Connect with us

International

റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക്

Published

|

Last Updated

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഭക്ഷണത്തിനായി കൈ നീട്ടുന്ന അഭയാര്‍ഥികള്‍

ന്യൂയോര്‍ക്ക്/ധാക്ക: മ്യാന്മറില്‍ നിന്ന് പലായനം ചെയ്ത് ബംഗ്ലാദേശിലേക്കെത്തുന്ന റോഹിംഗ്യന്‍ മുസ്‌ലിംകളുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്കടുക്കുമ്പോള്‍ അടിയന്തര സഹായ പ്രഖ്യാപനവുമായി ഐക്യരാഷ്ട്ര സഭ. ബംഗ്ലാദേശ് അതിര്‍ത്തി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് അടിയന്തരമായി 77 ദശലക്ഷം ഡോളറിന്റെ സഹായം ആവശ്യമാണെന്ന് യു എന്‍ വൃത്തങ്ങള്‍ അറിയിച്ചു. ബംഗ്ലാദേശ് നഗരമായി കോക്‌സസ് ബസാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യു എന്‍ സന്നദ്ധ സംഘമാണ് ഇക്കാര്യം അറിയിച്ചത്. മ്യാന്മര്‍ സൈന്യത്തിന്റെയുംേ ബുദ്ധ തീവ്രവാദികളുടെയും ആക്രമണത്തിനിരയായി ബംഗ്ലാദേശ് അതിര്‍ത്തിയിലെത്തുന്ന റോഹിംഗ്യന്‍ മുസ്‌ലിംകളുടെ ആരോഗ്യാവസ്ഥ ഭീതിജനകമാണെന്നും രണ്ടാഴ്ചക്കിടെ അഭയാര്‍ഥികളായി എത്തിയ റോഹിംഗ്യകളുടെ എണ്ണം 2.90 ലക്ഷം കവിഞ്ഞിട്ടുണ്ടെന്നും യു എന്‍ വൃത്തങ്ങള്‍ അറിയിച്ചു. സ്ത്രീകളും കുട്ടികളുമടക്കമുള്ള അഭയാര്‍ഥികള്‍ക്ക് ആവശ്യമായ ഭക്ഷണമോ ചികിത്സയോ നല്‍കാന്‍ തങ്ങള്‍ക്ക് സാധിക്കുന്നില്ലെന്ന് സന്നദ്ധ സംഘടനാ വൃത്തങ്ങള്‍ അറിയിച്ചു. റോഹിംഗ്യകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ മ്യാന്മര്‍ സൈന്യം തയ്യാറാകാത്ത സാഹചര്യത്തില്‍ അഭയാര്‍ഥികളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

അഭയാര്‍ഥികള്‍ക്കിടയില്‍ ഭക്ഷ്യക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും പട്ടിണിയും രോഗങ്ങളും അഭയാര്‍ഥികളെ കൂടുതല്‍ ദുരന്തത്തിലാഴ്ത്തുകയാണെന്നും അസോസിയേറ്റഡ്് പ്രസ് റിപ്പോര്‍ട്ടര്‍ വ്യക്തമാക്കി. 60,000 അഭയാര്‍ഥി ക്യാമ്പുകള്‍, ഭക്ഷണം, ശുദ്ധജലം, ചികിത്സാ സൗകര്യങ്ങള്‍ എന്നിങ്ങനെയുള്ള അടിയന്തര സഹായമാണ് ബംഗ്ലാദേശ് അതിര്‍ത്തിയിലേക്ക് ആവശ്യമെന്ന് യു എന്‍ വക്താവ് അറിയിച്ചു.
അതിനിടെ, മ്യാന്മറില്‍ റോഹിംഗ്യകളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന സായുധ സംഘമായ അറാക്കന്‍ റോഹിംഗ്യന്‍ സാല്‍വേഷന്‍ ആര്‍മി (അര്‍സ) ഏകപക്ഷീയമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. റോഹിംഗ്യകള്‍ക്കിടയിലെ സന്നദ്ധ, മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയാണ് ഇവര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. എന്നാല്‍, വെടിനിര്‍ത്തല്‍ അംഗീകരിക്കില്ലെന്നും അര്‍സയുമായി സന്ധിയില്ലെന്നും മ്യാന്മര്‍ സൈനിക വക്താക്കള്‍ അറിയിച്ചു.
റോഹിംഗ്യന്‍ അഭയാര്‍ഥി പ്രശ്‌നങ്ങളെ കുറിച്ച് ആഗോളതലത്തില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് അര്‍സയുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം. അഭയാര്‍ഥി പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനും ഫലത്തില്‍ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കാനും ഇത്തരം പ്രഖ്യാപനങ്ങള്‍ കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു. അര്‍സയുടെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തിന്റെ പേര് പറഞ്ഞാണ് മ്യാന്മര്‍ സൈന്യം കഴിഞ്ഞമാസം റോഹിംഗ്യകള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്.

അതേസമയം, റോഹിംഗ്യന്‍ ആക്രമണം തടയുകയോ ഇതേ കുറിച്ച് പ്രതികരിക്കുകയോ ചെയ്യാത്ത മ്യാന്മര്‍ സ്‌റ്റേറ്റ് കൗണ്‍സിലര്‍ ആംഗ് സാന്‍ സൂക്കിക്കെതിരായ പ്രതിഷേധം വ്യാപിക്കുകയാണ്. സമാധാന നോബെല്‍ ജേതാവ് കൂടിയായ സൂക്കിയില്‍ നിന്ന് അവാര്‍ഡ് തിരിച്ചുവാങ്ങണമെന്നതടക്കമുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. 1991ല്‍ സൂക്കിക്കൊപ്പം നോബെല്‍ സ്വീകരിച്ച പ്രമുഖരും റോഹിംഗ്യന്‍ വിരുദ്ധ നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ കടുത്ത സമ്മര്‍ദത്തിലായിരിക്കുകയാണ് സൂക്കി. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള രാഷ്ട്ര നേതാക്കള്‍ നല്‍കുന്ന പിന്തുണയാണ് സൂക്കിയുടെ ഏക ആശ്വാസം.