Connect with us

Malappuram

നാടുകാണി ചുരത്തിലെ മഖാം തകര്‍ത്ത നിലയില്‍

Published

|

Last Updated

നാടുകാണി ചുരത്തിലെ മഖാം തകര്‍ത്ത നിലയില്‍

നിലമ്പൂര്‍: നാടുകാണി ചുരത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മഖാം തകര്‍ത്ത നിലയില്‍. മുഹമ്മദ് സ്വാലിഹ് മഖാമാണ് ആയുധങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തത്. മഖാമിന്റെ നേര്‍ച്ചപ്പെട്ടിയും സംഭാവനപ്പെട്ടിയും പൊളിച്ച് പണം മോഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ മുഴുവന്‍ പണവും നഷ്ടപ്പെട്ടിട്ടുമില്ല. മഖാമിന് ചുറ്റും മുളക് പൊടി വിതറിയാണ് അതിക്രമം നടത്തിയത്. ഇന്നലെ രാവിലെ സന്ദര്‍ശനത്തിന് എത്തിയവരാണ് മഖാമിന്റെ ഇരു ഭാഗങ്ങളും തകര്‍ത്ത നിലയില്‍ കണ്ടത് .

തുടര്‍ന്ന് മഖാം നടത്തിപ്പുകാരായ ആനമറി ഇര്‍ഷാദുല്‍ ഇസ്‌ലാം സംഘം ‘ഭാരവാഹികള്‍ പോലീസില്‍ വിവിരമറിയിക്കുകയും എടക്കര സി ഐ അബ്ദുല്‍ ബശീര്‍, വഴിക്കടവ് എ എസ് അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും വനപാലകരും സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. മലപ്പുറത്ത് നിന്നുള്ള വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡിന്റെ ജിക്കി നായ മഖാമില്‍ നിന്ന് മണം പിടിച്ച് വഴിക്കടവ് ഭാഗത്തേക്ക് ഒന്നര കിലോമീറ്ററോളം താഴേക്ക് നടന്നെങ്കിലും കൂടുതല്‍ തെളിവുകള്‍ ലഭിച്ചില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. 2009ലും ഇതേ മഖാം പൊളിക്കാന്‍ ശ്രമം നടത്തുകയും നാല് പേര്‍ പോലീസ് പിടിയിലാവുകയും ചെയ്തിരുന്നു. ചുരം റോഡില്‍ സ്ഥിരം പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംശയാസ്പദമായി നാല് പേരെ കണ്ടതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് മഖാം പൊളിക്കാന്‍ ശ്രമം നടത്തിയതായി അന്ന് കണ്ടെത്തിയത്.

ഇതു സംബന്ധിച്ച് കേസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് സംഭവത്തിന് പിന്നിലെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നും കേരള മുസ്‌ലിം ജമാഅത്ത് വഴിക്കടവ് സര്‍ക്കിള്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ബുധനാഴ്ച വൈകുന്നേരം വരെ മഖാമിന് നേരെ അതിക്രമമൊന്നും നടന്നിട്ടില്ലെന്നും എന്നാല്‍ ഇതുവഴി എത്തുന്ന ചിലര്‍ മോശമായി പെരുമാറാറുണ്ടെന്നും മഖാം കാവല്‍ക്കാരന്‍ പറഞ്ഞു.