നോട്ട് നിരോധനം: പ്രധാനമന്ത്രിയോട് 14 ചോദ്യങ്ങളുമായി യെച്ചൂരി

Posted on: September 1, 2017 8:25 am | Last updated: September 1, 2017 at 10:00 am

ന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ടുകല്‍ 99 ശതമാനവും തിരിച്ചെത്തിയെന്ന റിസര്‍വ് ബേങ്കിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ കേന്ദ്രസര്‍ക്കാറിനോട് 14 ചോദ്യങ്ങളുമായി സി പി എം. ആര്‍ ബി ഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രി 14 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് നോട്ടുനിരോധമെന്നും വിഷയത്തില്‍ രാജ്യത്തെ ജനങ്ങളോട് നരേന്ദ്രമോദി മാപ്പുപറയണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

ആരാണ് നോട്ട് മാറ്റത്തിന്റെ ഉത്തരവാദി പ്രധാനമന്ത്രിയാണോ? തെറ്റായ സാമ്പത്തിക നീക്കത്തെ എതിര്‍ത്തത് കൊണ്ടാണോ റിസര്‍വ് ബേങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജനെ മാറ്റിയത്? നൂറിലേറെ സാധാരണക്കാര്‍ എ ടി എം കൗണ്ടറുകള്‍ക്ക് മുന്നില്‍ ക്യൂ നിന്ന് മരിച്ച സംഭവങ്ങളില്‍ എന്ത് കൊണ്ട് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ല? പശ്ചിമ ബംഗാളിലടക്കം നിരവധി ബി ജെ പി നേതാക്കള്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് മുമ്പ് വലിയതോതില്‍ പണം ബേങ്കുകളില്‍ നിക്ഷേപിച്ചു. ഇത് വഴി വന്‍ സാമ്പത്തിക തട്ടിപ്പാണോ നടന്നത്? തുടങ്ങിയ പതിനാല് ചോദ്യങ്ങള്‍ക്ക് ഉത്തരം വേണമെന്നാവശ്യപ്പെട്ടാണ് സിതാറാം യെച്ചുരി രംഗത്തെത്തിയത്. വന്‍ ലാഭമുണ്ടാക്കിയ പേടിഎം പോലുള്ള സ്വകാര്യ കമ്പനികളുടെ പരസ്യത്തില്‍ പ്രധാനമന്ത്രി തന്നെ പ്രത്യക്ഷപ്പെട്ടു. കാര്‍ഷിക മേഖലയേയും ചെറുകിട കച്ചവടക്കാരേയും തകര്‍ത്ത നയത്തിന് സര്‍ക്കാര്‍ ഉത്തരവാദിയാണ്. അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നു. നോട്ട് നിരോധനത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ധവളപത്രത്തിന് പകരം കറുത്ത പത്രമെങ്കിലും ഇറക്കണമെന്നും യെച്ചുരി ആവശ്യപ്പെട്ടു.