കെ എസ് ആര്‍ ടി സി അന്തര്‍ സംസ്ഥാന ബസുകള്‍ക്ക് ജനവാസമില്ലാത്ത സ്ഥലങ്ങളില്‍ സ്‌റ്റോപ്പില്ല

Posted on: September 6, 2017 8:59 am | Last updated: September 6, 2017 at 12:03 am

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയുടെ അന്തര്‍ സംസ്ഥാന ബസുകള്‍ ഇനി ജനവാസമില്ലാത്ത സ്ഥലങ്ങളില്‍ നിര്‍ത്തില്ല. പെട്രോള്‍ പമ്പുകള്‍, തിരക്കേറിയ ഭക്ഷണ ശാലകള്‍, ബസ് സ്‌റ്റേഷനുകള്‍, തിരക്കേറിയ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമേ ഇനി സ്‌റ്റോപ്പ് അനുവദിക്കൂ.
ജനവാസമില്ലാത്ത സ്ഥലങ്ങളില്‍ ഇറങ്ങണമെന്ന് ആവശ്യപ്പെടുന്ന യാത്രക്കാരെ അടുത്ത ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളിലോ, അടുത്ത ബസ്‌സ്‌റ്റേഷനിലോ മാത്രമേ സ്‌റ്റോപ്പ് അനുവദിക്കൂ എന്ന് യാത്രക്കാരെ ബോധ്യപ്പെടുത്തണമെന്നും അന്തര്‍ സംസ്ഥാന സര്‍വീസിലെ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും കെ എസ് ആര്‍ ടി സി ചീഫ് ട്രാഫിക് മാനേജര്‍ നിര്‍ദേശം നല്‍കി.
ബംഗഌരുവിന് സമീപം ചെന്നപട്ടണത്ത് കെ എസ് ആര്‍ ടി സി ബസ് സായുധസംഘം കൊള്ളയടിച്ച പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ബസുകള്‍ ഇനി നിര്‍ത്താന്‍ പാടില്ല. അത്യാവശ്യ ഘട്ടങ്ങള്‍ വരികയാണെങ്കില്‍ സമീപത്തെ ബസ് സ്‌റ്റേഷനുകളില്‍ മാത്രമേ നിര്‍ത്താവൂ, പ്രാഥമിക ആവശ്യങ്ങള്‍ക്കായി ഏതൊരു കാരണവശാലും ആളൊഴിഞ്ഞ ഇടങ്ങളില്‍ ബസ് നിര്‍ത്തരുത്. ഇക്കാര്യം യാത്രക്കാരെ പറഞ്ഞ് ബോധ്യപ്പെടുത്തണം. ഇത് പാലിക്കാന്‍ കര്‍ശന നിര്‍ദേശമാണ് ജീവനക്കാര്‍ക്ക് കെ എസ് ആര്‍ ടി സി നല്‍കിയിരിക്കുന്നത്.

അന്തര്‍ സംസ്ഥാന ബസിലേക്ക് ടിക്കറ്റ് റിസര്‍വ് ചെയ്യുമ്പോള്‍ തന്നെ യാത്രക്കാരെ ബോധ്യപ്പെടുത്തമെന്നും എല്ലാ റിസര്‍വേഷന്‍ കേന്ദ്രങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ, കേരളത്തിലെത്തുന്ന മറ്റു സംസ്ഥാനങ്ങളിലെ ബസുകള്‍ക്ക് അതാത് ജില്ലകളില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തും.

കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്കും കര്‍ണാടകത്തിലേക്കും സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് അതിര്‍ത്തിവരെ കേരള പോലീസും മറ്റിടങ്ങളില്‍ അതാതു സംസ്ഥാനങ്ങളിലെ പോലീസും സുരക്ഷ ഒരുക്കും.
ഡി ജി പിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് കര്‍ണാടകയും തമിഴ്‌നാടും സുരക്ഷ ഒരുക്കാമെന്ന് അറിയിച്ചത്.

ചെന്നപട്ടണത്ത് വെച്ച് ആളൊഴിഞ്ഞ സ്ഥലത്ത് ഡ്രൈവര്‍ പ്രാഥമിക ആവശ്യത്തിനായി കെ എസ് ആര്‍ ടി സി ബസ് നിര്‍ത്തിയപ്പോഴായിരുന്നു സായുധ സംഘം യാത്രക്കാരെ കൊള്ളയടിച്ചത്. ഈ പശ്ചാത്തലത്തിലാണ് കെ എസ് ആര്‍ ടി സി ഇത്തരത്തിലുള്ള നിര്‍ദേശം നല്‍കിയത്.