Connect with us

Alappuzha

മാനേജ്‌മെന്റിന്റെ പിടിവാശി; പെരുന്നാള്‍ ദിനത്തിലും നഴ്‌സിംഗ് കോളജിന് അവധിയില്ല

Published

|

Last Updated

കായംകുളം: ബലി പെരുന്നാള്‍ ദിനത്തില്‍ നഴ്‌സിംഗ് കോളജ് തുറന്ന് പ്രവര്‍ത്തിച്ചത് വിവാദമായി. കറ്റാനം പള്ളിക്കലിലെ ജോസഫ് മാര്‍ത്തോമാ ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സിലെ വിദ്യാര്‍ഥികള്‍ക്കാണ് മാനേജ്‌മെന്റിന്റെ പിടിവാശി കാരണം പെരുന്നാള്‍ ദിനത്തിലും കോളജില്‍ പോകേണ്ടി വന്നത്. 30 ശതമാനത്തിലധികം മുസ്‌ലിം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനമാണിത്. മറ്റ് ജില്ലകളില്‍ നിന്നുള്ള ഹോസ്റ്റല്‍ വിദ്യാര്‍ഥികളെയടക്കം വീട്ടില്‍ പോകാനനുവദിക്കാത്തത് കാരണം വടക്കന്‍ ജില്ലകളില്‍ നിന്നുള്‍പ്പടെയുള്ളവര്‍ക്കാര്‍ക്കും പെരുന്നാള്‍ ദിനം വീട്ടിലെത്താന്‍ കഴിഞ്ഞില്ല. രക്ഷിതാക്കള്‍ എത്തിയപ്പോള്‍ ക്ലാസ് ഇല്ലായെന്നും ഫാര്‍മസി കൗണ്‍സിലിന്റെ പരിശോധന നടക്കുകയാണെന്നുമുള്ള മറുപടിയാണ് കോളജ് അധികൃതരുടെ ഭാഗത്തു നിന്നും ലഭിച്ചത്.

എന്നാല്‍ കോളജ് അഡ്മിനിസ്‌ട്രേറ്റര്‍ കോളജിന്റെ തീരുമാനത്തെ ന്യായീകരിക്കുകയാണുണ്ടായത്. തങ്ങളുടേത് ക്രിസ്ത്യന്‍ മാനേജ്‌മെന്റ് ആണെന്നും അവധി ദിനങ്ങള്‍ തീരുമാനിക്കാനുള്ള അധികാരം കോളജ് അധികൃതര്‍ക്ക് മാത്രമാണെന്നും ഫാദര്‍ ജോണ്‍സണ്‍ മാത്യു രക്ഷാകര്‍ത്താക്കളോട് പറഞ്ഞു. അടുത്ത വര്‍ഷം മുതല്‍ മുസ്‌ലിം കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കില്ല എന്നതുള്‍പ്പടെയുള്ള ജോണ്‍സണ്‍ മാത്യുവിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെയും കോളജ് നടപടിക്കെതിരെയും ക്യാമ്പസ് ഫ്രണ്ട് വള്ളികുന്നം പോലീസില്‍ പരാതി നല്‍കി. ഇത് കൂടാതെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ക്കും പരാതി നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

---- facebook comment plugin here -----

Latest