മൂടല്‍മഞ്ഞ്: നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

Posted on: September 7, 2017 9:06 am | Last updated: September 7, 2017 at 1:22 pm

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട ഏഴ് വിമാനങ്ങള്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വഴിതിരിച്ചുവിട്ടു. അഞ്ച് രാജ്യാന്തര സര്‍വീസുകളും രണ്ട് ആഭ്യന്തര സര്‍വീസുകളുമാണ് മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടത്. കോയമ്പത്തൂര്‍, കരിപ്പൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് വഴിതിരിച്ചുവിട്ടതെന്ന് കൊച്ചി രാജ്യാന്തര വിമാനത്താവള അധികൃതര്‍ അറിയിച്ചു.

ജറ്റ് എയര്‍വേസിന്റെ ഷാര്‍ജ- കൊച്ചി വിമാനം, ഒമാന്‍ എയര്‍വേസിന്റെ മസ്‌കറ്റ്- കൊച്ചി, ഇന്‍ഡിഗോയുടെ ദുബൈ- കൊച്ചി, മസ്‌കറ്റ്- കൊച്ചി, എയര്‍ ഏഷ്യയുടെ ക്വാലലംപൂര്‍ സര്‍വീസ് എന്നിവയാണ് വഴിതിരിച്ചുവിട്ട രാജ്യാന്തര സര്‍വീസുകള്‍. ലാന്‍ഡിംഗിനെ മാത്രം ബാധിച്ചതിനാല്‍ നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളുടെ സര്‍വീസില്‍ മാറ്റങ്ങളിലില്ല. മൂടല്‍ മഞ്ഞ് മാറിയതിനെ തുടര്‍ന്ന് രാവിലെ 8.30 ഓടെ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്തു തുടങ്ങിയിട്ടുണ്ട്.