എസ് എം എസ്, സൈബര്‍ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ്

Posted on: September 8, 2017 12:42 pm | Last updated: September 10, 2017 at 8:54 pm

അബുദാബി: വന്‍തുക സമ്മാനമായി ലഭിച്ചുവെന്ന് മൊബൈല്‍ ഫോണ്‍ എസ് എം എസ് വഴിയും ഇന്റര്‍നെറ്റ് വഴിയും ലഭിക്കുന്ന അറിയിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍. സിറാജ് ദിനപത്രത്തില്‍ അബുദാബി പോലീസ് ആരംഭിച്ച സാമൂഹ്യ സുരക്ഷാ ബോധവത്കരണ ഫീച്ചറിലാണ് എസ് എം എസ്, സൈബര്‍ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ഥിച്ചിരിക്കുന്നത്.
യു എ ഇയില്‍ പലരും തട്ടിപ്പിനിരയായിട്ടുണ്ട്. ഇതിനെതിരെ പോലീസ് വലിയ പ്രചാരണമാണ് കാലാകാലങ്ങളില്‍ നടത്തിയിട്ടുള്ളത്. എന്നിട്ടും അജ്ഞാത കേന്ദ്രങ്ങളിലിരുന്ന് പലരും തട്ടിപ്പ് തുടരുന്നു. നിഷ്‌കളങ്കരായ പലരും ചതിക്കുഴിയില്‍ വീഴുകയും ചെയ്യുന്നു.

മൊബൈല്‍ വഴി ഇത്തരം സന്ദേശങ്ങള്‍ അയക്കുന്നവര്‍ രാജ്യത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തിനകത്തു നിന്ന് ആസൂത്രണം ചെയ്യുന്നവരെ എളുപ്പം കണ്ടെത്താന്‍ കഴിയും.
വലിയ തുക സമ്മാനം നേടിയിട്ടുണ്ടെന്ന അറിയിപ്പാണ് ചതിക്കുഴിയില്‍ വീഴ്ത്താന്‍ ഉപയോഗിക്കുന്നത്. അതിനോട് പ്രതികരിക്കാന്‍ പാടില്ല. എന്നുമാത്രമല്ല, പോലീസ് അധികാരികളെ അറിയിക്കുകയും വേണം. കുറ്റവാളികളെ പിന്തുടരാനും ഒളിയിടങ്ങള്‍ കണ്ടെത്താനും അതുവഴി പോലീസിന് കഴിയും. തട്ടിപ്പുകാര്‍ ആരെയും ഒഴിവാക്കുന്നില്ല. അഭ്യസ്തവിദ്യരെയും ലക്ഷ്യമിടുന്നു. വാസ്തവത്തില്‍, അഭ്യസ്ത വിദ്യരാണ് ഇരകളാകുന്നവരില്‍ കൂടുതല്‍. വ്യത്യസ്ത എമിറേറ്റുകളില്‍ നിന്ന് സിം കാര്‍ഡ് വാങ്ങിയാണ് ചിലര്‍ തട്ടിപ്പ് നടത്തുന്നത്. സിം കാര്‍ഡ് ലഭിക്കാന്‍ വ്യാജ തിരിച്ചറിയല്‍ രേഖകളാണ് സമര്‍പ്പിക്കുന്നത്. ഇതെക്കുറിച്ച് സമഗ്രമായ അന്വേഷണം നടന്നിട്ടുണ്ട്. വന്‍തുക സമ്മാനം അടിച്ചിട്ടുണ്ടെന്നും അത് കൈമാറാന്‍ കുറച്ച് തുക ആദ്യം അയക്കേണ്ടതുണ്ടെന്നും ബോധ്യപ്പെടുത്തിയാണ് തട്ടിപ്പ് തുടങ്ങുന്നത്. ഒരു മത്സരത്തിലൂടെയല്ലാതെ, ആരും സമ്മാനം നേടുന്നില്ലെന്ന തിരിച്ചറിവ് പ്രധാനമാണ്.

ഇത്തരം തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ യു എ ഇയില്‍ 02 5088888 എന്ന നമ്പരിലോ 999 എന്ന കണ്‍ട്രോള്‍ റൂം നമ്പരിലോ വിവരം അറിയിക്കണം. അമാന്‍ എന്ന സംവിധാനവും നിങ്ങളുടെ സേവനത്തിനെത്തും. അറബി, ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളില്‍ സേവനം ലഭ്യമാണ്. 8002626 എന്ന നമ്പരിലും വിവരം അറിയിക്കാം. 2828 എന്ന നമ്പരില്‍ സന്ദേശം അയക്കുകയും ചെയ്യാം.

ഇതോടൊപ്പം തന്നെ സൈബര്‍ കുറ്റകൃത്യങ്ങളെയും കരുതിയിരിക്കണം. ഓണ്‍ലൈന്‍ വഴി ബേങ്ക് ഇടപാട് നടത്തുന്നവരെയും ബേങ്ക് എക്കൗണ്ടുള്ളവരെയും ലക്ഷ്യംവെച്ച് രാജ്യാന്തര സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഇടക്കിടെ പാസ്‌വേര്‍ഡ് മാറ്റുന്നത് അഭികാമ്യമാണ്. സ്വകാര്യ വിവരങ്ങള്‍ മറ്റുള്ളവരെ അറിയിക്കാതിരിക്കുക. നിങ്ങള്‍ അധ്വാനിച്ചു നേടിയ സമ്പത്തുകള്‍ സുരക്ഷിതമായിരിക്കേണ്ടത് നിങ്ങളുടെ ആവശ്യമാണ്. പോലീസ് സുരക്ഷിതത്വം ഒരുക്കും. ഇതോടൊപ്പം ഓരോ വ്യക്തിയും ജാഗ്രത പുലര്‍ത്തുകയും വേണം. അധികൃതര്‍ വിശദീകരിക്കുന്നു.