റോഹിംഗ്യകളോട് ഇന്ത്യ മനുഷ്യത്വം കാണിക്കണം

Posted on: September 9, 2017 6:12 am | Last updated: September 9, 2017 at 12:13 am

ഇന്ത്യയില്‍ അഭയം തേടിയ റോഹിംഗ്യകളെ തിരിച്ചയക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് മോദി സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍റിജ്ജുവും പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതല വഹിക്കുന്ന മന്ത്രി ജിതേന്ദ്രസിംഗും ഇക്കാര്യത്തില്‍ പുനരാലോചന ഇല്ലെന്ന് തറപ്പിച്ചു പറയുകയുണ്ടായി. ഇന്ത്യയില്‍ നിന്ന് അവരെ പുറത്താക്കുന്നതിന് പ്രത്യേക കര്‍മ സേന രൂപവത്കരിക്കാനും വിവിധ സംസ്ഥാനങ്ങളിലുള്ള റോഹിംഗ്യകളുടെ പട്ടിക തയ്യാറാക്കാനും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായും കിരന്‍ റിജ്ജു വ്യക്തമാക്കി. ബംഗ്ലാദേശ് അതിര്‍ത്തി കടന്ന് ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നാല്‍പതിനായിരത്തിലധികം റോഹിംഗ്യകള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇവരില്‍ ബഹുഭൂരിഭാഗവും നിയമ വിരുദ്ധ കുടിയേറ്റക്കാരാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

രാജ്യ സുരക്ഷക്ക് ഭീഷണിയാണെന്നാണ് പുറത്താക്കുന്നതിന് സര്‍ക്കാര്‍ മുന്‍വെക്കുന്ന ന്യായീകരണം. എന്തൊരു ഭീഷണിയാണ് അവര്‍ ഉയര്‍ത്തുന്നത്? ‘ഒരു ക്രിമിനല്‍ പ്രവൃത്തിയിലും ഏര്‍പ്പെടാതെ ചില്ലറ ജോലികള്‍ ചെയ്താണ് ഞങ്ങള്‍ ജീവിക്കുന്നത്. ഇത് ഞങ്ങളുടെ നാടല്ലെന്നറിയാം. സംഘര്‍ഷം അവസാനിച്ചാല്‍ മ്യാന്മറിലേക്ക് തന്നെ മടങ്ങും. അതുവരെ ഇവിടെ താമസിക്കാന്‍ അനുവദിക്കണ’മെന്ന് റോഹിംഗ്യകള്‍ സര്‍ക്കാറിനോടും ഇന്ത്യന്‍ സമൂഹത്തോടും താണുകേണപേക്ഷിക്കുന്നു. ഇന്ദ്രപ്രസ്ഥത്തിലിരിക്കുന്നവരുടെ മനസ്സലിയുന്നില്ല. റോഹിംഗ്യ വിഷയത്തില്‍ ഇടപെട്ട ഐക്യരാഷ്ട്ര സഭയും മ്യാന്മറിലെ ആഭ്യന്തര കലാപം അവസാനിക്കുന്നതു വരെ അവരെ തിരിച്ചയക്കരുതെന്ന് ഇന്ത്യയോടും റോഹിംഗ്യകള്‍ അഭയം തേടിയ ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, മലേഷ്യ, സിംഗപ്പൂര്‍, തായ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ഥികള്‍ക്കുള്ള ഹൈക്കമ്മീഷനില്‍ (യു എന്‍ എച്ച് സി ആര്‍) രജിസ്റ്റര്‍ ചെയ്തവരാണ് ഇന്ത്യയിലുള്ള മ്യാന്മര്‍ അഭയാര്‍ഥികളില്‍ പകുതിയോളവും. അതടിസ്ഥാനത്തില്‍ യു എന്‍ നിര്‍ദേശം പാലിക്കാന്‍ ഇന്ത്യ ബാധ്യസ്ഥമാണ്.എന്നാല്‍ യു എന്നിന്റെ അഭയാര്‍ഥി കണ്‍വെന്‍ഷനില്‍ ഇന്ത്യ ഒപ്പ് വെച്ചിട്ടില്ലാത്തതിനാല്‍ ഈ വിഷയത്തില്‍ യു എന്നിനെ അംഗീകരിക്കാന്‍ ഇന്ത്യ ബാധ്യസ്ഥമല്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. അതേസമയം മതവിവേചനത്തെ ചൊല്ലിയുള്ള പീഡനത്താല്‍ രാജ്യം വിടുന്നവര്‍ക്ക് ഇന്ത്യ ദീര്‍ഘകാല വിസ അനുവദിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്. ഇക്കാര്യം കേന്ദ്രവൃത്തങ്ങള്‍ മനഃപൂര്‍വം വിസ്മരിക്കുകയാണ്.
ഇന്ത്യന്‍ നിലപാട് രാജ്യാന്തര തലത്തില്‍ കടുത്ത വിമര്‍ശനത്തിനും പ്രതിഷേധത്തിനുമിടയാക്കിയിട്ടുണ്ട്. മ്യാന്മറില്‍ റോഹിംഗ്യകള്‍ക്കെതിരായ സൈനിക നടപടി പൂര്‍വോപരി ശക്തമായിരിക്കെ ഇപ്പോഴവരെ തിരിച്ചയക്കുന്നത് മ്യാന്മര്‍ സൈന്യത്തിന്റെ കൂട്ടക്കുരുതിക്ക് വിട്ടുകൊടുക്കലായിരിക്കുമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും മനുഷ്യസ്‌നേഹികളും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ രാജ്യാന്തര സംഘടനകള്‍ ഇന്ത്യയെ ഉപദേശിക്കുകയോ, അഭയാര്‍ഥികളെ കൈകാര്യം ചെയ്യേണ്ട രീതി പഠിപ്പിക്കുകയോ ചെയ്യേണ്ടതില്ലെന്നായിരുന്നു ഇതിനോടുള്ള മന്ത്രി കിരണ്‍റിജ്ജുവിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ മറുപടി.

മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി ലോകമെമ്പാടും നടന്ന പോരാട്ടങ്ങളെ അംഗീകരിക്കുകയും പിന്തുണക്കുകയും പീഡിത സമൂഹത്തോട് എക്കാലവും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്ത പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. ഫലസ്തീനികളുടെയും ശ്രീലങ്കയിലെ തമിഴ് വംശജരുടെയും ബംഗ്ലാദേശ്, തിബത്തന്‍ അഭയാര്‍ഥികളുടെയും വിഷയങ്ങളിലെല്ലാം ഇതായിരുന്നു രാജ്യത്തിന്റെ നയം. റാഖിനെ പ്രവിശ്യയിലെ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ ചരിത്രത്തിലെ ഏറ്റവും വലിയ വംശീയാക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കെ, രക്ഷ തേടി ഇന്ത്യയിലെത്തുമ്പോള്‍ അവര്‍ക്ക് അഭയം നല്‍കലാണ് ജനാധിപത്യ മതനിരപേക്ഷ ഇന്ത്യ സ്വീകരിച്ചു വന്ന നയങ്ങള്‍ക്കനുയോജ്യം. നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലായ ഇത്തരമൊരു ഘട്ടത്തില്‍ അവരെ ആട്ടിയോടിക്കുന്നത് മനുഷ്യത്വ രഹിതവും ക്രൂരവുമാണെന്ന് മാത്രമല്ല, സംഘ്പരിവാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന പൗരാണിക ഹിന്ദുത്വ നയങ്ങള്‍ക്ക് നിരക്കാത്തതുമാണ്. ട്രംപിന്റെ അമേരിക്കയില്‍ ഇന്ത്യന്‍ പൗരത്വം കുടിയിറക്കു ഭീഷണി നേരിടുകയും മറ്റു ചില രാജ്യങ്ങളില്‍ വിവേചനങ്ങള്‍ക്കും അവകാശ ധ്വംസനങ്ങള്‍ക്കും ഇരകളായിക്കൊണ്ടിരിക്കയാണെന്നുമുള്ള വസ്തുത മോദിയും സഹപ്രവര്‍ത്തകരും ഓര്‍ക്കേണ്ടതുണ്ട്. റോഹിംഗ്യകളെ ഇപ്പോള്‍ രാജ്യത്ത് നിന്നു ആട്ടിയോടിക്കുന്നത് ഇന്ത്യന്‍ വംശജര്‍ക്ക് നേരെ അരങ്ങേറുന്ന വിവേചനത്തിനും അവഗണനക്കും ശക്തിപകരും. റോഹിംഗ്യകളെ പുറത്താക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായും പുനഃപരിശോധിക്കേണ്ടതാണ്. മ്യാന്മര്‍ സന്ദര്‍ശന വേളയില്‍ സൈന്യത്തെ പിന്തുണച്ചും റോഹിംഗ്യകള്‍ മൊത്തം തീവ്രവാദികളും ഭീരകരരുമാണെന്ന് ധ്വനിപ്പിക്കുന്ന തരത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയും ചിന്താശൂന്യമായിപ്പോയി. റോഹിംഗ്യകളില്‍ ഒരു ന്യൂനാല്‍ന്യൂന പക്ഷം തീവ്രവാദികളുണ്ടെന്നത് വിസ്മരിക്കുന്നില്ല. എന്നാല്‍ തൊണ്ണൂറ്റൊമ്പത് ശതമാനവും ഒരു വിധ്വംസക പ്രവര്‍ത്തനത്തിലും ഏര്‍പ്പെടാതെ സമാധാനപരമായി ജീവിക്കുന്നവരാണ്. ബുദ്ധസന്യാസിമാരും അവരെ പിന്തുണക്കുന്ന സൈന്യവും നടത്തുന്ന വംശീയഹത്യയെ ന്യായീകരിക്കാനാണ് അവര്‍ റോഹിംഗ്യകളില്‍ മൊത്തം തീവ്രവാദം ആരോപിക്കുന്നത്. മോദി അതപ്പടി ഏറ്റുപിടിക്കരുതായിരുന്നു.