Connect with us

Articles

ജനാധിപത്യത്തിന്റെ അറുകൊല

Published

|

Last Updated

ധാല്‍ബോക്കര്‍ക്കും ഗോവിന്ദപന്‍സാരെക്കും കല്‍ബുര്‍ഗിക്കും പിറകെ ഹിന്ദുത്വ തീവ്രവാദികള്‍ ഗൗരി ലങ്കേഷിന്റെ ജീവനെടുത്തിരിക്കുന്നു. ഇതൊരു പത്രപ്രവര്‍ത്തകയുടെ മരണമല്ല, ജനാധിപത്യത്തിന്റെയും ഭരണഘടനാ തത്വങ്ങളുടെയും അറുംകൊലയാണ്. തങ്ങള്‍ക്കനഭിമതരായവരെ വെടിയുണ്ടകളുതിര്‍ത്ത് അവസാനിപ്പിക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഇരയാണ് ഗൗരിലങ്കേഷ്.

വര്‍ഗീയതക്കും അഴിമതിക്കുമെതിരെ അനുരജ്ഞനരഹിതമായ പോരാട്ടം നടത്തിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷിനെ ഒരു സംഘം അജ്ഞാതരാണ് വെടിവെച്ചുകൊന്നത്. ബൈക്കിലെത്തിയ ഘാതകര്‍ വീടിന്റെ ഗെയ്റ്റിന് സമീപം നില്‍ക്കുകയായിരുന്ന ഗൗരിക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. കഴുത്തിലും ശിരസ്സിലും നെഞ്ചിലും വെടിയേറ്റ ഗൗരി അവിടെത്തന്നെ മരിച്ചുവീണു. ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത് കാറിലെത്തിയ സംഘമാണ് ഗൗരിക്കുനേരെ തുരുതുരാ വെടിയുതിര്‍ത്തതെന്നാണ്.
അജ്ഞാതരെന്നും ഒരു സംഘം അക്രമികളെന്നും മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന ഘാതകര്‍ ആരാണ്? നരേന്ദ്രദാല്‍ബോക്കറും പന്‍സാരെയും കല്‍ബുര്‍ഗിയും ഇതിന് സമാനമായ രീതിയിലാണ് കൊല ചെയ്യപ്പെട്ടത്. ഇവരുടെയെല്ലാം കൊലപാതകത്തിലെ സമാനത ഒരുകാര്യം വ്യക്തമാക്കിത്തരുന്നു. തീവ്രഹിന്ദുത്വവാദികളാണ് ഗൗരിലങ്കേഷിനെയും അതിനിഷ്ഠൂരമായി വധിച്ചത്. ഗൗരി ലങ്കേഷ് ഹിന്ദുത്വ ഫാസിസത്തിനെതിരെ വിട്ടുവീഴ്ച ചെയ്യാത്ത പോരാട്ടമാണ് നടത്തിയത്. മരണഭയമില്ലാതെ അവര്‍ കല്‍ബുര്‍ഗിയുടെ ഘാതകര്‍ക്കു നേരെ പോരാടി. മരണം എപ്പോഴും സംഘ്പരിവാര്‍ ഘാതകരിലൂടെ കന്നുവരുമെന്ന് അവര്‍ക്കറിയാമായിരുന്നു. എന്നിട്ടും മരണത്തെ കീഴ്‌പ്പെടുത്തിയ ആത്മബോധത്തോടെ അവര്‍ പൊരുതിനിന്നു.

വ്യവസ്ഥയുടെ അധാര്‍മികതയോട് അവരെന്നും ഏറ്റുമുട്ടിയിരുന്നു. അഴിമതിക്കാരെയും അധികാരത്തിന്റെ ദുശ്ശാസനന്മാരെയും അരിഞ്ഞുവീഴ്ത്തുന്ന എഴുത്തായിരുന്നു അവരുടെ പോരാട്ടമാര്‍ഗം. സ്വന്തം പിതാവ് പി ലങ്കേഷിനെപോലെ തൂലികയായിരുന്നു പടവാള്‍. കന്നട ടാബ്ലോയ്ഡ് വാരികയായ ലങ്കേഷ് പത്രികയുടെ പത്രാധിപരായിരുന്നു. കന്നട കവിയും പത്രപ്രവര്‍ത്തകനുമായ പിതാവ് ലങ്കേഷ് തുടങ്ങിവെച്ച പത്രമാണിത്. പിതാവിനെപോലെ അഗ്രസീവായ മാധ്യമ പ്രവര്‍ത്തനത്തിന്റെ വഴിയായിരുന്നു ഗൗരിയും തെരഞ്ഞെടുത്തത്. അനീതിയോടും അധികാരജീര്‍ണതയോടും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമായിരുന്നു അവരുടെ വഴി.

2008-ല്‍ ബി ജെ പി എം പി പ്രഹ്ലാദ് ജോഷിക്കും മറ്റു നേതാക്കള്‍ക്കുമെതിരെ അഴിമതി വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെയാണ് അത്തരം നിക്ഷിപ്ത താത്പര്യക്കാരുടെ നോട്ടപ്പുള്ളിയായി ഗൗരി മാറുന്നത്. ഈ വാര്‍ത്ത മാധ്യമരംഗത്തും പൊതുസമൂഹത്തിലും ഗൗരിയെ ശ്രദ്ധേയമാക്കുകയും ചെയ്തു. ഈ വാര്‍ത്തക്കെതിരെ ബി ജെ പി നേതാക്കള്‍ ഫയല്‍ചെയ്ത മാനനഷ്ടക്കേസില്‍ അവര്‍ ശിക്ഷിക്കപ്പെട്ടിരുന്നു. ആറുമാസം തടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. പിന്നീടവര്‍ ജാമ്യത്തിലിറങ്ങി. സാമൂഹികപ്രതിബദ്ധതയും തികഞ്ഞ മതനിരപേക്ഷ ജനാധിപത്യ നിലപാടുകള്‍ക്കുവേണ്ടി നിലകൊള്ളുകയും ചെയ്ത ഗൗരി ലങ്കേഷ് ഇടതുപക്ഷ സഹയാത്രികയായിരുന്നു.

കല്‍ബുര്‍ഗിയുടെ വധത്തില്‍ പ്രതിഷേധിച്ച് കര്‍ണാടകയിലും ദേശീയതലത്തിലും ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളുടെ മുന്‍പന്തിയില്‍ ഗൗരിയുണ്ടായിരുന്നു. കല്‍ബുര്‍ഗിയുടെ കൊലപാതകത്തിന് രണ്ടു വര്‍ഷം തികഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് ഗൗരിലങ്കേഷിന്റെ നിഷ്ഠൂരമായ കൊലപാതകം നടന്നിരിക്കുന്നത്. തീവ്രഹിന്ദുത്വനിലപാടുകളെയും അന്ധവിശ്വാസങ്ങളെയും തന്റെ ലേഖനങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും ഗൗരി തുടര്‍ച്ചയായി എതിര്‍ത്തുപോന്നിരുന്നു. ഇതെല്ലാമാകാം ഹിന്ദുത്വശക്തികളുടെ ശത്രുവാക്കി അവരെ മാറ്റിയത്.
കോര്‍പ്പറേറ്റ് മൂലധനവും ഹിന്ദുത്വവും ചേര്‍ന്ന് നടത്തുന്ന ഹിംസാത്മകമായ സംഘ്പരിവാര്‍ രാഷ്ട്രീയം രാജ്യത്തിന്റെ ആത്മാവിനെതന്നെ കാര്‍ന്നുതിന്നുകയാണെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. ഹിന്ദുരാഷ്ട്രവാദത്തെ വിമര്‍ശിക്കുകയും അതിനോട് വിയോജിക്കുകയും ചെയ്യുന്നവരെ ശാരീരികമായി ഇല്ലാതാക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പൈശാചികതയാണ് ഗൗരീലങ്കേഷിന്റെ കൊലപാതക സംഭവം വെളിവാക്കുന്നത്.

മതനിരപേക്ഷതയോടും ജനാധിപത്യത്തോടും അദമ്യമായ ആഭിമുഖ്യം പുലര്‍ത്തിയ അവര്‍ മരിക്കുന്നതിന് 16 മണിക്കൂര്‍ മുമ്പ് കേരളത്തിന്റെ മതസാഹോദര്യത്തെ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പുകഴ്ത്തിയിരുന്നു. കന്യാസ്ത്രീകള്‍ തിരുവാതിര കളിക്കുന്ന ശശി തരൂര്‍ പോസ്റ്റ് ചെയ്ത വീഡിയോ ഷെയര്‍ചെയ്തു. ഇനി കേരളത്തില്‍ വരുമ്പോള്‍ ആരെങ്കിലും സ്വാദിഷ്ടമായ ബീഫ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അവര്‍ ആഗ്രഹം പ്രകടിപ്പിച്ചു. അതിനവരെ സംഘ്പരിവാര്‍ കശ്മലര്‍ അനുവദിച്ചില്ല. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അവര്‍ കുറിച്ചത്:
കേരളത്തില്‍ ഇന്ന് ഓണം ആഘോഷിക്കുകയാണ്. കേരളത്തിലെ മതസൗഹാര്‍ദത്തിന്റെ ഉദാഹരണമാണ് ഓണം. അതുകൊണ്ടാണ് അവരുടെ നാടിനെ ദൈവത്തിന്റെ സ്വന്തം നാടെന്നുവിളിക്കുന്നത്. പ്രിയപ്പെട്ട മലയാളി സുഹൃത്തുക്കളെ, നിങ്ങളുടെ മതേതര സ്പിരിറ്റ് കാത്തുസൂക്ഷിക്കണമെന്നും ഗൗരി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭ്യര്‍ഥിച്ചു. മതനിരപേക്ഷവും ജനാധിപത്യവുമാണ് രാജ്യത്തിന്റെ ആത്മാവെന്ന് അവര്‍ വിശ്വസിച്ചു. ഒരു ജനതയുടെ ആശയാദര്‍ശങ്ങളുടെ ആത്മാവിനെ രക്ഷിക്കാനുള്ള പോരാട്ടമാണ് മറ്റെന്തിനേക്കാളും പ്രധാനമെന്നും അവര്‍ സ്വന്തം ജീവിതംകൊണ്ട് കാണിച്ചുതന്നു.

രാജ്യവ്യാപകമായി സംഘ്പരിവാര്‍ ഉയര്‍ത്തുന്ന ഫാസിസ്റ്റ് ഭീഷണിക്കും ഭരണകൂട ഭീകരതക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ ഗൗരിയെ പോലുള്ളവരുടെ ജീവിതം കവരുന്നതിലൂടെ ഫാസിസ്റ്റ് വിരുദ്ധപോരാട്ടങ്ങളെ നിശബ്ദമാക്കാമെന്നാണ് സംഘ്പരിവാര്‍ വ്യാമോഹിക്കുന്നത്. ഫാസിസ്റ്റുകള്‍ ആശയത്തെയും ഭിന്നാഭിപ്രായങ്ങളെയും ആയുധംകൊണ്ട് നേരിടുന്നവരാണല്ലോ. ആശയമില്ലാത്ത ഭീരുക്കളുടെ ശക്തിഗാഥയാണ് ഫാസിസം. കയ്യൂക്കാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന ജനാധിപത്യവിരുദ്ധമായ പ്രത്യയശാസ്ത്രമാണ് നാസികളെയും ഫാസിസ്റ്റുകളെയും പോലെ ആര്‍എസ് എസിനെയും നയിക്കുന്നത്.

കര്‍ണാടകയിലും ഗോവയിലും മഹാരാഷ്ട്രയിലും തിമര്‍ത്താടുന്ന തീവ്രഹിന്ദുത്വ സംഘടനകളുടെ നോട്ടപ്പുള്ളിയായിരുന്നു ഗൗരിലങ്കേഷ്. അവരെപ്പോലെ കര്‍ണാടകയില്‍ കെ എസ് ഭഗവാനും ചേതനതീര്‍ത്ഥഹള്ളിയുമെല്ലാം സംഘ്പരിവാറിന്റെ നോട്ടപ്പുള്ളികളാണ്. ശ്രീരാമസേനയെയും സനാതന്‍സംസ്ഥയെയും പോലുള്ള ഹിന്ദുത്വ ഹൂളിഗാന്‍ സംഘങ്ങളെയും കൊലയാളി സംഘങ്ങളെയും ജനങ്ങള്‍ക്കിടയില്‍ തുറന്നുകാണിക്കുന്നതുകൊണ്ടാണ് തീവ്രഹിന്ദുത്വവാദികള്‍ ഇവരെയൊക്കെ ലക്ഷ്യമിട്ടിരിക്കുന്നത്. സംഘ്പരിവാറിനെതിരെ ശബ്ദമുയര്‍ത്തുന്ന എഴുത്തുകാരുടെയും ആക്ടിവിസ്റ്റുകളുടെയും ജീവന്‍ അപകടത്തിലാണെന്ന ഭീതിദമായ അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

എന്‍ ഐ എ അനേ്വഷിക്കുന്ന നിരവധി കൊലപാതകക്കേസുകളിലും സ്‌ഫോടനപരമ്പരകളിലും പ്രതിസ്ഥാനത്തേക്ക് വരുന്നത് സനാതന്‍സംസ്ഥ എന്ന തീവ്രഹിന്ദുത്വസംഘടനയാണ്. ഹിന്ദുരാഷ്ട്രനിര്‍മിതിക്കുള്ള ചാവേര്‍ സംഘങ്ങളായിട്ടാണ് സനാതന്‍സംസ്ഥ എന്ന തീവ്രഹിന്ദുത്വസംഘടന രൂപം കൊണ്ടിട്ടുള്ളത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ ഹിപ്‌നോട്ടിക്കല്‍ രീതികളുപയോഗിച്ച് റിക്രൂട്ട് ചെയ്യപ്പെടുന്നവരാണ് ഈ സംഘത്തിലെ ചാവേറുകള്‍. ഹിന്ദുരാഷ്ട്രമില്ലാതെ ഹിന്ദുമതവിശ്വാസം സാക്ഷാത്കരിക്കാന്‍ ആവില്ലെന്ന വിശ്വാസഭ്രാന്താണ് സനാതന്‍സംസ്ഥ അതിന്റെ അംഗങ്ങളില്‍ സൃഷ്ടിക്കുന്നത്. അപരമതങ്ങളോടും ഹിന്ദുരാഷ്ട്രത്തെ എതിര്‍ക്കുന്നവരോടും ഹിംസാത്മകമായ വിദേ്വഷവും ഉന്മാദവുമാണ് സനാതന്‍സംസ്ഥപോലുള്ള ഹിന്ദുത്വ സംഘങ്ങള്‍ വളര്‍ത്തിയെടുക്കുന്നത്. രാജ്യത്തെ ഞെട്ടിച്ച പല സംഭവങ്ങളിലും ഈ സംഘടനക്കുള്ള പങ്ക് വ്യക്തമായിട്ടും ഇത്തരം സംഘടനകളെ നിരോധിക്കാനോ അവരുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനോ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തത് ആര്‍ എസ് എസ് സമ്മര്‍ദം മൂലമാണ്.
ഗൗരിലങ്കേഷിന്റെ മരണം മാധ്യമലോകത്തിനും നമ്മുടെ ജനാധിപത്യ പ്രക്രിയക്കും വലിയ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. ജനാധിപത്യവാദികളെയാകെ അസ്വസ്ഥപ്പെടുത്തുന്നതാണ്. കര്‍ണാടകയിലെ കമ്യൂണല്‍ ഹാര്‍മണി ഫോറം പ്രവര്‍ത്തകനും ഗൗരിലങ്കേഷിന്റെ അടുത്ത സുഹൃത്തുമായ കെ എല്‍ അശോക് പറഞ്ഞതുപോലെ ഇതൊരു പത്രപ്രവര്‍ത്തകയുടെ മരണമല്ല, ജനാധിപത്യത്തിന്റെയും ഭരണഘടനാതത്വങ്ങളുടെയും അറുംകൊലയാണ്.
വര്‍ഗീയഫാസിസത്തിനെതിരെ ശബ്ദിക്കുന്ന ബുദ്ധിജീവികളെയും എഴുത്തുകാരെയും നിശബ്ദമാക്കാമെന്ന വ്യാമോഹമാണ് ഇത്തരം കൊലപാതകങ്ങളിലേക്ക് സംഘ്പരിവാര്‍ സംഘടനകളെ നയിക്കുന്നത്. ഹിന്ദു രാഷ്ട്രാഭിമാനത്തെ വിമര്‍ശിക്കുന്നവരെ വെടിയുണ്ടകള്‍ കൊണ്ട് അവസാനിപ്പിച്ചുകളയാമെന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിന് മറുപടിനല്‍കേണ്ട സന്ദര്‍ഭമാണിത്. ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ ജനാധിപത്യത്തിന്റെ ഉദ്ധതമായ ശിരസ്സുകള്‍ ഉയരേണ്ട സമയം. മുഷ്ടികള്‍ ഉയരേണ്ട സമയം.
ഫാസിസ്റ്റ് രാഷ്ട്രീയത്തെ മരണംവരെ ഗൗരി ലങ്കേഷ് എതിര്‍ത്തുപോന്നു. ആ പോരാട്ടത്തിലവര്‍ രക്തസാക്ഷിയായി. മരണത്തിന് തോത്പിക്കാനാവാത്ത ചരിത്രത്തിന്റെ സമരാഹ്വാനവുമായി ഗൗരിലങ്കേഷ് നമ്മളില്‍ ജീവിക്കും. സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തിനും ജനാധിപത്യത്തിനുവേണ്ടിയുള്ള അവസാനിക്കാത്ത പോരാട്ടവീര്യമായി.

Latest