 1,782 സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടി. എന്നാല്‍, സ്വകാര്യ സ്‌കൂളുകളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്ന സാഹചര്യമാണുള്ളത്. ഇതിന് തടയിടാനാണ് കുട്ടികളെ നിര്‍ബന്ധമായും സര്‍ക്കാര്‍ സ്‌കൂളുകളില്‍ തന്നെ ചേര്‍ക്കണമെന്ന് കെ ഡി എ നിര്‍ദേശിച്ചത്.
പല സര്‍ക്കാര്‍ സ്‌കൂളുകളിലും ശുചിമുറി അടക്കമുള്ള പ്രാഥമിക സൗകര്യങ്ങളില്ല. ആവശ്യത്തിന് അധ്യാപകരെ നിയമിക്കുന്നതില്‍ പോലും സര്‍ക്കാര്‍ പരാജയപ്പെടുന്നു. ഇത്തരം കാര്യങ്ങളില്‍ അടിയന്തര പരിഹാരം കാണണമെന്നും കെ ഡി എ നിര്‍ദേശിച്ചു.

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പാവപ്പെട്ട കുട്ടികള്‍ക്ക് പ്രവേശനം നല്‍കാനുള്ള ഉത്തരവാദിത്വം സ്വകാര്യ സ്‌കൂളുകള്‍ക്കുണ്ട്. കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നതിന് സ്വകാര്യ സ്‌കൂളുകള്‍ക്ക് പഠന ഫീസ് സര്‍ക്കാര്‍ നല്‍കുന്നുണ്ട്. 2016- 17 വര്‍ഷത്തില്‍ ഈ വകയില്‍ സര്‍ക്കാര്‍ നല്‍കിയത് 930 കോടി രൂപയാണ്. സ്വകാര്യ സ്‌കൂളുകളില്‍ പാവപ്പെട്ട കുട്ടികള്‍ക്കുള്ള പ്രവേശനത്തിന് സര്‍ക്കാര്‍ പണം നല്‍കുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കന്നഡ വികസന അതോറിറ്റിയുടെ ശിപാര്‍ശകള്‍ ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
കര്‍ണാടകയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്‌കൂള്‍ പഠനം ഉപേക്ഷിച്ചത് മൂന്ന് ലക്ഷത്തോളം വിദ്യാര്‍ഥികളാണ്. ഇന്ത്യാ ഗവേണ്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 2013 -14, 2014- 15 വിദ്യാഭ്യാസ വര്‍ഷത്തിനിടയില്‍ ഇവിടെ സ്‌കൂള്‍ വിട്ടത് 2.91 ലക്ഷം കുട്ടികളാണ്.

 

Latest