Connect with us

Kerala

കോഴിക്കോട് വിമാനത്താവളം വികസനം വരും; വലിയ വിമാനങ്ങള്‍ വൈകും

Published

|

Last Updated

കോഴിക്കോട്: കരിപ്പൂരിലെ കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിന് സാധ്യത തെളിയുന്നു. വിമാനത്താവള വികസനത്തിന് സ്ഥലമേറ്റെടുക്കാന്‍ ധാരണയായതായി അറിയുന്നു. നേരത്തെ ആവശ്യപ്പെട്ടതില്‍ നിന്ന് വ്യത്യസ്തമായി വികസനത്തിന് വേണ്ട മിനിമം ഭൂമിയായിരിക്കും അക്വയര്‍ ചെയ്യുക. അതേസമയം വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് എയര്‍പോര്‍ട്ട് അതോറിറ്റി പച്ചക്കൊടി കാണിച്ചിട്ടുണ്ടെങ്കിലും നടപ്പാകാന്‍ കാലതാമസമുണ്ടാകും. ഒരു വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന.
ഭൂമി ഏറ്റെടുക്കുന്നതിലെ തടസ്സങ്ങളും അത് നികത്തിയെടുക്കുന്നതിലുള്ള പ്രശ്‌നങ്ങളും കണക്കിലെടുത്താണ് അത്യാവശ്യം വേണ്ട ഭൂമി മാത്രം ഏറ്റെടുത്താല്‍ മതിയെന്ന തീരുമാനത്തിലെത്താന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയെ പ്രേരിപ്പിച്ചത്. വിമാനത്താവള വികസനത്തിന് പണം മുടക്കില്ലെന്ന നിലപാടിലായിരുന്നു ഇതു വരെ അതോറിറ്റി. ഈ നിഷേധാത്മക സമീപനം മാറ്റി വിമാനത്താവള വികസനത്തിന് 1000 കോടി രൂപ മുടക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി സന്നദ്ധമായിട്ടുണ്ട്. 170 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുക. നേരത്തെ 500 ഓളം ഏക്കര്‍ ഭൂമി വേണമെന്നാണ് പറഞ്ഞിരുന്നത്. പിന്നീട് അത് പകുതിയാക്കാമെന്നായി. ഭൂമി വിട്ടു കൊടുക്കുന്നവരെ പുനരധിവസിപ്പിക്കാനുള്ള 80 ഏക്കര്‍ അടക്കമാണിത്. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പരിസര വാസികളില്‍ നിന്നുണ്ടാകുന്ന എതിര്‍പ്പുകളും പരിസ്ഥിതി പ്രശ്‌നങ്ങളുമാണ് ഇത്തരത്തില്‍ ഒരു നയം മാറ്റത്തിന് കാരണം. വികസനത്തിന് ആവശ്യമായ മിനിമം സ്ഥലം എത്രയെന്ന് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാറും അതോറിറ്റിയോട് ആവവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന യോഗത്തിലാണ് വിമാനത്താവള വികസനത്തിനാവശ്യമായ സ്ഥലം ഏറ്റേടുക്കാന്‍ ധാരണയായത്.

ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍ തന്നെ അത് നികത്തി റണ്‍വെ വികസനത്തിനും മറ്റുമായി പാകപ്പെടുത്തിയെടുക്കുകയെന്നതും ശ്രമകരമായ ജോലിയാണ്. 170 ഏക്കര്‍ ഏറ്റെടുത്താല്‍ തന്നെ അത് നികത്തുന്നതിനും റണ്‍വെ വികസനമടക്കമുള്ള മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 515 ലക്ഷം ക്യൂബിക് മീറ്ററില്‍ നിര്‍മ്മാണ പ്രവര്‍ത്തി നടത്തേണ്ടി വരും. നിലം നികത്തുന്നതിന് മണ്ണെടുക്കാന്‍ കുന്നുകളും അവിടെ നിന്ന് സൗകര്യമായ റോഡുകളും ആവശ്യമായി വരും.
അതെ സമയം അനുമതി ലഭിച്ച ബോയിംഗ് 777-200 ഇനത്തിലുള്ള വിമാനങ്ങള്‍ സര്‍വ്വീസ് നടത്താനുള്ള നടപടികള്‍ക്കാണ് അതോറിറ്റി മുന്‍ഗണന നല്‍കുക. സിവില്‍ എവിയേഷന്‍ ഡയരക്ടര്‍ ജനറലും എയര്‍പോര്‍ട്ട് അതോറിറ്റിയുമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 777 -200 വിമാനങ്ങള്‍ സര്‍വ്വീസ് നടത്താന്‍ അനുമതി നല്‍കിയത്. ഏതൊക്കെ വിമാനക്കമ്പനികള്‍ക്ക് ഇത്തരം വിമാനങ്ങള്‍ സര്‍വ്വീസ് നടത്താനാകുമെന്ന് കോഴിക്കോട് വിമാനത്താവള അധികൃതര്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കയാണ്. നേരത്തെ കോഴിക്കോട് നിന്ന് സര്‍വ്വീസ് നടത്തിയിരുന്ന സഊദി എയര്‍ലൈന്‍സ്, എമിറേറ്റ്‌സ് എയര്‍ലൈന്‍ എന്നിവ മുന്നോട്ട് വരുമെന്നാണ് കരുതുന്നത്. സഊദി എയര്‍ലൈന്‍സിന് 777-200 വിമാനങ്ങള്‍ ലഭ്യമാണ്. എന്നാല്‍ എമിറേറ്റ്‌സിന്റെ പക്കല്‍ ഈ ഇനം വിമാനങ്ങള്‍ കുറച്ചേയുള്ളു. വിമാനക്കമ്പനികള്‍ തയ്യാറായാലും വലിയ വിമാനങ്ങള്‍ പറന്നുയരാന്‍ ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലുമെടുക്കുമെന്നാണ് ചുണ്ടിക്കാണിക്കപ്പെടുന്നത്.
നിലവിലുള്ള റണ്‍വേ 2850 മീറ്ററില്‍ നിന്ന് 2700 മീറ്റര്‍ ആയി കുറക്കുകയും റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ (റിസ) 90 മീറ്ററില്‍ നിന്ന് 240 മീറ്ററായി കൂട്ടുകയും വേണം. ഇത്തരം നിര്‍മ്മാണ പ്രവൃത്തികള്‍ക്കും വിമാനക്കമ്പനികളുമായും മറ്റു ബന്ധപ്പെട്ടവരുമായുമുള്ള ചര്‍ച്ചകള്‍ക്കും സമയമെടുക്കും. നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി റണ്‍വേ അടയ്ക്കുമ്പോള്‍ അതനുസരിച്ച് നിലവിലുള്ള സര്‍വ്വീസുകള്‍ പുനക്രമീകരിക്കേണ്ടതുമുണ്ട്. വിമാന സര്‍വ്വീസുകള്‍ ഉച്ചക്കു മുമ്പും രാത്രിയുമായി സജ്ജീകരിക്കേണ്ടി വരും. ഇതിനെല്ലാം എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും സിവില്‍ എവിയേഷന്‍ ഡയരക്ടറേറ്റിന്റെയും അപ്പപ്പോഴുള്ള അനുമതിയും ആവശ്യമാണ്. ഇതെല്ലാം സംസ്ഥാന സര്‍ക്കാരിന്റെയും കോഴിക്കോട്ടെ ജനപ്രതിനിധികളുടെയും സാമൂഹ്യ രാഷ്ട്രീയ നേതാക്കളുടെയും ഇടപെടലുകളെ ആശ്രയിച്ചിരിക്കുന്നു.

 

---- facebook comment plugin here -----

Latest