Kerala
തമിഴകം ചുവപ്പിക്കാന്‍ കമല്‍ ഹാസന്‍

കോഴിക്കോട്: രാഷ്ട്രീയ പ്രവേശം ഉടനുണ്ടാകുമെന്ന സൂചന നല്‍കിയ സിനിമാ താരം കമലഹാസന്‍ സി പി എം വേദിയിലെത്തുന്നു. ഈ മാസം 16ന് കോഴിക്കോട്ട് നടക്കുന്ന വര്‍ഗീയ ഫാസിസത്തിനെതിരായ ദേശീയ സെമിനാറില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സി പി എമ്മിന്റെ പ്രമുഖ നേതാക്കള്‍ സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്. നേരത്തെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുകയും ഹിന്ദുത്വ വര്‍ഗീയതക്കെതിരെ നിലകൊള്ളുമെന്ന് പരസ്യമായി വ്യക്തമാക്കുകയും ചെയ്തിരുന്നു കമല്‍ഹാസന്‍. നേരത്തെയും സി പി എം പരിപാടികളില്‍ കമല്‍ ഹാസന്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍, രാഷ്ട്രീയത്തിലിറങ്ങുമെന്ന് സൂചന നല്‍കിയതിന് ശേഷം ആദ്യമായാണ് സി പി എം പരിപാടിയില്‍ പങ്കെടുക്കുന്നത്.
തമിഴ്‌നാട്ടില്‍ മതേതര മുന്നണിക്ക് കമല്‍ഹാസന്‍ നേതൃത്വം നല്‍കണമെന്നാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നത്. ഇക്കാര്യം സി പി എം നേതാക്കള്‍ ഉള്‍പ്പെടെ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. എന്നാല്‍, അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം ഏത് രീതിയിലാകുമെന്ന് വ്യക്തമാക്കിയിട്ടില്ല. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് തമിഴ്‌നാട്ടില്‍ രൂപം നല്‍കുമോ അതല്ല, സി പി എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമോ എന്ന് വ്യക്തമല്ല.
രണ്ടായാലും ഇടത് പക്ഷ രാഷ്ട്രീയമാകും അദ്ദേഹത്തിന്റേതെന്ന് വ്യക്തമാണ്. ഇപ്പോള്‍ തന്നെ കമല്‍ഹാസന്റെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ അഞ്ച് ലക്ഷത്തോളം അംഗങ്ങളുള്ള സംഘടന പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ഇത് കൂടി ഉപയോഗപ്പെടുത്തി ഫാസിസത്തിനെതിരായ മുന്നേറ്റമുണ്ടാക്കാനാണ് അദ്ദേഹം താത്പര്യമെടുക്കുന്നത്. ഇതിന് സി പി എം ഉള്‍പ്പെടെയുള്ള ഇടത് പക്ഷത്തിന്റെ സഹകരണവും അദ്ദേഹം പ്രതീക്ഷിക്കുന്നു.
സംഘ്പരിവാര്‍ രാഷ്ട്രീയം ദക്ഷിണേന്ത്യയില്‍ വേരുറപ്പിക്കുന്നത് തടയലാണ് കമല്‍ഹാന്റെ രാഷ്ട്രീയ പ്രവേശനം കൊണ്ട് ലക്ഷ്യമിടുന്നത്. അത് കൊണ്ട് തന്നെ, എങ്ങനെയായാലും കമല്‍ഹാസനുമായി സഹകരിക്കാനാണ് സി പി എമ്മിന്റെ തീരുമാനം. അതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് നടക്കുന്ന സെമിനാറില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ ഉറ്റു നോക്കുന്നത്. നേരത്തെ കമല്‍ഹാസന്റതായി പുറത്ത് വന്ന കവിതയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശ സൂചന നല്‍കിയിത്. താന്‍ നേതാവായാല്‍ എന്ത് ചെയ്യുമെന്ന് സൂചിപ്പിക്കുന്നതാണ് എട്ട് വരി കവിത. മുഖ്യമന്ത്രി, നേതാവ് എന്നീ അര്‍ഥമുള്ള “മുതല്‍വര്‍” എന്ന തലക്കെട്ടിലാണ് കമലഹാസന്‍ കവിത ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
“നമ്മള്‍ രാജാക്കന്മാരല്ലെന്ന് തിരിച്ചറിയുക, നമ്മള്‍ വികാരപരമായി പ്രതികരിക്കരുത്, കാരണം നമ്മള്‍ നിങ്ങളെ പോലെ രാജാക്കന്മാരല്ല. അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്ക് വേണ്ടി നമ്മള്‍ പോരാട്ടം തുടരും, നമ്മള്‍ (ജനങ്ങള്‍) തീരുമാനിക്കുന്ന ദിവസം നമ്മള്‍ മുഖ്യമന്ത്രിയാകും. ഞങ്ങള്‍ അടിമകളാണെന്ന് കരുതരുത്”. എന്നിങ്ങനെയാണ് കവിത തുടരുന്നത്. വൈകാതെ താന്‍ സുപ്രധാന പ്രഖ്യാപനം നടത്തുമെന്നും കമലഹാസന്‍ പറഞ്ഞിരുന്നു. തമിഴ്‌നാട് രാഷ്ട്രീയം കലങ്ങിമറിയുന്ന സാഹചര്യത്തില്‍ കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെതായി കവിത പുറത്തുവന്നത്. ഇടതുനേതാക്കള്‍ എക്കാലവും തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് നേരത്തെ മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം കമല്‍ഹാസന്‍ പ്രതികരിച്ചിരുന്നു. കുടുംബത്തില്‍ നിരവധി പേര്‍ ഇടതുനിലപാടുകളോട് അനുഭാവമുള്ളവരാണെന്നും തമിഴ്‌നാട്ടിലെ ഇപ്പോഴുണ്ടായ രാഷ്ട്രീയ സമവാക്യങ്ങളെല്ലാം വെറും തമാശ മാത്രമാണെന്നും കമലഹാസന്‍ പ്രതികരിച്ചിരുന്നു. ഏതായാലും, പുതിയ സാഹചര്യത്തില്‍ കമല്‍ഹാസന്റെ കോഴിക്കോട് സന്ദര്‍ശനവും സി പി എം വേദിയിലെ സാന്നിധ്യവും രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നു. തമിഴ് നാട്ടിലും കമല്‍ഹാസന്റെ കേരള സന്ദര്‍ശനവും സി പി എം വേദിയിലെത്തുന്നതും വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്.
ജയലളിതയുടെ നിര്യാണത്തിന് ശേഷം കലങ്ങി മറിഞ്ഞ തമിഴ് നാട് രാഷ്ട്രീയത്തിന് കമലഹാസന്റെ കടന്നു വരവ് വലിയ പ്രതീക്ഷയാണ് പകരുന്നത്.