Connect with us

Gulf

നാസര്‍ അല്‍ ഖുലൈഫി ഇ സി എ കമ്മിറ്റിയില്‍

Published

|

Last Updated

ദോഹ: ഫ്രഞ്ച് ഫുട്്‌ബോള്‍ ലീഗിലെ വമ്പന്‍ ക്ലബുകളിലൊന്നായ പാരീസ് സെയ്ന്റ് ജര്‍മന്‍ പ്രസിഡന്റും ഖത്വരി വ്യവസായ പ്രമുഖനുമായ നാസര്‍ അല്‍ ഖുലൈഫിയെ യൂറോപ്യന്‍ ക്ലബ്‌സ് അസോസിയേഷന്‍ (ഇ സി എ) എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു. പതിനൊന്നംഗ ഇ സി എ എക്‌സിക്യുട്ടീവിലേക്കാണ് അല്‍ ഖുലൈഫിയെയും തിരഞ്ഞെടുത്തത്. ജനീവയില്‍ നടന്ന ജനറല്‍ അസംബ്ലിയിലായിരുന്നു തിരഞ്ഞെടുപ്പ്.

യോഗത്തില്‍ 162 ക്ലബുകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. ഖത്വര്‍ ടെന്നീസ് ഫെഡറേഷന്‍ പ്രസിഡന്റ്, എ എഫ് സി വൈസ് പ്രസിഡന്റ് പദവികളും അല്‍ ഖുലൈഫി വഹിക്കുന്നുണ്ട്. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ഉള്‍പ്പടെയുള്ള പ്രമുഖരും ജനീവയിലെ ഇ സി എ ജനറല്‍ അസംബ്ലിയോഗത്തില്‍ പങ്കെടുത്തിരുന്നു.

2008ല്‍ രൂപവത്കരിച്ച ഇ സി എക്ക് ഫിഫയുടെയും യുവേഫയുടെയും അംഗീകാരമുണ്ട്. 220 യൂറോപ്യന്‍ ക്ലബുകള്‍ ഇ സി എയില്‍ അംഗങ്ങളാണ്. ഖത്വറും ഇ സി എയും തമ്മില്‍ മികച്ച ബന്ധമാണുള്ളത്. യൂറോപ്പിനു പുറത്ത് ഇ സി എയുടെ ജനറല്‍ അസംബ്ലിക്ക് ആദ്യമായി ആതിഥ്യം വഹിച്ചത് ഖത്വറായിരുന്നു. യൂറോപ്യന്‍ ക്ലബുകളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടിയായിരുന്നു സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദിയുടെ ഇ സി എ യോഗത്തിലെ സാന്നിധ്യം.
2022 ഫിഫ ലോകകപ്പിനായുള്ള ഖത്വറിന്റെ ഒരുക്കങ്ങളെ കുറിച്ചും സ്റ്റേഡിയം നിര്‍മാണപ്രവൃത്തികളുടെ പുരോഗതിയും ഹസന്‍ അല്‍ തവാദി വിശദീകരിച്ചു. സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധം ലോകകപ്പ് ഒരുക്കങ്ങളെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.