ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപ് വീട്ടിലെത്തി

Posted on: September 6, 2017 8:47 am | Last updated: September 6, 2017 at 2:21 pm

കൊച്ചി: അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ നടന്‍ ദിലീപ് വീട്ടിലെത്തി. ആലുവ കൊട്ടാരക്കടവിലെ പത്മസരോവരം എന്ന വീട്ടിലും ആലുവ മണപ്പുറത്തുമായിരുന്നു ചടങ്ങുകള്‍. എന്നാല്‍, സുരക്ഷാ കാരണങ്ങളാല്‍ ആലുവ മണപ്പുറത്തെ ചടങ്ങില്‍ ദിലീപിനെ പങ്കെടുപ്പിക്കില്ല. രാവിലെ ദിലീപിനെ ജയിലില്‍ നിന്ന് പുറത്തിറക്കുന്നത് കാണുന്നതിനായി വന്‍ ജനക്കൂട്ടമാണ് ജയിലിന് പുറത്ത് എത്തിയത്.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപിന് അനുമതി നല്‍കിയത്. രാവിലെ എട്ട് മുതല്‍ പത്ത് വരെയാണ് ദിലീപിന് ജയിലിന് പുറത്തിറങ്ങാന്‍ അനുമതി ലഭിച്ചത്. ആലുവ ഡിവൈഎസ്പിക്കാണ് ദിലീപിന്റെ സുരക്ഷാ ചുമതല.മൂന്ന് സിഐ മാരും സുരക്ഷാ സംഘത്തിലുണ്ട്. ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ദിലീപിന്റെ അമ്മ, ഭാര്യ കാവ്യാ മാധവന്‍, മകള്‍ മീനാക്ഷി തുടങ്ങിയ ബന്ധുക്കളെല്ലാവരും വീട്ടിലെത്തിയിരുന്നു. ദിലീപും സഹോദരങ്ങളും മകള്‍ മീനാക്ഷിയും ചടങ്ങില്‍ പങ്കെടുത്തു.