സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും

Posted on: September 8, 2017 12:18 am | Last updated: September 7, 2017 at 11:19 pm

തിരുവനന്തപുരം: രണ്ട് മണിക്കൂറോളം തുള്ളിക്കൊരുകുടം കണക്കെ തിമിര്‍ത്ത് പെയ്ത മഴയില്‍ ഇന്നലെ തലസ്ഥാന നഗരം വെള്ളത്തില്‍ മുങ്ങി. കാറ്റിന്റെ ഗതി വടക്കന്‍ കേരളത്തിലേക്കു നീങ്ങിയതോടെ കോട്ടയം, എറണാകുളം, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലും മഴ ശക്തമായി. ഇന്നും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തിരുവനന്തപുരത്ത് രാവിലെ പത്ത് മണിയോടെ ആരംഭിച്ച കനത്ത മഴ ഏകദേശം പന്ത്രണ്ട് വരെ തകര്‍ത്തോടെ വിവിധയിടങ്ങളിലെ നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറുകയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാവുകയും ചെയ്തു. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ വെള്ളം കയറിയതോടെ ഗതാഗതം ഏറെ നേരം തടസപ്പെട്ടു. എട്ട് സെന്റിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്.