Connect with us

International

ബ്രിക്‌സ് രാഷ്ട്രങ്ങളില്‍ നിന്ന് ദാരിദ്യം തുടച്ചുനീക്കണം: പ്രധാനമന്ത്രി

Published

|

Last Updated

സിയാമെന്‍ (ചൈന): ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷ, ശുചിത്വം, വൈദഗ്ധ്യം, ലിംഗ സമത്വം, ഊര്‍ജ്ജം എന്നിവ ഉറപ്പാക്കുന്നതിന് ബ്രിക്‌സ് രാജ്യങ്ങള്‍ ദാരിദ്ര്യത്തെ തുടച്ചുനീക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബ്രിക്‌സ് ഉച്ചകോടിയുടെ പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിന്റെ വളര്‍ച്ചയും സ്ഥിരതയും ഉറപ്പുവരുത്താന്‍ സഹകരണം ശക്തിപ്പെടുത്തുന്നതിന് ബ്രിക്‌സ് ശക്തമായ ചട്ടക്കൂട് വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സോളാര്‍ എനര്‍ജി അജന്‍ഡയെ ശക്തിപ്പെടുത്തുന്നതിന് ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് അന്താരാഷ്ട്ര സോളാര്‍ അലയന്‍സുമായി സഹകരിക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഉച്ചകോടിയില്‍ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ അഞ്ച് ബ്രിക്‌സ് രാജ്യങ്ങളുടെ നേതാക്കള്‍ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിനിടെ മോഡി, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായും ബ്രസീലിയന്‍ പ്രസിഡന്‍ന്റെ് ടെമറുമായും കൂടിക്കാഴ്ച നടത്തി.

ബ്രിക്‌സ് സാംസ്‌കാരിക ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങ്, ബ്രിക്‌സ് ബിസിനസ് കൗണ്‍സിലുമായി ബ്രിക്‌സ് ലീഡേഴ്‌സ് ഡയലോഗ്, രേഖകളുടെ ഒപ്പുവയ്ക്കല്‍ എന്നിവയും ചടങ്ങില്‍ നടക്കും. ബ്രിക്‌സ് പ്ലസ് സമീപനത്തിന്റെ ഭാഗമായി ചൈന അഞ്ചു രാജ്യങ്ങളെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഈജിപ്ത്, കെനിയ, താജിക്കിസ്ഥാന്‍, മെക്‌സിക്കോ, തായ്‌ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ക്കാണ് ക്ഷണം ലഭിച്ചത്.

ബ്രിക്‌സ് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി ഇന്ന് പുലർച്ചെയാണ് ചെെനയിൽ എത്തിയത്.  ഡോക് ലാം പ്രശ്‌നത്തിന്റെ പേരില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധം പ്രതിസന്ധിയിലായ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ചൈന സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നുണ്ട്.

ഉച്ചകോടി നടക്കുന്ന സിയാമെനിലെ ഇൻറർനാഷണൽ കോൺഫറൻസ് സെൻററിൽ പ്രധാനമന്ത്രിയെ ചെെനീസ് പ്രസിഡൻറ് ഷീ ജിൻപി‌ഗ് ഹസ്തദാനം ചെയ്ത് സ്വീകരിച്ചു. ഷീ ജിന്‍പിംഗുമായി മോദി ചൊവ്വാഴ്ച  ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ജൂലൈയില്‍ ജര്‍മനിയില്‍ നടന്ന ജി – 20 ഉച്ചകോടിക്കിടെ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു.

ചൈനയില്‍ എത്തിയ മോഡിയെ ചൈനീസ് വിദേശകാര്യ ഉപമന്ത്ര കോംഗ് സുവാന്‍യു, ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ലുവോ സോഹു എന്നിവര്‍ ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്വീകരിച്ചു.