ഹജ്ജിനെത്തിയത് 23.5 ലക്ഷം ഹാജിമാര്‍

Posted on: September 3, 2017 12:51 am | Last updated: September 3, 2017 at 12:51 am

മക്ക: സഊദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ പ്രകാരം ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തിനെത്തിയത് 23, 52,122 പേര്‍. കഴിഞ്ഞ ദിവസമാണ് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ പുറത്തുവിട്ടത്. ഇതില്‍ ആറ് ലക്ഷം പേര്‍ ആഭ്യന്തര തീര്‍ഥാടകരാണ്. വിദേശ തീര്‍ഥാടകരില്‍ കപ്പല്‍ മാര്‍ഗം 14,827 പേരും, റോഡ് മാര്‍ഗം 88,855 പേരും വിമാന മാര്‍ഗം വഴി 16,48,332 പേരും ഹജ്ജിനെത്തി.

ഹജ്ജ് അനുമതി പത്രമില്ലാതെ (തസ്‌രീഹ് ) മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച 575,227 പേരെയും 251,372 വാഹനങ്ങളും പിടികൂടി തിരിച്ചയച്ചതായി സഊദി ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി മിനായില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിര്‍ദേശങ്ങള്‍ മറികടന്ന 17,362 പേരെ പിടികൂടി.
ഹാജിമാരുടെ സുരക്ഷക്കായി ഇത്തവണ വിന്യസിച്ചത് മൂന്ന് ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെയാണെന്ന് സഊദി രണാധികാരി സല്‍മാന്‍ രാജാവിന്റെ ഉപദേശകനും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനും മക്കാ ഗവര്‍ണറുമായ അമീര്‍ ഖാലിദ് ഫൈസല്‍ രാജകുമാരന്‍ മിനായില്‍ വാര്‍ത്താ സമ്മേളനത്തതില്‍ പറഞ്ഞു.