Connect with us

Kerala

16 മക്കളുണ്ടായിട്ടും നോക്കാനാളില്ല: ദമ്പതികള്‍ക്ക് ദുരിത ജീവിതം

Published

|

Last Updated

തേഞ്ഞിപ്പലം: അഞ്ച് വിവാഹം കഴിച്ചു. മക്കള്‍ 16. എന്നിട്ടും ജീവിത സായന്തനത്തില്‍ ഒറ്റക്ക്. കൂട്ടിന് തീരാദുരിതവും. ദുരിതപര്‍വ്വം താണ്ടുന്നതിനിടയില്‍ ദമ്പതികള്‍ക്ക് തുണയായി എത്തിയത് ചേലേമ്പ്ര പഞ്ചായത്തും പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരും.
16 മക്കളുടെ പിതാവായ കോട്ടക്കല്‍ കാവതിക്കുളം സ്വദേശി കാവുങ്ങല്‍ മുഹമ്മദ് എന്ന കാക്കു (86) അവസാനമായി വിവാഹം കഴിച്ച ഭാര്യ വണ്ടൂര്‍ സ്വദേശിനി ആസ്യ (45) എന്നിവരാണ് മക്കളും ബന്ധുക്കളുമില്ലാതെ അനാഥാവസ്ഥയില്‍ കഴിയുന്നത്. കാക്കഞ്ചേരി ടൗണിലെ കെട്ടിടത്തിന് മുകളില്‍ വാടക റൂമില്‍ അവശരായി കഴിയുന്നതിനിടെയാണ് സംഭവം അറിഞ്ഞ് ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് സി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇവര്‍ക്ക് തുണയായി എത്തിയത്.
സാമ്പത്തികമായി ഉയര്‍ന്ന നിലയില്‍ കഴിഞ്ഞിരുന്ന മുഹമ്മദിന്റെ 11 ഏക്കറിലധികം വരുന്ന ഭൂമി ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ ആദ്യ ഭാര്യമാരുടെ പേരില്‍ എഴുതി നല്‍കുകയായിരുന്നുവെന്നും സ്വത്ത് മക്കള്‍ കൈക്കലാക്കിയ ശേഷം തന്നെ ഇറക്കി വിടുകയായിരുന്നുവെന്നുമാണ് മുഹമ്മദ് പറയുന്നത്. ഇപ്പോള്‍ കൂടെ കഴിയുന്ന ഭാര്യയില്‍ കോഴിക്കോട് കാക്കൂരില്‍ താമസിക്കുന്ന ഒരു മകനും തേഞ്ഞിപ്പലത്ത് താമസിക്കുന്ന ഒരു മകളും ഉണ്ട്.

എന്നാല്‍ നാട്ടുകാരില്‍ നിന്നും ലഭിക്കുന്ന സഹായം കൊണ്ടും ആസ്യ വീട്ടു ജോലി ചെയ്ത് ലഭിക്കുന്ന പണം കൊണ്ടുമാണ് വീട്ടുവാടക, മരുന്ന്, ഭക്ഷണമടക്കമുള്ള ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നത്. പ്രസവിച്ച സ്ത്രീകളെ പരിചരിക്കുന്ന ജോലിയുള്‍പ്പെടെ ചെയ്തിരുന്ന ഇവര്‍ക്ക് ലഭിച്ചിരുന്ന വരുമാനത്തില്‍ മിച്ചം വരുന്ന പണം മകന്‍ വാങ്ങി കൊണ്ട് പോകാറുള്ളതായും കിടപ്പിലായപ്പോള്‍ മക്കള്‍ സഹായിക്കാനെത്തിയില്ലെന്നും ഈ മാതാവ് പരാതിപ്പെടുന്നു. രോഗികളായ ഇവര്‍ റൂമിലേക്ക് വരുന്ന വഴി റോഡില്‍ തടഞ്ഞ് വീണ് ആസ്യക്ക് കാലിനും തലക്കും മുഹമ്മദിന് കാലിനും പരുക്കേറ്റതോടെയാണ് ഇവര്‍ കിടപ്പിലായത്.
ഇതോടെ ഭക്ഷണം പോലും ലഭിക്കാതെ ദുരിതത്തിലകപ്പെട്ട ഇവര്‍ക്ക് കാക്കഞ്ചേരിയിലെ വ്യാപാരികളും നാട്ടുകാരുമാണ് ഭക്ഷണം നല്‍കി വന്നിരുന്നത്. ഇവര്‍ കൂടുതല്‍ അവശരായതോടെ നാട്ടുകാര്‍ പഞ്ചായത്തധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
ഇതതനുസരിച്ച് ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി രാജേഷ്, പഞ്ചായത്തംഗങ്ങളായ ശ്രീജിത്ത്, മുഹമ്മദ് ഇഖ്ബാല്‍, പാലിയേറ്റീവ് ഹോം കെയറിലെ നഴ്‌സുമാരായ ഷൈനി, പ്രാര്‍ഥന എന്നിവരെത്തി പ്രാഥമിക ചികിത്സയും ഭക്ഷണവും നല്‍കി.
ഇവരെ ചികിത്സക്കായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഇന്നലെ കൊണ്ട് പോകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചിരുന്നെങ്കിലും ഇന്നലെ ആശുപത്രിയില്‍ കൊണ്ട് പോയില്ല. ആശുപത്രിയില്‍ കൊണ്ട് പോകുന്നതിനായി മക്കളെ വിവരമറിയിച്ചിരുന്നതായും മക്കള്‍ എത്താത്തതിനാലാണ് ഇന്നലെ കൊണ്ട് പോകാത്തതെന്നും ഇന്ന് വരാമെന്ന് ഉറപ്പ് നല്‍കിയതായും മക്കള്‍ എത്തിയില്ലെങ്കിലും ഇന്ന് ആശുപത്രിയില്‍ ചികിത്സക്കായി കൊണ്ട് പോകുമെന്നും പ്രസിഡന്റ് പറഞ്ഞു.
മക്കള്‍ ഏറ്റെടുക്കാത്ത പക്ഷം ചികിത്സക്ക് ശേഷം സാമൂഹിക നീതീ വകുപ്പിന് കീഴിലെ എടപ്പാളിലുള്ള വൃദ്ധസദനത്തിലേക്ക് ഇവരെ മാറ്റുമെന്നും ഇതിനായി വകുപ്പ് മന്ത്രിയുടെ അനുമതി ലഭിച്ചതായും ഗ്രാമ പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.