Connect with us

Kerala

ഗൗരി ലങ്കേഷിനെ കൊന്നവരോട് രാജ്യത്തെ ജനകോടികള്‍ കണക്ക് ചോദിക്കും: കെ പി എ മജീദ്

Published

|

Last Updated

കോഴിക്കോട്: ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊന്നവരോട് രാജ്യത്തെ ജനകോടികള്‍ കണക്ക് ചോദിക്കുമെന്ന് മുസ്്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. ഈ നിഷ്ടൂര കൃത്യം ചെയ്തവരെ പിടികൂടി നിയമത്തിനു മുമ്പിലെത്തിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കേണ്ടതുണ്ട്.
ആസൂത്രിതമായ കൊലക്ക് പിന്നില്‍ സംഘ് പരിവാറാണെന്ന് സംഭവത്തിന് ശേഷം പുറത്തുവന്ന പ്രതികരണങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്. മോദിയുടെയും തീവ്ര ഹിന്ദുത്വത്തിന്റെയും വിമര്‍ശകയായിരുന്ന ഗൗരി, അധികാരവും സ്വാധീനവും ഉപയോഗിച്ച് അവരെ നിശ്ശബ്ദമാക്കാനാവില്ലെന്ന് വ്യക്തമായതോടെ കൊന്നുതള്ളുകയായിരുന്നു.

ഗോവിന്ദ് പന്‍സാരെ, ധാബോല്‍ക്കര്‍, അഖ്‌ലാക്ക്, രോഹിത് വെമൂല തുടങ്ങി ഫാഷിസം വകവരുത്തിയവരുടെ പാതയിലൂടെ നിര്‍ഭയം മാധ്യമ പ്രവര്‍ത്തനവുമായി സഞ്ചരിച്ച് ആദിവാസികള്‍, മുസ്‌ലിംകള്‍, ദളിതര്‍ മുതല്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ വരെയുള്ളവര്‍ക്കൊപ്പം നിലയുറപ്പിച്ചു അവര്‍.
പരസ്യങ്ങളുടെയും പ്രലോഭനങ്ങളുടെയും കരുക്കുകൊണ്ട് മാധ്യമങ്ങളെ കയ്യിലെടുക്കുന്ന കാലത്ത് വായനക്കാരുടെ പിന്‍ബലം കൊണ്ട് മാത്രം പത്രം നടത്തിയാണ് ഗൗരിലങ്കേഷ് പത്രിക പ്രതിരോധത്തിന്റെ പുതുമാതൃക സൃഷ്ടിച്ചത്. സംഘ്പരിവാറിനെതിരെ മുഖാമുഖം പൊരുതി വീരമൃത്യുവരിച്ച ഗൗരി ലങ്കേഷ് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ വലിയ പ്രതീകവും ഊര്‍ജവുമായി കരുത്ത് പകരുമെന്നും കെ പി എ മജീദ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.