Connect with us

Gulf

ഖത്വറില്‍ നിന്ന് ഒമാനിലേക്ക് യാത്രാ ബോട്ട് സര്‍വീസിന് കരാര്‍

Published

|

Last Updated

മവാനി, അസ്‌യദ് പ്രതിനിധികള്‍ ദോഹയില്‍ വെച്ച് കരാറില്‍ ഒപ്പുവെക്കുന്നു

ദോഹ: ഖത്വറില്‍ നിന്ന് ഒമാനിലേക്കും തിരിച്ചും യാത്രബോട്ട് സര്‍വീസിന് കരാര്‍. ലോജിസ്റ്റിക്‌സ് സര്‍വീസ്, ഷിപ്പിംഗ്, പാസഞ്ചര്‍ ഫെറി സര്‍വീസ് എന്നീ മേഖലകളില്‍ സഹകരണത്തിന് ഖത്വര്‍ പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനി (മവാനി ഖത്വര്‍)യും ഒമാന്‍ ഗ്ലോബല്‍ ലോജിസ്റ്റിക്‌സ് ഗ്രൂപ്പും (അസ്‌യദ്) ധാരണാപത്രം ഒപ്പുവെച്ചു. വാണിജ്യ സംരംഭം എന്ന നിലയില്‍ ഖത്വറിനും ഒമാനും ഇടയില്‍ യാത്രാ ബോട്ട് സര്‍വീസ് വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. മവാനി സി ഇ ഒ ക്യാപ്റ്റന്‍ അബ്ദുല്ല അല്‍ ഖഞ്ചി, അസ്‌യദ് സി ഇ ഒ അബ്ദുര്‍റഹ്മാന്‍ സലിം അല്‍ ഹത്മി എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്. ഗതാഗത മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്വി, ഒമാന്‍ ഗതാഗത മന്ത്രി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ സലിം അല്‍ ഫുതൈസി എന്നിവര്‍ സന്നിഹിതരായിരുന്നു.

ഹമദ് പോര്‍ട്ടിലും ഒമാന്‍ തുറമുഖങ്ങളിലും കാര്‍ഗോ ബിസിനസ്, ലോജിസ്റ്റിക്‌സ് സര്‍വീസ് വികസിപ്പിക്കുക തുടങ്ങിയവും ലക്ഷ്യങ്ങളാണ്. ഒമാനും ഖത്വറും തമ്മിലുള്ള അമൂല്യ ബന്ധത്തെ സംബന്ധിച്ചും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും സുല്‍ത്താന്‍ ഖാബൂസും നല്‍കുന്ന നിര്‍ദേശങ്ങളെ സംബന്ധിച്ചും ഗതാഗത മന്ത്രി അല്‍ സുലൈത്വി ഊന്നിപ്പറഞ്ഞു. ഖത്വറും ഒമാനും തമ്മില്‍ സഹകരണം തുടരുമെന്നും ഇരുരാജ്യങ്ങളിലെയും ബന്ധപ്പെട്ട അധികൃതര്‍ കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്തുകയും അവ വികസിപ്പിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Latest