വിലക്ക് ലംഘിച്ച് ബൈക്ക് റാലി: യെദിയൂരപ്പ ഉള്‍പ്പെടെ ബിജെപി നേതാക്കള്‍ കസ്റ്റഡിയില്‍

Posted on: September 7, 2017 3:07 pm | Last updated: September 7, 2017 at 7:11 pm

മംഗളൂരു: വിലക്ക് മറികടന്ന് മംഗളൂരുവില്‍ ബൈക്ക് റാലി നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെയും പ്രവര്‍ത്തകര്‍ക്കെതിരെയും ശക്തമായ നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍. മംഗളൂരു ചലോ ബൈക്ക് റാലി നടത്തിയ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ ഉള്‍പ്പടെയുള്ള ബിജെപി,യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ചു. തീരദേശജില്ലകളിലും മംഗളൂരുവിലും ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതില്‍ പ്രതിഷേധിച്ചാണ് റാലി നടത്തിയത്.

വര്‍ഗീയകലാപമുണ്ടാകുമെന്ന കാരണത്താല്‍ കര്‍ണാടക സര്‍ക്കാര്‍ റാലിക്ക് അനുമതി നിഷേധിക്കുകയായിരുന്നു. റാലിയെ തുടര്‍ന്ന് വന്‍ പോലീസ് സന്നാഹത്തെ മംഗളൂരുവില്‍ വിന്യസിച്ചിരുന്നു. റാലിയുമായി മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിച്ച മുന്‍ ആഭ്യന്തര മന്ത്രി ആര്‍ ആശോക, ശോഭ കരംദ്‌ലജ് തുടങ്ങി 200 ലധികം പേരെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.