Connect with us

Ongoing News

സമര്‍പ്പണ സന്ദേശം ജീവിത വ്രതമാക്കുക: നേതാക്കള്‍

Published

|

Last Updated

കോഴിക്കോട്: ബലിപെരുന്നാളിന്റെ സമര്‍പ്പണ സന്ദേശം വിശ്വാസികള്‍ ജീവിതവ്രതമാക്കണമെന്ന് സുന്നി സംഘടനാ നേതാക്കള്‍ ഈദ് സന്ദേശത്തില്‍ ഉദ്‌ബോധിപ്പിച്ചു. പലവിധ പരീക്ഷണങ്ങള്‍ക്കും വിശ്വാസികള്‍ വിധേയമാകുമെന്നും അപ്പോഴെല്ലാം അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ച് ജീവിക്കുകയാണ് വേണ്ടതെന്നുമാണ് ഇബ്‌റാഹീം നബി(അ)യുടെ ചരിത്രം നല്‍കുന്ന പാഠമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് റഈസുല്‍ ഉലമാ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.

പ്രയാസങ്ങളില്‍ ക്ഷമിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ സഹായമുണ്ടാകുമെന്ന് ഇബ്‌റാഹീം നബിയുടെ കുടുംബത്തിന്റെ അനുഭവത്തില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. സത്യം മുറുകെപ്പിടിച്ച് ജീവിക്കുകയും എല്ലാവരോടും നന്‍മയില്‍ വര്‍ത്തിക്കുകയും വേണം. ഖുര്‍ആനിനും പ്രവാചകചര്യക്കും വിരുദ്ധമായതൊന്നും മുസ്‌ലിമിന്റെ ജീവിതത്തില്‍ സംഭവിക്കരുത്. കാരുണ്യമുള്ള മനസ്സുണ്ടാകുകയും അത് ജീവിതത്തിലേക്ക് കൊണ്ടുവരികയും വേണം. കഷ്ടപ്പെടുന്നവരോടും വേദനിക്കുന്നവരോടും കൃപയോടെ വര്‍ത്തിക്കാന്‍ കഴിയണം. സ്രഷ്ടാവായ അല്ലാഹു നമ്മോട് കാണിക്കുന്ന കാരുണ്യം സഹജീവികള്‍ക്ക് പകര്‍ന്നു നല്‍കുന്നവനാണ് യഥാര്‍ഥ വിശ്വാസി. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പൂര്‍ണമായി അനുസരിച്ച് വിജയിക്കാനുള്ള അവസരമായാണ് ഈദ് ആഘോഷത്തെയും കാണേണ്ടതെന്നും റഈസുല്‍ ഉലമാ പറഞ്ഞു.

കാന്തപുരം
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതമനുഭവിക്കുന്ന ജന വിഭാഗങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാനും സഹായങ്ങളെത്തിക്കാനും ബലി പെരുന്നാള്‍ സുദിനം പ്രയോജനപ്പെടുത്തണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു. പലയിടങ്ങളിലും സംഘര്‍ഷഭരിതമാണ് വിശ്വാസികളുടെ ജീവിതങ്ങള്‍. നമ്മുടെ പ്രാര്‍ഥനകളില്‍ അവരുണ്ടാകണം. സഹായ ഹസ്തങ്ങള്‍ എല്ലാവരിലേക്കുമെത്തണം. കുടുംബങ്ങളിലും അയല്‍വീടുകളിലും പോയി ബന്ധങ്ങള്‍ ദൃഢമാക്കണം. സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും അനുപമമായ ഒത്തുചേരലാണ് പെരുന്നാളിലൂടെ നടക്കുന്നത്. വിവിധ രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ലോകത്ത് ജീവിക്കുന്ന വിശ്വാസികള്‍ എല്ലാ വ്യത്യാസങ്ങള്‍ക്കുമപ്പുറം ഒരേ മന്ത്രവും വസ്ത്രധാരണവും ചുവടു വെപ്പുകളുമായി ഹജ്ജ് കര്‍മം നിര്‍വഹിക്കുന്ന സന്ദര്‍ഭമാണിത്. ഹജ്ജിന്റെയും ബലി പെരുന്നാളിന്റെയും പിന്നിലുള്ള മതപരമായ താത്പര്യം സദാ സ്രഷ്ടാവിന് വഴിപ്പെട്ടുകൊണ്ട് ജീവിച്ച ഇബ്‌റാഹീം നബിയെയും കുടുംബത്തെയും അനുസ്മരിക്കുക എന്നതാണ്. ജീവിതം സാര്‍ഥകമാക്കിയവരെ അല്ലാഹു എത്രത്തോളം പരിഗണിക്കുന്നു എന്നുകൂടി ഹജ്ജ് കര്‍മം ഉണര്‍ത്തുന്നു. ലോകത്തുള്ള രണ്ടു മില്ല്യനിലധികം ജനങ്ങള്‍ സംഗമിച്ച് ഹജ്ജ് നിര്‍വഹിക്കുമ്പോള്‍ മാനവികതയുടെയും ഐക്യത്തിന്റേയും ഉദാത്തമായ ആവിഷ്‌കാരമാണ് സംഭവിക്കുന്നത്-കാന്തപുരം പറഞ്ഞു.

കേരള മുസ്‌ലിം ജമാഅത്ത്
ബലി പെരുന്നാള്‍ മാനവികതയുടെ ഉജ്ജ്വല സന്ദേശമാണ് വിളംബരപ്പെടുത്തുന്നതെന്ന് കേരളാ മുസ്‌ലിം ജമാഅത്ത് ഈദ് സന്ദേശത്തില്‍ പറഞ്ഞു. വിശ്വപ്രസിദ്ധമായ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ വാര്‍ഷികം കൂടിയാണ് ബലി പെരുന്നാള്‍. പ്രവാചക തിരുമേനിയുടെ അറഫാ-മിനാ പ്രഭാഷണങ്ങള്‍ പ്രസിദ്ധമാണ്. തന്റെ അവസാന ഹജ്ജ് വേളയില്‍ ഏതൊരാളുടെയും പൗരാവകാശസംരക്ഷണം അവിടുന്ന് എടുത്ത് പറഞ്ഞിട്ടുണ്ട്. വിശ്വമാനവികതയായിരുന്നു അതില്‍ നിറഞ്ഞു നിന്നിരുന്നത്. ശരീരവും സമ്പത്തും മാത്രം സംരക്ഷിതമായാല്‍ പോരാ ഏതൊരാളുടെയും അഭിമാനവും കൂടി സംരക്ഷിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് പ്രഖ്യാപനത്തില്‍ അവിടുന്ന് അരുള്‍ ചെയ്തിട്ടുണ്ട്. തന്റെ ജീവിതത്തിലുടനീളം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളുടെ സംഗ്രഹമായിരുന്നു അവിടുത്തെ പ്രഭാഷണങ്ങള്‍. തൊഴിലാളീ വര്‍ഗത്തിന്റെയും സ്ത്രീ സമൂഹത്തിന്റെയും അവകാശങ്ങളെപ്പറ്റി പ്രവാചകന്‍ പരാമര്‍ശിച്ചു. ചൂഷണാധിഷ്ഠിത സാമ്പത്തികക്രമത്തേയും പ്രതികാര ദാഹ ത്തെയും അവിടുന്ന് നിഷ്‌കരുണം എതിര്‍ത്തു. മനുഷ്യരെല്ലാവരുമൊന്നാണെന്നും വംശീയതയും വര്‍ഗീയതയും അന്തകവിത്തുകളാണെന്നും അവിടുന്ന് ഉണര്‍ത്തി. ഈ മഹത്തായ പ്രഖ്യാപനത്തിന്റെ പ്രബോധകരാകാനും ഹാജറില്ലാത്തവരിലേക്ക് സന്ദേശം കൈമാറാനും പൊതുസമൂഹത്തേയാണ് നബി(സ്വ) അധികാരപ്പെടുത്തിയത്. ആസുരതകള്‍ അടിക്കടി അധികാരം കൈയാളാനാഗ്രഹിക്കുന്ന വര്‍ത്തമാനത്തിലും അസഹിഷ്ണുത പൊതുനിയമമായി രൂപാന്തരപ്പെടുത്തുന്ന കലികാലത്തിലും ബലിപെരുന്നാളിന്റെ യഥാര്‍ഥ സന്ദേശം നെഞ്ചേറ്റി തുടര്‍ജീവിതം പൂര്‍വോപരിയായി സൗഹാര്‍ദത്തിലും മുന്നോട്ട് കൊണ്ടു പോകാന്‍ എല്ലാവരും തയ്യാറാകണമെന്നും കേരളാ മുസ്‌ലിം ജമാഅത്ത് ഈദ് സന്ദേശത്തില്‍ ഉദ്‌ബോധിപ്പിച്ചു.

എസ് വൈ എസ്
മാനവ സൗഹൃദം ചരിത്രത്തിലെ ഏറ്റവും കടുത്ത വെല്ലുവിളി നേരിടുന്ന സന്ദര്‍ഭത്തില്‍ വിശാല സൗഹൃദത്തിന്റെ നിസ്തുല മാതൃകള്‍ ലോകത്തിന് സമര്‍പ്പിക്കാനായിരിക്കട്ടെ വിശ്വാസികളുടെ പോരാട്ടമെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയും ജനറല്‍ സെക്രട്ടറി മജീദ് കക്കാടും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. മാനവിക ഐക്യത്തിന്റെ നിസ്തുല സന്ദേശമാണ് ബലിപെരുന്നാളിന്റെ ആഹ്വാനം. മഹാനായ പ്രവാചകന്‍ ഇബ്‌റാഹീം നബിയുടെയും പ്രിയസഖി ഹാജറയുടെയും മകന്‍ ഇസ്മാഈല്‍ നബിയുടെയും തിളക്കമാര്‍ന്ന സ്മരണകളാണ് ഇക്കാലത്തും നിഷ്‌കളങ്കമായ മാനവ സൗഹാര്‍ദത്തിന് കരുത്ത് പകരുന്നത്. അവരുടെ താവഴിയിലാണ് അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ്വ) വരുന്നത്. ലോകത്തിലാദ്യത്തെ മനുഷ്യാവകാശ പ്രഖ്യാപനം അറഫാമൈതാനിയില്‍ നിര്‍വഹിച്ചത് മുഹമ്മദ് നബി (സ്വ) യാണ്. യു എന്‍ മനുഷ്യാവകാശ രേഖ പഠിക്കുമ്പോള്‍ അറഫയിലെ മനുഷ്യാവകാശ രേഖ കൂടി ലോകം വിലയിരുത്തണമെന്നും എസ് വൈ എസ് നേതാക്കള്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.

എസ് ജെ എം
ദൈവിക പ്രീതിക്ക് സര്‍വവും സമര്‍പ്പിക്കണമെന്ന പ്രതിജ്ഞയുമായി വീണ്ടുമെത്തിയ ബലിപെരുന്നാളിനെ വിശ്വാസികള്‍ മതകീയ മാനത്തോടെ ആഘോഷിക്കണമെന്ന് എസ് ജെ എം പ്രസിഡന്റ് സയ്യിദ് അലി ബാഫഖിയും ജനറല്‍ സെക്രട്ടറി തെന്നല കുഞ്ഞലവി ഫൈസിയും ട്രഷറര്‍ വി പി എം ഫൈസി വില്യാപ്പള്ളിയും ഈദ് സന്ദേശത്തില്‍ ഉണര്‍ത്തി
ഖലീല്‍ തങ്ങള്‍
ജീവിതത്തിലെ പാകപ്പിഴവുകള്‍ തിരുത്തി തെളിമയോടെ ജീവിക്കാനും നന്മയും സന്തോഷങ്ങളും സഹജീവികള്‍ക്ക് കൂടി പകര്‍ന്നുനല്‍കാനുമാണ് ആഘോഷവേളകളെ ഉപയോഗപ്പെടുത്തേണ്ടതെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി പറഞ്ഞു. അരുതായ്മകള്‍ക്കായി മാറ്റിവെക്കേണ്ടതല്ല ആഘോഷവേളകള്‍. മാനവിക ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് നന്മയുടെയും സന്തോഷത്തിന്റെയും പുതിയ ലോകത്തേക്കുള്ള ചുവടുവെപ്പുകളായി മാറണം ഓരോ വിശുദ്ധ ദിനങ്ങളെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

---- facebook comment plugin here -----

Latest