Connect with us

Kerala

ഉപ്പള റെയില്‍വെ സ്റ്റേഷന് ഇപ്പോഴും അവഗണന മാത്രം

Published

|

Last Updated

ഉപ്പള: ജില്ലയിലെ മറ്റു റെയില്‍വെ സ്റ്റേഷനുകള്‍ ചെറിയ രീതിയിലെങ്കിലും വികസനചൂളം ഉയര്‍ത്തുമ്പോള്‍ ഉപ്പള റെയില്‍വെ സ്റ്റേഷന് ഇപ്പോഴും അവഗണന മാത്രം. ആര്‍ക്കും വേണ്ടാത്ത ഒരു റെയില്‍വെ സ്റ്റേഷനായി ശോചനീയാവസ്ഥയില്‍ കഴിയുന്ന ഉപ്പള റെയില്‍വെ സ്റ്റേഷനെ വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുവരുന്നതിന് നാട്ടുകാര്‍ സംഘടിക്കുന്നു. ഇതിന്റെ ഭാഗമായി റെയില്‍വെ ഉപയോക്തൃ സംഗമം നടത്തും.
ഈമാസം 11 ന് വൈകിട്ട് 4 മണിക്ക് ഉപ്പള റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നടക്കുന്ന റെയില്‍വേ ഉപയോക്തൃ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
സേവ് ഉപ്പള റെയില്‍വേ സ്‌റ്റേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പി കരുണാകരന്‍ എം പി, നളിന്‍കുമാര്‍ കട്ടീല്‍ എം പി, പിബി അബ്ദുറസാഖ് എം എല്‍ എ എന്നിവരെയും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെയും വ്യാപാരികളെയും യാത്രക്കാരെയും പങ്കെടുപ്പിച്ചാണ് സംഗമം.
മംഗല്‍പാടി, മീഞ്ച, പൈവളികെ പഞ്ചായത്തുകാരുടെ യാത്രാകേന്ദ്രമായ ഉപ്പളയില്‍ കൂടുതല്‍ വണ്ടികള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കുക, റിസര്‍വഷന്‍ സൗകര്യം ഏര്‍പ്പെടുത്തുക, റെയില്‍വേ ലൈനിനു പടിഞ്ഞാര്‍ ഭാഗത്തുള്ളവര്‍ക്കായി മേല്‍പ്പാലം-അടിപ്പാത അനുവദിക്കുക, പ്ലാറ്റ്‌ഫോം ഉയരം കൂട്ടുക തുടങ്ങിയ ആവശ്യങ്ങളുടെ നിവേദനം ജനനേതാക്കള്‍ക്ക് സമര്‍പ്പിക്കും.

യാത്രക്കാരെ ബോധവത്ക്കരിക്കുന്നതിന്റെ ഭാഗമായി നോട്ടീസ് വിതരണം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി ഹനീഫ് റെയിന്‍ബൊക്ക് നല്‍കി സേവ് ഉപ്പള റെയില്‍വേ സ്‌റ്റേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ബാലകൃഷ്ണ ഷെട്ടി നിര്‍വഹിച്ചു. അസീം മണിമുണ്ട സ്വാഗതം പറഞ്ഞു. ടി എ മൂസ, എം കെ അലി മാസ്റ്റര്‍, സുജാത ഷെട്ടി, രമണന്‍ മാസ്റ്റര്‍, എം അബ്ബാസ് ഓണന്ത, ഉമ്മര്‍ രാജാവ്, തുടങ്ങിയവര്‍ സംസാരിച്ചു.

Latest