Connect with us

Articles

ഏറ്റവും വലിയ ശത്രു ആരാണ്?

Published

|

Last Updated

നമുക്കിടയില്‍ തന്നെ ചില ആളുകള്‍ പരസ്പരം പോരടിക്കുന്നത് ശ്രദ്ധിച്ച് എന്തിന് സമയം കളയണം? നമ്മുടെ ഏറ്റവും വലിയ ശത്രു ആരാണെന്ന് നമുക്കെല്ലാവര്‍ക്കും നന്നായി അറിയാം. ദയവായി അതില്‍ ഫോക്കസ് ചെയ്യാന്‍ എല്ലാവരും ശ്രദ്ധ കാണിക്കുമോ?
കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ ഗൗരി ലങ്കേഷ് ട്വിറ്ററില്‍ കുറിച്ച വരികളാണിത്. ചൊവ്വാഴ്ച രാത്രിയാണ് ബെംഗളൂരുവിലെ വീടിന് മുമ്പില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്. അന്നേ ദിവസം, അവരുടെ പത്രാധിപത്വത്തില്‍ പുറത്തിറങ്ങുന്ന ഗൗരി ലങ്കേഷ് പത്രികെയില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ 13 വാര്‍ത്തകളാണ് പ്രസിദ്ധീകരിച്ചത്. അതില്‍ താന്‍ എഴുതിയ അവസാന ലേഖനവും ഉണ്ടായിരുന്നു; വിഷയം കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഹാദിയ കേസും. ഹാദിയ കേസില്‍ കോടതിക്ക് തെറ്റുപറ്റിയെന്നാണ് ഗൗരി ലങ്കേഷ് ലേഖനത്തില്‍ പറയുന്നത്. ഹൈന്ദവ തീവ്രവാദികളുടെ സാങ്കല്‍പ്പിക സൃഷ്ടിയായ ലവ് ജിഹാദ് എന്ന ആശയത്തിന് ആധികാരികത നല്‍കുന്നതാണ് സുപ്രീം കോടതിയുടെ വിധിയെന്നും ഇത് സ്ത്രീയുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതാണെന്നും അവര്‍ തന്റെ ലേഖനത്തില്‍ സമര്‍ഥിക്കുന്നു. ഗൗരി ലങ്കേഷിന്റെ അവസാനലേഖനം ഫാസിസ്റ്റ് വിരുദ്ധമായത് ഒരു യാദൃച്ഛികതയായിരുന്നില്ല. പൊതുശത്രുവായ ഫാസിസത്തെയും വര്‍ഗീയത പടര്‍ത്തുന്ന സംഘ്പരിവാര്‍ രാഷ്ട്രീയത്തെയും കൃത്യമായി ചോദ്യം ചെയ്യുകയും വിമര്‍ശിക്കുകയും ഞെട്ടിപ്പിക്കുന്ന നിരവധി വെളിപ്പെടുത്തലുകള്‍ നടത്തുകയും ചെയ്ത ശ്രദ്ധേയയായ എഴുത്തുകാരി എന്ന നിലയില്‍ കഴിഞ്ഞ മൂന്നര ദശാബ്ദക്കാലമായി എഴുതുകയും പോരാടുകയും ചെയ്തതിന്റെ തുടര്‍ച്ച മാത്രമായിരുന്നു കന്നടപത്രമായ ലങ്കേഷ് പത്രികെയില്‍ വന്ന ലേഖനം.

കര്‍ണാടകയിലെ സംഘ്പരിവാര്‍ സംഘടനകള്‍ക്ക് എന്നും തലവേദനയായിരുന്നു ഗൗരി ലങ്കേഷിന്റെ രചനകള്‍. നിരവധി ബി ജെ പി നേതാക്കളുടെ അഴിമതിക്കഥകളാണ് അവര്‍ അടുത്തിടെയായി പുറത്തുകൊണ്ടുവന്നത്. വര്‍ഗീയ ധ്രുവീകരണത്തിനുള്ള ഓരോ ശ്രമവും അവര്‍ ധീരമായി പൊളിച്ചെഴുതി. ബി ജെ പി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ യെദിയൂരപ്പയടക്കമുള്ളവരുടെ അഴിമതിയെക്കുറിച്ചുള്ള കവര്‍ സ്റ്റോറിയോടെയാണ് ലങ്കേഷ് പത്രികെയുടെ ഏറ്റവും പുതിയ പതിപ്പ് ഇറങ്ങിയിരിക്കുന്നത്. 1962ല്‍ ജനിച്ച ഗൗരി ലങ്കേഷ് ജേണലിസ്റ്റ് ആയിരിക്കെ തന്നെ ബെംഗളൂരുവിലെ ശ്രദ്ധേയമായ വിവിധ സാമൂഹിക- രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെട്ട സാമൂഹിക പ്രവര്‍ത്തകയായിരുന്നു. കവിയും മാധ്യമപ്രവര്‍ത്തകനുമായിരുന്ന പിതാവ് പി ലങ്കേഷ് ആരംഭിച്ച ലങ്കേഷ് പത്രികെയില്‍ എത്തിയ ശേഷമാണ് ഒരു ഫയര്‍-ബ്രാന്‍ഡ് ജേണലിസ്റ്റായി ഗൗരി ലങ്കേഷ് ശ്രദ്ധേയയാകുന്നത്. പിതാവിന്റെ നിര്യാണത്തെ തുടര്‍ന്ന് പത്രനടത്തിപ്പും ഇതര പ്രസിദ്ധീകരണങ്ങളും ഏറ്റെടുത്ത അവര്‍ സംസ്ഥാനത്തെ തീവ്രവലതുപക്ഷ രാഷ്ട്രീയത്തെ അക്ഷരാര്‍ഥത്തില്‍ മുള്‍മുനയില്‍ നിര്‍ത്തിയാണ് സമരജീവിതം നയിച്ചത്.

ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ജോലിചെയ്യുന്ന വെറുമൊരു മാധ്യമപ്രവര്‍ത്തകയായിരുന്നില്ല ഗൗരി ലങ്കേഷ്. മൂര്‍ച്ചയുള്ള വാക്കുകളും തീര്‍ച്ചപ്പെടുത്തിയ ആശയങ്ങളുംകൊണ്ട് വലതുപക്ഷ ഹൈന്ദവ ഭീകരതക്കെതിരെ നിര്‍ഭയമായി ശബ്ദിച്ച ആക്ടിവിസ്റ്റായിരുന്നു അവര്‍. ബെംഗളുരുവില്‍ ദി ടൈംസ് ഓഫ് ഇന്ത്യയുടെ പത്രപ്രവര്‍ത്തക എന്നനിലയിലാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് ഭര്‍ത്താവ് ചിദാനന്ദ് രാജ്ഘട്ടയോടൊപ്പം തലസ്ഥാന നഗരിയായ ഡല്‍ഹിയിലെത്തി. അധികം താമസിയാതെ, തൊണ്ണൂറുകളുടെ തുടക്കത്തില്‍ ബംഗളൂരുവിലേക്ക് തിരിച്ചുവരികയും ചെയ്തു. ഒമ്പത് വര്‍ഷം സണ്‍ഡെ മാഗസിന്റെ റിപ്പോര്‍ട്ടറായി ജോലിയെടുത്ത ഗൗരി പിന്നീട് ഡല്‍ഹിയിലെ ഇ നാട് തെലുങ്ക് ടെലിവിഷന്‍ ചാനലിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു. 2014-ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നപ്പോള്‍ കൂടുതല്‍ രൗദ്രഭാവം പൂണ്ട സംഘ്പരിവാര്‍ നീക്കങ്ങളുടെ മാത്രം ഇരയായിരുന്നില്ല ഗൗരി. തൊണ്ണൂറ്റിരണ്ടില്‍ ബാബരി മസ്ജിദ് തകര്‍ന്നതിനു ശേഷം ഉണ്ടായ വര്‍ഗീയധ്രുവീകരണ ശ്രമങ്ങളെ അതിശക്തമായ നിലപാടുകളോടെ നേരിട്ട അപൂര്‍വം ജേണലിസ്റ്റുകളില്‍ ഒരാളായിരുന്നു അവര്‍. സ്വാഭാവികമായും നിരവധി ശത്രുക്കളും ഗൗരി ലങ്കേഷിനുണ്ടായി. ഈ ശത്രുതയുടെ ഭാഗമായാണ് അപകീര്‍ത്തിപ്പെടുത്തി എന്ന ആരോപണത്തിന്റെ പേരില്‍ ബി ജെ പി നേതാക്കള്‍ ഗൗരിക്ക് നേരെ ചാര്‍ത്തിയ കേസുകള്‍. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെയും ജാതിയ ചിന്തകള്‍ക്കെതിരെയും വിമര്‍ശിക്കുന്നത് ഹിന്ദുവിരോധമായി മുദ്രകുത്തുന്നു എന്നും എന്നാല്‍ ഒരു മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ ഭരണഘടനാപരമായ ചുമതലയാണ് ഞാന്‍ നിര്‍വഹിക്കുന്നതെന്നുമായിരുന്നു എന്നും ഗൗരി ലങ്കേഷിന്റെ നിലപാട്. തന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെയും ജനാധിപത്യരീതിയിലുള്ള പത്രപ്രവര്‍ത്തനത്തെയും ഇല്ലാതാക്കാന്‍ ആര്‍ക്കുമാകില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചാണ് അവര്‍ മുന്നോട്ട് പോയത്. ഗൗരി ലങ്കേഷ് പത്രികെ എന്ന പേരില്‍ ഒരു കന്നട ആഴ്ചപതിപ്പ് സ്വന്തം പേരില്‍ പുറത്തിറക്കുകയും ചെയ്തു അവര്‍. പരസ്യങ്ങളൊന്നും സ്വീകരിക്കാതെ പ്രവര്‍ത്തിക്കാന്‍ സന്നദ്ധത കാണിച്ചു എന്നതിലാല്‍ ഒരു തുറന്നെഴുത്തിന്റെ വേദിയായി ഗൗരി ലങ്കേഷ് പത്രികെ മാറുകയായിരുന്നു. ഗൗരിയെപ്പോലെ സമാനമായി ചിന്തിക്കുന്ന അമ്പത് പേര്‍ ചേര്‍ന്നാണ് ഈ പത്രം മുന്നോട്ടുകൊണ്ട് പോകുന്നത്.

2012ല്‍ വര്‍ഗീയ ഗ്രൂപ്പുകളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രകടനത്തില്‍ വെച്ച് ഹിന്ദുമതം എന്നൊരു മതമില്ലെന്നുള്ള പ്രഖ്യാപനം ഏറെ ചര്‍ച്ചയായിരുന്നു. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടിയായിരുന്നു ഗൗരി തന്റെ മിക്ക സമയവും നീക്കിവെച്ചത്. ആദിവാസികളുടെയും ദളിതുകളുടെയും അവകാശപ്പോരാട്ടമായിരുന്നു അതില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഗോത്രവര്‍ഗങ്ങളുടെയും നക്‌സലുകളുടെയും പ്രശ്‌നങ്ങളില്‍ ഇടപെടുകയും മധ്യസ്ഥത വഹിക്കുകയും ചെയ്തു. മാധ്യമ സ്വാതന്ത്ര്യമായിരുന്നു ഗൗരി ലങ്കേഷ് നിരന്തരമായി മുന്നോട്ടുവെച്ച മറ്റൊരു കാര്യം. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് തടയിടുന്നവരുടെ നിഗൂഢമായ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അവര്‍ എഴുതിക്കൊണ്ടേയിരുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ മാധ്യമ ഉപദേഷ്ടാവായി എന്ന കാരണത്താല്‍ പ്രകാശ് ബല്‍വാദിയുമായുള്ള മുപ്പത്തിയഞ്ച് വര്‍ഷത്തെ സൗഹൃദം വലിച്ചെറിയാന്‍ പോലും ഗൗരി തയ്യാറായിരുന്നു. ഇന്നും സജീവമായി പല രൂപത്തില്‍ നില നിന്നുവരുന്ന ജാതി കാഴ്ചപ്പാടുകളെയും ശക്തമായ ഭാഷയില്‍ ചെറുക്കാന്‍ ഗൗരി മുന്നിലുണ്ടായിരുന്നു. 2015ല്‍ നടന്ന 81ാം കന്നഡ സാഹിത്യ സമ്മേളന വേദിയില്‍ വെച്ച് സാഹിത്യത്തിലെ ബ്രാഹ്മണ മേധാവിത്വത്തിനെതിരെ ശക്തമായി പ്രതികരിക്കുകയും പെരുമാള്‍ മുരുകന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ നിരന്തരമായി സവര്‍ണ പ്രത്യയശാസ്ത്രങ്ങളോട് കലഹിച്ച ഗൗരി ജനാധിപത്യ- ബഹുസ്വര മൂല്യങ്ങളില്‍ വിശ്വസിച്ചിരുന്ന വായനക്കാര്‍ക്ക് നല്‍കിയ പ്രതീക്ഷകള്‍ വളരെ വലുതായിരുന്നു.

മാധ്യമങ്ങളിലെ
ഗൗരി വധം
മലയാളത്തിലെ ചില മുഴുസമയ വാര്‍ത്താചാനലുകള്‍ക്ക് അല്‍- ജസീറയും ബി ബി സിയും ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെ കവര്‍ ചെയ്ത ഗൗരി ലങ്കേഷ് വധത്തിനേക്കാളും പ്രധാനപ്പെട്ട വാര്‍ത്തയായിരുന്നു ദിലീപ് രണ്ടു മണിക്കൂര്‍ നേരം ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ദേശീയ വാര്‍ത്താ ചാനലുകള്‍ വളരെ പ്രാധാന്യത്തോടെ ഈ കൊലപാതകം വാര്‍ത്തയാക്കിയെങ്കിലും പതിവ് തെറ്റിക്കാതെ അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനല്‍ മാത്രം ചില അഭ്യൂഹങ്ങള്‍ പരത്താനുള്ള ശ്രമങ്ങളാണ് നടത്തിയത്. കൊലക്ക് പിന്നില്‍, ഹിന്ദുത്വ ശക്തികളാണെന്ന നിഗമനത്തില്‍ എത്തരുതെന്നും മാവോയിസ്റ്റുകളാണോ അതോ സ്വത്ത് തര്‍ക്കമാണോ കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷിക്കണമെന്നുമായിരുന്നു റിപ്പബ്ലിക് ടിവിയുടെ ആദ്യ ട്വീറ്റ്. കൊലപാതകത്തിന് പിന്നില്‍ നക്‌സലുകളാണ് എന്നായിരുന്നു റിപ്പബ്ലിക്കിന്റെ വിചിത്രമായ കണ്ടെത്തല്‍. അതിനായി ഗൗരി നേരത്തെ സോഷ്യല്‍ മീഡിയയില്‍ കുറിച്ച ചില എഴുത്തുകള്‍ ഉപയോഗിച്ചു. ഈ ലേഖനത്തിന്റെ തുടക്കത്തില്‍ കൊടുത്ത ഗൗരിയുടെ ട്വീറ്റിലെ ആ മുഖ്യശത്രു ആര് എന്ന സ്‌ഫോടനാത്മക ചോദ്യമാണ് അര്‍ണബ് ഗോസ്വാമിയും റിപ്പബ്ലിക്കിലെ മറ്റ് ജേണലിസ്റ്റുകളും ദിവസം മുഴുവന്‍ ചോദിച്ചുകൊണ്ടിരുന്നത്. വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ നിഷ്‌കളങ്കരായ പാവം രാഷ്ട്രീയസേവകരാണെന്നും ഗൗരി കൊലപാതകത്തിന് പിന്നില്‍ കര്‍ണാടകയിലെ നക്‌സലുകളാണെന്നും വരുത്തിത്തീര്‍ക്കാനുള്ള വിഫലശ്രമമായിരുന്നു അത്.
പല കാരണങ്ങള്‍ കൊണ്ട് ഈ വധം നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടുണ്ട്. തന്റെ ശക്തമായ നിലപാടുകള്‍കൊണ്ട് ഹൈന്ദവ ഫാസിസത്തിനെതിരെ ശബ്ദമുയര്‍ത്തിയ കന്നട എഴുത്തുകാരനായിരുന്ന കല്‍ബുര്‍ഗിയെ കൊലപ്പെടുത്തി കൃത്യം രണ്ടുവര്‍ഷം തികയുന്ന സമയത്താണ് ഗൗരി ലങ്കേഷ് വധം നടക്കുന്നത്. ഞെട്ടലുകളില്‍ നിന്ന് വിടവാങ്ങി, ഫാസിസം നമ്മുടെ തൊട്ടരികില്‍ എത്തി എന്ന് തിരിച്ചറിയാന്‍ ഇനിയും വൈകിക്കൂടാ. ഗൗരി ലങ്കേഷ് സൂചിപ്പിച്ച ആ പൊതുശത്രു കേരളത്തിലെ പത്രപ്രവര്‍ത്തകരുടെ കഴുത്തിന് കത്തിവെക്കുന്ന കാലം വിദൂരമല്ല. മലയാള സാഹിത്യ തറവാട്ടിലെ കാരണവരായ എം ടി വാസുദേവന്‍ നായരെ പോലും കടന്നാക്രമിച്ചു കഴിഞ്ഞ ഒരു കലികാലത്താണ് നാം ജീവിക്കുന്നത് എന്നോര്‍ക്കുക. രാജ്യത്തുടനീളം വിവിധ പത്രപ്രവര്‍ത്തക യൂനിയനുകള്‍ ഗൗരി ലങ്കേഷ് വധത്തെ ശക്തമായി അപലപിച്ചെങ്കിലും മാധ്യമലോകത്ത് നിന്ന് ഭീതി ഒഴിഞ്ഞുപോയിട്ടില്ല. മുമ്പ് ഉത്തരേന്ത്യയില്‍ നിന്ന് മാത്രം കേട്ടിരുന്ന വര്‍ഗീയപ്രേരിത കൊലപാതകങ്ങള്‍, പൊതു ഇടങ്ങളിലെ ഭീതി, ജാതിരാഷ്ട്രീയം, ആഘോഷങ്ങളുടെ ഹൈന്ദവവത്കരണം തുടങ്ങിയ പ്രകോപനങ്ങളെല്ലാം കേരളത്തിലും യാഥാര്‍ത്ഥ്യമായിരിക്കുന്നു എന്ന തിരിച്ചറിവാണ് ഇനിയും നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടാവേണ്ടത്. ഈ വധത്തോടെ, പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടേഴ്‌സ് സാന്‍സ് ഫ്രോന്‍ഷിയേഴ്‌സ് (ആര്‍ എസ് എഫ്) എന്ന അന്താരാഷ്ട്ര മാധ്യമ സന്നദ്ധസംഘടന ജേണലിസ്റ്റുകള്‍ ഏറ്റവും ഭീതിയില്‍ കഴിയുന്ന ഏഷ്യന്‍ രാജ്യമായി ഇന്ത്യയെ പ്രഖ്യാപിച്ചുകഴിഞ്ഞു. 1992 മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 67 മാധ്യമപ്രവര്‍ത്തകരാണ് കൊലചെയ്യപ്പെട്ടത്. ഇതില്‍ 39 കൊലപാതകങ്ങളും വര്‍ഗീയപ്രേരിതമായിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട് എന്നാണ് സൗത്ത് ഏഷ്യയിലെ മാധ്യമ നിരീക്ഷകരായ ദി ഹൂട്ട് രേഖപ്പെടുത്തുന്നത്. ഇനി നിങ്ങള്‍ പറയൂ, തങ്ങള്‍ക്കെതിരെ വരുന്ന ഏതൊരു ശബ്ദവും ഇല്ലാതാക്കാനും വേണമെങ്കില്‍ കൊന്നുകളയാനും മടിയില്ലാത്ത ആ പൊതുശത്രുവിനെ കേരളത്തിലെ മാധ്യമപ്രവര്‍ത്തകരും കരുതിയിരിക്കേണ്ടതില്ലേ?